അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വിദ്യാര്‍ഥികളെ വഞ്ചിച്ചതായി പരാതി
നിലമ്പൂര്‍: അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വിദ്യാര്‍ഥികളെ വഞ്ചിച്ചുവെന്നാരോപിച്ച് സ്ഥാപനത്തിനെതിരേ രക്ഷിതാവായ നിലമ്പൂര്‍ വീട്ടിക്കുത്ത് നടുപറമ്പില്‍ കെ.എം എബ്രഹാം പരാതി നല്‍കി. എറണാകുളം ടൗണ്‍ഹാളിനു സമീപത്തുള്ള ഫ്‌ളൈയിങ് ഇന്റര്‍നാഷണല്‍ കോളജ് ഓഫ് ഏവിയേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് എന്ന സ്ഥാപനത്തിനെതിരേയാണ് പൊലിസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്‌റ്റേഷന്‍ എസ്.ഐ പ്രജീഷ് ശങ്കര്‍ പറഞ്ഞു.
മധുര കാമരാജ് യൂനിവേഴ്‌സിറ്റിയുടെ ബി.ബി.എ സര്‍ട്ടിഫിക്കറ്റും മേഘാലയ സംസ്ഥാനത്തെ മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയുടെ ഏവിയേഷന്‍ കോഴ്‌സിന്റെ രണ്ട് വര്‍ഷ അസോസിയേറ്റ് ഡിഗ്രി സര്‍ട്ടിഫിക്കറ്റും ലഭിക്കുമെന്നു പറഞ്ഞാണ് സ്ഥാപനത്തില്‍ മകളെ പഠനത്തിനായി അയച്ചത്. കൂടാതെ ഐ.ഇ.എല്‍.ടി.എസ്, സ്‌പോക്കണ്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി എന്നിവയും കോഴ്‌സിന്റെ ഭാഗമായി വാഗ്ദാനം ചെയ്തിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള 30 വിദ്യാര്‍ഥികളും കോഴ്‌സിന് ചേര്‍ന്നിരുന്നു.
കോഴ്‌സിന് ചേരുന്നതിനായി 1,67,500 രൂപ ബാങ്കില്‍നിന്നു വിദ്യാഭ്യാസ വായ്പയും എടുത്തിരുന്നു. മൂന്നാം വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് സ്ഥാപനത്തിന് മധുര കാമരാജ് യൂനിവേഴ്‌സിറ്റിയുമായി ബന്ധമില്ലെന്ന കാര്യം രക്ഷിതാക്കള്‍ അറിയുന്നത്. കൂടാതെ മേഘാലയ മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റി ഏവിയേഷന്‍ കോഴ്‌സുകള്‍ ഒന്നും നടത്തുന്നുമില്ല. ഇതൊരു സ്വകാര്യ യൂനിവേഴ്‌സിറ്റിയുമാണ്. ഇതിനെതിരേ പിതാവ് പ്രതികരിച്ചപ്പോള്‍ മകളെ ഹോസ്റ്റലില്‍നിന്നു പുറത്താക്കിയതായും ആരോപണമുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ വിദ്യാര്‍ഥികള്‍ എറണാകുളം ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. തുടര്‍ന്ന് കെ.എം എബ്രഹാം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."