'പണയപ്പൊന്നിന്റെ' താളം കവര്‍ന്ന് വിധിയുടെ പരീക്ഷണം
കണ്ണൂര്‍: പണക്കൊഴുപ്പിന്റെ നടനവേദിയില്‍ അരുണ്‍ അശോകിന്റെ ചിലങ്കകള്‍ക്ക് 'പണയപ്പൊന്നിന്റെ' താളമായിരുന്നു. ആകെയുള്ള മാലയും വളയും പണയപ്പെടുത്തിയ അമ്മമനസിന്റെ നന്മയില്‍ നടനവേദിയിലെത്തിയ അരുണിന് നേരിടേണ്ടിവന്നത് വിധിയുടെ പരീക്ഷണം. ഭരതനാട്യത്തിനിടെ സി.ഡി നിലച്ച് പാട്ടില്ലാതെ മകന്‍ ചുവടു വച്ചപ്പോള്‍ സദസിലിരുന്ന് ഉള്ളുരുകി കരഞ്ഞ മാതാപിതാക്കള്‍ക്ക് ഇപ്പോഴും കണ്ണീര്‍തോരുന്നില്ല.
കാസര്‍കോട് രാവണീശ്വരത്തെ അശോകനും ഭാര്യ രജനിയും കൂലിപ്പണിയെടുത്തു സ്വരുക്കൂട്ടിവച്ച സ്വപ്‌നമാണ് മകന്റെ നടനവേദിയിലെ വിജയം. ഹൈസ്‌കൂള്‍ പഠനകാലത്ത് ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും സംസ്ഥാന കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടി അവരുടെ സ്വപ്‌നങ്ങള്‍ക്ക് അരുണ്‍ നിറംപകര്‍ന്നിരുന്നു. ഇപ്പോള്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ഇത്തവണ ഭരതനാട്യമത്സരത്തില്‍ വിജയപ്രതീക്ഷയിലായിരുന്നു അരുണ്‍. എന്നാല്‍ മത്സരത്തിനിടെ സാങ്കേതിക തകരാറില്‍ പാട്ട് നിലച്ചു. പാട്ടില്ലാതെ അരുണ്‍ വേദിയില്‍ നടനം പൂര്‍ത്തിയാക്കി.
പരാതിയെ തുടര്‍ന്ന് വീണ്ടും അവസരം നല്‍കിയെങ്കിലും എ ഗ്രേഡ് മാത്രമാണ് ലഭിച്ചത്. സാങ്കേതിക തകരാര്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഒന്നാംസ്ഥാനം ഉറപ്പായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇത്തവണ കുച്ചുപ്പുടിയിലും നാടോടിനൃത്തത്തിലും അരുണ്‍ അശോകിന് മത്സരിക്കാനുണ്ട്.
ഉപജില്ലാ തലത്തിലും ജില്ലാതലത്തിലും നടനവേദിയില്‍ തിളങ്ങിയ മകനെ എങ്ങനെ സംസ്ഥാന കലോത്സവവേദിയില്‍ എത്തിക്കുമെന്ന വിഷമത്തിലായിരുന്നു അശോകനും രജനിയും. മറ്റുവഴികളില്ലാതെ വന്നപ്പോള്‍ രജനിയുടെ സ്വര്‍ണം പണയപ്പെടുത്തി. കുടുംബം പുലര്‍ത്താന്‍ പാടുപെടുന്ന മാതാപിതാക്കള്‍ക്ക് മറ്റു വഴികളില്ലായിരുന്നു. ഇല്ലായ്മകളെ തോല്‍പ്പിച്ച് മകനെ ഇത്രത്തോളം വളര്‍ത്തിയ മാതാപിതാക്കളുടെ മുന്നില്‍ മകന്റെ കലാരംഗത്തെ ഭാവി വലിയ ചോദ്യചിഹ്നമാണ്. അരുണിന്റെ അനുജന്‍ അര്‍ജുന്‍ അശോകിന് തബലയില്‍ നല്ല കൈവഴക്കമുണ്ട്. ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡ് നേടുകയും ചെയ്തിരുന്നു.
മക്കളെ ഇതുവരെ കലാവഴിയിലൂടെ കൈപിടിച്ച് നടത്തിയതിന്റെ കടങ്ങള്‍ ഏറെ വീട്ടാനുണ്ട്. അതിനിടയില്‍ ഇനിയുമെങ്ങനെ അരുണ്‍ ചിലങ്കകെട്ടുമെന്നതും അര്‍ജുന്‍ എങ്ങനെ തബലയില്‍ താളം തീര്‍ക്കുമെന്നതും വലിയ ചോദ്യമായി ഇവരെ തുറിച്ചുനോക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."