മലബാര്‍ മെഡിക്കല്‍ കോളജ് ഹെല്‍ത്ത് കാര്‍ഡ് വിതരണം
കോഴിക്കോട്: മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് പുതിയ ആരോഗ്യ പദ്ധതിയുമായി രംഗത്ത്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്കു വേണ്ടി നമ്മുടെ ആശുപത്രി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലബാര്‍ മെഡിക്കല്‍ കോളജിന്റെ ചുറ്റളവിലെ അത്തോളി, ബാലുശേരി ഉള്ള്യേരി എന്നീ പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ പെട്ട 2500ഓളം കുടുംബങ്ങളിലെ പതിനായിരത്തില്‍ പരം ആളുകള്‍ക്കാണ് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുന്നത്. വിവിധ ചികിത്സാ ആനുകൂല്യങ്ങള്‍ ഇതിലൂടെ ലഭ്യമാകും.
പദ്ധതിയുടെ ഉദ്ഘാടനം 21 ന് വൈകിട്ട് നാലിന് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ഗതാഗത മന്ത്രി എ .കെ ശശീന്ദ്രന് നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് ബ്ലഡ് ബാങ്ക് യൂനിറ്റ് എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്യും.
മറ്റ് പദ്ധതികളുടെയും സൗകര്യങ്ങളുടെയും ഉദ്ഘാടനങ്ങള്‍ പുരുഷന് കടലുണ്ടി എം.എല്‍.എ, എം മെഹബൂബ്, കെ സുരേന്ദ്രന്, ടി സിദ്ദീഖ്, മുക്കം മുഹമ്മദ്, പി.കെ.കെ ബാവ, വി.എം കുട്ടികൃഷ്ണന്, പി ഗോപാലന് കുട്ടി മാസ്റ്റര്‍ എന്നിവര്‍ നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചിറ്റൂര്‍ രവീന്ദ്രന്, കെ സുനീഷ് കുമാര്‍, ഗംഗാധരന് മാസ്റ്റര്‍, കേണല്‍ ആര്.കെ നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."