വജ്രജൂബിലി നിറവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്
കോഴിക്കോട്: മലബാറിന്റെ ഹൃദയ ഭാഗത്ത് ആതുര സേവന രംഗത്ത് നിറസാന്നിധ്യമായ മെഡിക്കല്‍ കോളജിന് അറുപത് വയസ്. കോഴിക്കോട് കടപ്പുറത്ത് ഇന്ന് പ്രവര്‍ത്തിക്കുന്ന ബീച്ച് ജനറല്‍ ആശുപത്രിയില്‍ 1957ല്‍ ആയിരുന്നു മെഡിക്കല്‍ കോളജ് ജന്മമെടുത്തത്. അക്കാലത്തെ ആരോഗ്യമന്ത്രിയായിരുന്ന ഡോ. എ.ആര്‍ മേനോന്‍, ആദ്യ പ്രിന്‍സിപ്പല്‍ ഡോ. കെ.എന്‍. പിഷാരടി എന്നിവരുടെ നേതൃത്വത്തിലാണ് ആതുരാലയത്തിന്റെ വളര്‍ച്ച സാധ്യമായത്.
നഗരത്തില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെ ചേവായൂരില്‍ മായാപറമ്പ് എന്നറിയപ്പെട്ടിരുന്ന കുന്നിന്‍മുകളില്‍ രണ്ട് വര്‍ഷത്തിന് ശേഷം കോളജ് കെട്ടിടവും പന്ത്രണ്ടു വര്‍ഷംകൊണ്ട് ഇന്നു മെഡിക്കല്‍ കോളജ് സമുച്ചയത്തില്‍ കാണുന്ന 70 ശതമാനത്തോളം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുകയായിരുന്നു. 1975 ല്‍ മാതൃശിശു ആര്യോഗ്യ വിഭാഗവും, 1982ല്‍ ദന്തവിദ്യാലയവും, 1983ല്‍ മാനസികാരോഗ്യ വിഭാഗവും ഇതിനോടനുബന്ധിച്ച് സ്ഥാപിച്ചു. ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്കുയര്‍ത്തിയത് 1992 ല്‍ നിര്‍മാണമാരംഭിച്ച് 2006 ല്‍ പൂര്‍ത്തിയായ ആശുപത്രി സമുച്ചയത്തിന്റെ പ്രവര്‍ത്തനത്തോടെയാണ്. ന്യൂറോളജി, നെഫ്രോളജി, കാര്‍ഡിയോളജി, യൂറോളജി എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി അതിനൂതനമായ ചികിത്സാ രീതികള്‍ അവലംബിച്ചായിരുന്നു സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് ആശുപത്രി ഉയര്‍ന്നത്.
ദിനേന സംസ്ഥാനത്തെ അഞ്ചില്‍ രണ്ടു ഭാഗം ജനങ്ങളും ചികിത്സയ്ക്കാശ്രയിക്കുന്നത് മലബാര്‍ മേഖലയിലെ ആദ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജെന്ന ഖ്യാതി നേടിയ ഈ ആതുരാലയത്തെയാണ്. മെഡിക്കല്‍ മേഖലയിലെ അക്കാദമിക് മികവില്‍ ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ അഞ്ചാം സ്ഥാനം ഈ കോളജിനാണ്. എല്ലാ സ്‌പെഷ്യാലിറ്റികളുമുള്ള ഈ മെഡിക്കല്‍ കോളജില്‍ മെഡിസിന്‍ വിഭാഗത്തില്‍ തന്നെ കഴിഞ്ഞവര്‍ഷം ഒന്നേകാല്‍ലക്ഷം രോഗികള്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് വിഭാഗത്തില്‍ പ്രതിവര്‍ഷം പതിനായിരത്തോളം പ്രസവം നടക്കുന്നു. 1980കളില്‍ തന്നെ ഹൃദയശസ്ത്രക്രിയകളും 1986ല്‍ കേരളത്തിലെ പ്രഥമ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടന്നത് ഇവിടെയാണ്.
എന്നാല്‍ പോരായ്മകള്‍ നിരവധിയുള്ള ഇവിടെ വകുപ്പ് തലങ്ങളില്‍ നിന്നും എം.പി, എം.എല്‍.എ ഫണ്ടുകളില്‍ നിന്നും ലഭിക്കുന്ന ധന സഹായങ്ങള്‍ വിനിയോഗിക്കുന്നില്ലെന്ന പരാതിയുണ്ട്. നിലവില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി കര്‍മ പരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്താല്‍ ആതുരാലയത്തിന് പുതു ജീവനേകാം.
ആശുപത്രി സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത കേരളത്തിന്റെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രികൂടിയായിരുന്ന ഡോ. എ.ആര്‍ മേനോന്റെ സ്മരണ നിലനിര്‍ത്തുവാന്‍ പ്രതിമയല്ലാതെ സ്മാരക മന്ദിരമില്ലാത്തതും ദു: ഖകരമായ കാര്യമാണ്.
വടക്കന്‍ കേരളത്തിലെ സാധാരണക്കാരായവര്‍ക്ക് ആശ്വാസമായ ആതുരാലയത്തിന്റെ വജ്ര ജൂബിലി സമുചിതമായി ആഘോഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി പൂര്‍ത്തിയാക്കുന്നത്.
ഏഴ് വര്‍ഷമായി പ്രവൃത്തി പൂര്‍ത്തീകരിച്ച സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത്, വാര്‍ത്താ മാധ്യമങ്ങള്‍ക്കും ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും അടിയന്തര സന്ദേശങ്ങള്‍ നല്‍കുന്നതിന് വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് സോഫ്റ്റ് വെയര്‍ സംവിധാനം സ്ഥാപിക്കുക എന്നതുള്‍പ്പെടെ അറുപതിന പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."