ഞാനിസം അനുവദിക്കില്ല
താജ്മഹലിലെ മാര്‍ബിളുകളില്‍ നിങ്ങളുടെ പേരുകൊത്തിവയ്ക്കാം. പക്ഷേ, ഷാജഹാനെയും മുംതാസിനെയും ജനഹൃദയങ്ങളില്‍നിന്നു മായ്ച്ചുകളയാന്‍ നിങ്ങള്‍ക്കാവില്ല. കുതബ് മിനാറിന്റെ മുകളില്‍ നിങ്ങളുടെ ഫോട്ടോ നിങ്ങള്‍ക്കു കെട്ടിത്തൂക്കാം. പക്ഷേ, ഇന്ത്യയില്‍ മുകള്‍ ഭരണം ഇല്ലായിരുന്നുവെന്നു വരുത്തിത്തീര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല.
മാധ്യമങ്ങളിലെല്ലാം പരസ്യം നല്‍കി നിങ്ങളുടെ ഫോട്ടോ അച്ചടിപ്പിക്കാം. പക്ഷേ, ഗുജറാത്ത് കലാപം ചരിത്രത്തില്‍നിന്ന് അപ്രത്യക്ഷമാവില്ല. ഖാദിയുടെ പരസ്യത്തില്‍ നിങ്ങളുടെ ഫോട്ടോ പതിക്കാം. പക്ഷേ, അര്‍ധനഗ്നനായ ഞങ്ങളുടെ രാഷ്ട്രപിതാവിന്റെ അരികില്‍പോലും നിങ്ങളെത്തില്ല. ഔറംഗസീബിന്റെ പേരിലുള്ള റോഡിന്റെ പേരു നിങ്ങള്‍ക്കു മാറ്റാം. പക്ഷേ, ഔറംഗസീബ് ഇന്ത്യ ഭരിച്ചിട്ടില്ലെന്നു പറയാനാകില്ല.
എഴുത്തുകാര്‍ക്കു സെന്‍സറിങ് ഏര്‍പ്പെടുത്താം. പക്ഷേ, എഴുത്തു നിര്‍ത്താന്‍ നിങ്ങള്‍ക്കാവില്ല. മതേതരത്വം ഭരണഘടനയില്‍നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കാം. പക്ഷേ, ആ ശ്രമം വിജയിക്കില്ല. എത്ര ചിരിച്ചാലും, കരഞ്ഞാലും, പറഞ്ഞാലും, ചെയ്താലും ഭാരതത്തിലെ ഐക്യം തകര്‍ക്കാനാകില്ല നിങ്ങള്‍ക്ക്. സാമൂതിരി രാജാക്കന്മാര്‍ക്കു കുഞ്ഞാലി മരയ്ക്കാന്മാര്‍ പട നയിക്കാന്‍ മുന്നില്‍ നിന്നിട്ടുണ്ടെങ്കില്‍, മമ്പുറം തങ്ങളുടെ കൂടെ കോന്തുനായരുണ്ടായിട്ടുണ്ടെങ്കില്‍, കുഞ്ഞായിന്‍ മൂസയുടെ കഥ മങ്ങാട്ടച്ചനില്ലാതെ പൂര്‍ത്തിയാകാതിരിക്കുമെങ്കില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ സ്വപ്നക്കൊട്ടാരത്തില്‍ത്തന്നെ അവശേഷിക്കും.
നേപ്പാള്‍ ഹിന്ദുരാഷ്ട്രമായിരിക്കാം. പക്ഷേ, ഭാരതത്തിലെ ഒരു ഹിന്ദുവിനെപ്പോലും അങ്ങോട്ടു പോകാന്‍ നിര്‍ബന്ധിക്കരുത്. പാകിസ്താന്‍ മുസ്‌ലിംനാമ രാഷ്ട്രമായേക്കാം. പക്ഷേ, ഭാരതത്തിലെ ഒരു മുസ്‌ലിമിനോടും അങ്ങോട്ടു പോകാന്‍ പറയാന്‍ നിങ്ങള്‍ക്കവകാശമില്ല.
ഇന്ത്യ വിഭജിച്ചപ്പോള്‍ പാകിസ്താനിലേയ്ക്കു പോകാന്‍ കഴിയാത്ത മുടന്തന്മാരായിരുന്നില്ല അന്ന് ഇവിടെ കഴിയാന്‍ തീരുമാനിച്ച ഇന്ത്യന്‍ മുസ്‌ലിംകള്‍. ഭാരതത്തിന്റെ ഐക്യം കാത്തുസൂക്ഷിച്ചവരാണവര്‍.
ക്രൈസ്തവഭരണം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലേയ്ക്കു പോകാന്‍ ഇവിടത്തെ ക്രൈസ്തവരോട് ആജ്ഞാപിക്കാതിരിക്കുക. കാരണം, അവര്‍ ഈ നാടിന്റെ മക്കളാണ്. ലോക ഭൂപടത്തില്‍ വ്യത്യസ്തതകള്‍ക്കിടയിലെ ഏകത്വമായി പ്രകാശിക്കുന്ന ഭാരതത്തിന്റെ പുഞ്ചിരി നിങ്ങള്‍ കെടുത്തിക്കളയരുത്. നമുക്കിവിടെ ഐക്യവും സൗഹാര്‍ദവുമാണു വേണ്ടത്. തല്ലിക്കെടുത്താന്‍ ശ്രമിക്കുന്നിടത്തോളം അതു ശക്തിയാര്‍ജിക്കുകയേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."