കൂറ്റനാട് അഞ്ചു പശുക്കള്‍ പേയിളകി ചത്തു
കൂറ്റനാട്: കൂറ്റനാട് മേഖലയില്‍ പേവിഷബാധയുടെ ലക്ഷണങ്ങളുമായി നാലു ദിവസത്തിനുള്ളില്‍ അഞ്ച് പശുക്കള്‍ ചത്തു. കോടനാട് ഹംസ, കോടനാട് കണക്കറായി, ആമക്കാവ് നമ്മിണിപ്പറമ്പ് അശോകന്‍, കിളിവാലന്‍കുന്ന് താമി, കൂറ്റനാട് ഉല്ലാസ് നഗറില്‍ പുളിക്കലകത്ത് അമ്മു അമ്മ എന്നിവരുടെ പശുക്കളാണ് പേയിളകി ചത്തത്.
പശുക്കളെ പരിശോധിച്ചപ്പോള്‍ പേയുടെ ലക്ഷണമുണ്ടെന്ന് കണ്ടത്തിയിരുന്നു. സാധാരണ പേവിഷബാധയേറ്റ നായയുടെ കടിയേറ്റാല്‍ പതിനാലു ദിവസം മുതല്‍ രണ്ടു മാസം വരെയുള്ള കാലയളവിലാണ് പേവിഷബാധ പ്രകടമാകുക. പേവിഷബാധ മൂര്‍ഛിച്ചാല്‍ അഞ്ചോ ആറോ ദിവസത്തിനകം അന്ത്യം സംഭവിക്കും.
തിളപ്പിക്കാത്ത പാലിലൂടെയും ഉമിനീരിലൂടെയും ശ്രവങ്ങളിലൂടെയുമാണ് ഇതിന്റെ അണുക്കള്‍ പടരുക. അതു കൊണ്ട് പശുവിന്‍പാല്‍ തിളപ്പിച്ചു മാത്രമെ ഉപയോഗിക്കാവൂ എന്നാണ് മൃഗഡോക്ടറുമാരുടെ ഉപദേശം. പശുവിന്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം. തീറ്റയെടുക്കാതെയിരിക്കുക, ഉമിനീര്‍ ഒലിപ്പിക്കുക, കൈകാലുകള്‍ തറയില്‍ ഉരച്ചു കൊണ്ടിരിക്കുക, മണ്ണു തിന്നുക, ഇടവിട്ട് മൂത്രമൊഴിക്കുക, അക്രമ സ്വഭാവം കാണിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."