ഇനി ട്രംപ് യുഗം ആശങ്കയോടെ ലോകം
ലോകത്തെയും അമേരിക്കയെയും ഞെട്ടിച്ച് ഡൊണാള്‍ഡ് ട്രംപ് എന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായി ഇന്ന് അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേല്‍ക്കും. വാഷിങ്ടണ്‍ ഡി.സിയില്‍ ഉച്ചയ്ക്കാണ് സത്യപ്രതിജ്ഞ. തന്റെ പിന്‍ഗാമികളായ പ്രസിഡന്റുമാര്‍ ലോകത്ത് വരുത്തിവച്ച വിനാശത്തിനും ദുരന്തങ്ങള്‍ക്കും ഒരു പരിധിവരെ പ്രായശ്ചിത്തം ചെയ്താണ് ബരാക് ഒബാമ എട്ടുവര്‍ഷത്തെ യു.എസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറങ്ങുന്നത്.
കറുത്ത വര്‍ഗക്കാരോട് കടുത്തവിവേചനം കാണിച്ച അമേരിക്ക ഇപ്പോള്‍ ഒബാമയെ വൈറ്റ്ഹൗസില്‍ നിന്ന് യാത്രയാക്കുന്നത് കണ്ണീരോടെയാണ്. ഇന്നലെ വൈറ്റ് ഹൗസില്‍ ഒബാമ നടത്തിയ അവസാന വാര്‍ത്താസമ്മേളനത്തിലും അമേരിക്കന്‍ ജനതയിലുണ്ടായ ഈ മാറ്റം ചൂണ്ടിക്കാട്ടി. എല്ലാ വിഭാഗത്തെയും നെഞ്ചേറ്റാനുള്ള പ്രാപ്തിയിലേക്ക് ലോകത്തെ ഏറ്റവും ശക്തരായ രാജ്യത്തെ മാറ്റിയ ശേഷമാണ് ഒബാമ പടിയിറങ്ങുന്നതെന്ന് പറയാം. എന്നാല്‍, ഡൊണാള്‍ഡ് ട്രംപെന്ന പുതിയ പ്രസിഡന്റിന്റെ ഉദയത്തോടെ അമേരിക്ക വീണ്ടും ആശങ്കയിലായി. ജനങ്ങളില്‍ വര്‍ണ,വംശ വെറി പൂര്‍വാധികം ശക്തിയോടെ മറനീക്കി പുറത്തുവന്നു. ലോകരാജ്യങ്ങളില്‍ അമേരിക്കയ്ക്ക് നാണക്കേടുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചു.
ജനം അംഗീകരിക്കാത്ത ട്രംപ്
പ്രസിഡന്റായി ഒരാളെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അദ്ദേഹത്തെ അംഗീകരിക്കുകയാണ് യു.എസില്‍ പതിവു രീതി. എന്നാല്‍, ട്രംപിനെ തെരഞ്ഞെടുക്കപ്പെട്ട നവംബര്‍ 9 മുതല്‍ അമേരിക്കന്‍ തെരുവുകളില്‍ ട്രംപ് വിരുദ്ധ പ്രക്ഷോഭം അലയടിക്കുകയായിരുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ 50 സംസ്ഥാനങ്ങളിലും വൈറ്റ്ഹൗസിനു സമീപത്തും ഒരാഴ്ചയിലേറെ നീണ്ട പ്രക്ഷോഭം നടന്നു. ട്രംപിന്റെ മുസ്‌ലിം, കുടിയേറ്റ വിരുദ്ധ നയങ്ങളും മറ്റുമാണ് ജനങ്ങള്‍ എതിര്‍ക്കുന്നത്. നാലു ദിവസം മുമ്പും യു.എസിലെ പൗരാവകാശ പ്രവര്‍ത്തകന്‍ റവ. അല്‍ ഷാര്‍പ്്ടന്റെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇന്നുവരെ പ്രക്ഷോഭം തുടരുമെന്നാണ് അവര്‍ അറിയിച്ചത്.
ജനകീയ വോട്ടെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ ഭൂരിപക്ഷം നേടിയെങ്കിലും ഇലക്ടറല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ട്രംപ് പ്രസിഡന്റായത്. ഇതിനിടെ ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ ഹാക്കിങും പുറത്തുവന്നു. സി.ഐ.എ ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെ ട്രംപും ഹാക്കിങ് നടന്നത് സ്ഥിരീകരിച്ചു.
മുസ്‌ലിം
വിരുദ്ധരുടെ ടീം
വലതുപക്ഷ തീവ്രനിലപാടുകാരെയും മുസ്‌ലിം വിരുദ്ധരെയും കുത്തിനിറച്ചാണ് ട്രംപിന്റെ കാബിനറ്റ് വരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ച മൈക്കിള്‍ ഫ്‌ളിന്‍ കടുത്ത മുസ്‌ലിം വിമര്‍ശകനാണ്. മുസ്‌ലിംകളെ ഭയപ്പെടുന്നതില്‍ തെറ്റില്ലെന്നും ഇസ്‌ലാമിക ആശയങ്ങള്‍ രോഗാതുരമാണെന്നുമുള്ള ഫ്‌ളിന്നിന്റെ പ്രസ്താവനകള്‍ വന്‍ വിവാദമായിരുന്നു. മതത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ സിദ്ധാന്തമെന്നാണ് അദ്ദേഹം ഇസ്‌ലാമിനെ വിശേഷിപ്പിച്ചിരുന്നത്.
സി.ഐ.എ ഡയറക്ടര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച മൈക് പോംപിയോയും കടുത്ത മുസ്‌ലിം വിരുദ്ധനാണ്. യു.എസിലെ മുസ്‌ലിം നേതൃത്വത്തെ വിമര്‍ശിക്കുകയും ഇറാനുമായുള്ള ആണവകരാറിനെ എതിര്‍ക്കുകയും ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. അമേരിക്കയിലേക്കുള്ള മുസ്‌ലിം കുടിയേറ്റം തടയണമെന്ന് വാദിക്കുന്നയാളാണ് പുതിയ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ്. വെള്ളക്കാരുടെ ആധിപത്യം നടപ്പാക്കാന്‍ ആവശ്യപ്പെടുന്ന സ്റ്റീഫ് ബനാനിനെയാണ് നയതന്ത്ര ഉപദേഷ്ടാവായി നിയമിച്ചത്. അമേരിക്കയിലെ മുസ്‌ലിംകള്‍ക്ക് രജിസ്ട്രി ഉണ്ടാക്കാനും ട്രംപ് തീരുമാനിച്ചത് ലോകം ആശങ്കയോടെയാണ് കാണുന്നത്. സപ്തംബര്‍ 11ലെ ആക്രമണത്തിനു ശേഷം ഇത്തരം രജിസ്ട്രി പൂര്‍ണമായി നിര്‍ത്താന്‍ ഒബാമ ഉത്തരവിട്ടതിന്റെ പിന്നാലെയാണ് ട്രംപിന്റെ നിലപാട്.
ട്രംപിനെ
പാട്ടിലാക്കി പുടിന്‍
റഷ്യയുടെ സഹായത്തോടെ ജയിച്ച ട്രംപ് പുടിനോടുള്ള കൂറ് പുലര്‍ത്തുന്നതാണ് കണ്ടത്. റഷ്യയെ കുറ്റംപറയുന്നവര്‍ മണ്ടന്‍മാരാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ശീത യുദ്ധകാലത്ത് തുടങ്ങിയ യു.എസ്- സോവിയറ്റ് യൂനിയന്‍ പോരാണ് ഇരു ലോക ശക്തികളെയും രണ്ടു ചേരിയില്‍ നിര്‍ത്തിയത്. ട്രംപിനെ പുടിന്‍ പാട്ടിലാക്കിയതിലൂടെ അമേരിക്കയെ സോവിയറ്റ് യൂനിയന്‍ മാതൃകയില്‍ നശിപ്പിക്കുകയാണ് റഷ്യ സ്വപ്നം കാണുന്നതെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. റഷ്യക്കെതിരേയുള്ള ഉപരോധം പിന്‍വലിക്കുമെന്ന പുടിന്റെ പ്രഖ്യാപനം ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണ്. നാറ്റോയും റഷ്യയും രണ്ടുപക്ഷത്ത് നിലയുറപ്പിച്ചതോടെയാണ് സിറിയയില്‍ ഐ.എസിനെതിരേയുള്ള അമേരിക്കയുടെ യുദ്ധതന്ത്രം പൊളിഞ്ഞത്. ഐ.എസിനെതിരേ റഷ്യക്കും ട്രംപിനും ഒരേ നിലപാടാണ്. ഐ.എസിനെ ട്രംപിന്റെ കാലത്ത് പരാജയപ്പെടുത്താനാണ് നീക്കം. ഉസാമയെ കൊന്ന് നേട്ടമുണ്ടാക്കിയ ഒബാമയ്ക്ക് പകരമാകും ഇതെന്ന് ട്രംപ് കരുതുന്നു. ഹിലരി തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിയ ട്രംപിന്റെ റഷ്യന്‍ ബന്ധം ജനം തള്ളിയെന്നത് റഷ്യന്‍ അനുകൂല നിലപാടുള്ള ട്രംപിന് കരുത്തേകുന്നു.
അറബ് ലോകത്തിന്റെ ആശങ്ക
മുസ്‌ലിംകളില്‍ ഭീകരവാദം ആരോപിക്കുന്ന ട്രംപ് റഷ്യയും ഇസ്‌റാഈലുമായി ചേര്‍ന്ന് പുതിയ ചേരിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ജൂതവോട്ടുകളുടെ പിന്‍ബലത്തോടെയാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. യു.എസ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരില്‍ ഏറെയും ജൂതലോബിയുമാണ്. ഇവരെ ഉപയോഗിച്ച് ഇസ്‌റാഈല്‍ അനുകൂല നിലപാടുകള്‍ ട്രംപ് ഭരണകൂടം നടപ്പാക്കുമെന്നാണ് ആശങ്ക. ഫലസ്തീനിനെതിരായി യു.എന്‍ രക്ഷാസമിതി ചരിത്രപരമായ പ്രമേയം പാസാക്കിയപ്പോള്‍ ട്രംപ് പറഞ്ഞത് ജനുവരി 20 വരെ കാത്തിരിക്കാനായിരുന്നു.
പതിറ്റാണ്ടുകളായി ഇസ്‌റാഈല്‍ അനുകൂല നിലപാടെടുത്ത ഒബാമ പ്രമേയം വീറ്റോ ചെയ്യാതെ മാറിനിന്നതോടെയാണ് ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരായ പ്രമേയം പാസായത്. അമേരിക്കയുടെ ഇസ്‌റാഈലിലെ എംബസി അധിനിവേശ പ്രദേശമായ ജറൂസലമിലേക്ക് മാറ്റുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അമേരിക്കയ്ക്ക് സഊദിയുമായുള്ള ബന്ധത്തിലും വിള്ളലുണ്ടാകുമെന്നാണ് നിരീക്ഷണം. ഇന്ത്യക്ക് അനുകൂലമായ നയം ട്രംപ് നടത്തിയേക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ആയുധവ്യാപാരത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കും പാകിസ്താനും ഇടയില്‍ നേട്ടം കൊയ്യുന്ന യു.എസിന്റെ പതിവുരീതി ഇന്ത്യക്ക് അനുകൂലമാകുമോയെന്ന് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."