സുമനസുകളുടെ കൈത്താങ്ങുണ്ടെങ്കില്‍ ആഷിക്കിന് ജീവിതത്തിലേക്ക് മടങ്ങിവരാനാകും
നെടുമ്പാശ്ശേരി: സുമനസുകളുടെ കൈതാങ്ങുണ്ടെങ്കില്‍ ആഷിക്കിന് ജീവിതത്തിലേക്ക് മടങ്ങിവരാനാകും. അപൂര്‍വ്വ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഒന്ന് ഇരിക്കാന്‍ പോലും കഴിയാതെ കടുത്ത വേദന കടിച്ചമര്‍ത്തി ദിവസങ്ങള്‍ തള്ളിനീക്കുകയാണ് ഈ യുവാവ്. എറണാകുളം ജില്ലയിലെ കുന്നുകര പഞ്ചായത്തില്‍ തെക്കെ അടുവാശ്ശേരി കായിക്കുടം മൂന്ന് സെന്റ് കോളനിയില്‍ താമസക്കാരനായ ആഷിക്കി (28)നാണ് ഈ ദുര്‍വിധി.
വൃദ്ധയായ മാതാവും, ഭാര്യയും മൂന്ന് വയസ്സ് പ്രായമായ രണ്ട് പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഈ യുവാവ്. പിതാവ് നേരത്തേ മരണമടഞ്ഞതിനെ തുടര്‍ന്ന് ആഷിക് വര്‍ക്ക്‌ഷോപ്പിലും മറ്റുമായി ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ഇതിനിടെ എഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അസുഖം തുടങ്ങിയത്. കാലുകള്‍ നേരെ വയ്ക്കാന്‍ കഴിയാത്തതായിരുന്നു തുടക്കം. ജോയന്റുകളില്‍ അസഹനീയമായ വേദനയും. ഏറെ നാളത്തെ ചികില്‍സക്ക് ശേഷം അസുഖം ഏതാണ്ട് ഭേദമായ സ്ഥിതിയിലായി. അതിനു ശേഷം വിവാഹവും കഴിഞ്ഞു. വിവാഹ ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അസുഖം വീണ്ടും കലശലാകുകയായിരുന്നു. നാട്ടുകാരുടെയും മറ്റും സഹായം കൊണ്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ യുവാവ് ചികിത്സ നടത്തിവന്നത്. മാതാവ് വീട്ട് വേല ചെയ്താണ് കുടുംബം കഴിയുന്നത്.
നടുവളച്ച് ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഈ യുവാവ്. കാലുകള്‍ ചേര്‍ത്ത് വയ്ക്കാനും കഴിയാത്ത നിലയിലാണ്. കട്ടിലില്‍ നിന്നും ആരുടെയെങ്കിലും സഹായത്താല്‍ എഴുന്നേറ്റാല്‍ അല്‍പസമയം നില്‍ക്കാന്‍ മാത്രം കഴിയും. പല ടെസ്റ്റുകള്‍ നടത്തിയെങ്കിലും അസുഖം കൃത്യമായി കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. അടുത്തിടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് അസുഖം മനസ്സിലാക്കാനായത്. ശരീരത്തിലെ ജോയിന്റുകളിലെ ലൂബ്രിക്കേഷന്‍ നഷ്ടപ്പെട്ട് എല്ലുകള്‍ ഒട്ടിപ്പോകുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗത്തിന് അടിമയാണ് ഈ യുവാവ്.
രോഗം മൂര്‍ച്ഛിച്ചാല്‍ മറ്റ് ജോയന്റുകളും ഒട്ടിചേര്‍ന്ന് അനക്കാന്‍ കഴിയാത്ത വിധം ആയി തീരുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. അടിയന്തിരമായി ഇരുഭാഗത്തെയും ഇടുപ്പെല്ലുകള്‍ മാറ്റി വച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രോഗം ബാധിക്കാതിരിക്കാനുള്ള ചികില്‍സ നടത്തുകയാണ് ഈ യുവാവിനെ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം. ഓപ്പറേഷനും ചികിത്സക്കുമായി ഏഴ് ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. നിത്യ ചിലവിന് പോലും കഷ്ടപ്പെടുന്ന ഈ കുടുംബത്തിന് ഈ തുക ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. ആഷിക്കിന്റെ ചികിത്സക്കായി അടുവാശ്ശേരി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് വി.എം ബാവക്കുഞ്ഞ് ചെയര്‍മാനും സെക്രട്ടറി ടി.എച്ച് നൗഷാദ് കണ്‍വീനറുമായി ചികിത്സാ സഹായ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ്.
രോഗം കലശലായതിനെ തുടര്‍ന്ന് ഈ മാസം 31ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഓപറേഷന്‍ തീരുമാനിച്ചിരിക്കുകയാണ്. ആഷിക്കിന്റെ ചികിത്സാ സഹായ സമിതിയുടെ പേരില്‍ കുന്നുകര യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രത്യേക അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 770702010001621, ഐ.എഫ്.എസ്.സി കോഡ് യു.ബി.ഐ.എന്‍ 0577073.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."