ആര്.എസ്.എസ് ക്യാംപ് നടന്ന സ്കൂളിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
കാഞ്ഞിരപ്പള്ളി: ആര്.എസ്.എസ് ക്യാംപ് നടന്ന ശ്രേയസ് പബ്ലിക് സ്കൂളിലേക്കു ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
രണ്ടു പൊലിസുകാര്‍ക്കും മൂന്നു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.കണ്ണിനു പരുക്കേറ്റ കെ.എ.പി അഞ്ചാം ബറ്റാലിയനിലെ സി.പി.ഒ മിഥുനെ (27) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊന്‍കുന്നം പൊലിസ് സ്റ്റേഷനിലെ വനിതാ സി.പി.ഒ ലക്ഷ്മി രാജിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കിയ ശേഷം വിട്ടയച്ചു.
പരുക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അജു(23), ശരണ്‍ (21), അജയന് (19) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30 ഓടെയാണ് മാര്‍ച്ച് ആരംഭിച്ചത്. ശ്രേയസ് പബ്ളിക് സ്കൂള്‍ ആര്.എസ്.എസിന്റെ ആയുധപുരയാക്കാന് മാനേജ്മെന്റ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. ശാന്തി നികേതന്‍ ആശുപത്രിക്കു മുന്നില്‍ മാര്‍ച്ച് തടഞ്ഞതോടെ പൊലിസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമായി. പിന്നീട് സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു.
ഇതിനിടെയുണ്ടായ കല്ലേറിലാണ് പൊലിസുകാരനായ മിഥിനു പരുക്കേറ്റത്. ഇതിനിടെ മൂന്നു എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനില്‍ കൊണ്ടുവന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ ദേശീയ പാത ഉപരോധിച്ചു.
തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സ്റ്റേഷന് കവാടത്തില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയും സ്റ്റേഷനിലെ ഒരു ജനല്‍ച്ചില്ലും പൊട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."