ഗാംബിയ പ്രസിഡന്റിന്റെ കാലാവധി പാര്‍ലമെന്റ് നീട്ടി
ബംജൂള്‍: പ്രസിഡന്റ് യഹ്‌യ ജമ്മാഹിന്റെ കാലാവധി മൂന്നുമാസത്തേക്കു കൂടി നീട്ടി ഗാംബിയന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കി. കഴിഞ്ഞ ദിവസം അദ്ദേഹം രാജ്യത്ത് മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടുപിറകെയാണിത്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഡാമാ ബാരോവിനോട് പരാജയപ്പെട്ട ജമ്മാഹിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കില്ലെന്നു പറഞ്ഞു നേരത്തെ തന്നെ രംഗത്തെത്തിയ ജമ്മാഹ് കാലാവധി തീരുന്നതിനു തൊട്ടുമുന്‍പ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ 22 വര്‍ഷം തുടര്‍ച്ചയായി ഗാംബിയയുടെ പ്രസിഡന്റാണ് യഹ്‌യ ജമ്മാഹ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടന്‍ പരാജയം അംഗീകരിച്ച് സര്‍ക്കാര്‍ ടെലിവിഷനില്‍ അദ്ദേഹം രംഗത്തെത്തിയിരുന്നെങ്കിലും ഒരു ആഴ്ചയ്ക്കു ശേഷം നിലപാട് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു ജമ്മാഹ് പരാജയം തള്ളിക്കളഞ്ഞത്. തുടര്‍ന്ന്, പദവിയില്‍ നിന്ന് ഒഴിഞ്ഞില്ലെങ്കില്‍ സൈന്യത്തെ അയക്കുമെന്ന് പശ്ചിമ ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ സമിതിയായ ഇ.സി.ഒ.ഡബ്ല്യു.എ.എസ് ഭീഷണിപ്പെടുത്തി. നിയുക്ത പ്രസിഡന്റ് അഡാമാ ബാരോ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് അയല്‍രാജ്യമായ സെനഗലില്‍ അഭയംതേടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."