ദ്യോക്കോയെ അട്ടിമറിച്ച് ഇസ്റ്റോമിന്‍ നദാല്‍, സെറീന മൂന്നാം റൗണ്ടില്‍
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ കണ്ട വമ്പന്‍ അട്ടിമറികളിലൊന്നില്‍ ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ചാംപ്യനുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് രണ്ടാം റൗണ്ടില്‍ പുറത്ത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ 117ാം റാങ്കുകാരന്‍ ഉസ്‌ബെകിസ്ഥാന്റെ ഡെനിസ് ഇസ്റ്റോമിനാണ് ആറു തവണ ഇവിടെ ചാംപ്യനായ സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്. പുരുഷ സിംഗിള്‍സിലെ മറ്റു മത്സരങ്ങളില്‍ സ്‌പെയിനിന്റെ മുന്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍, മറ്റൊരു സ്പാനിഷ് താരം ഡേവിഡ് ഫെറര്‍, ഗ്രിഗറി ദിമിത്രോവ്, മിലോസ് റാവോനിക്ക് എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ്, കരോലിന്‍ വോസ്‌നിയാകി, ഏക്തറിന മകരോവ, എലേന വെസ്‌നിന എന്നിവര്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു. അതേസമയം പോളണ്ടിന്റെ ലോക മൂന്നാം നമ്പര്‍ താരം അഗ്നിയെസ്‌ക റാഡ്വന്‍സ്‌ക രണ്ടാം റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു.
തന്നേക്കാള്‍ 115 സ്ഥാനം മുന്നിലുള്ള ഇസ്റ്റോമില്‍ നിന്നു ദ്യോക്കോവിച് കടുത്ത പോരാട്ടമാണ് നേരിട്ടത്. നാലു മണിക്കൂറും 48 മിനുട്ടും നീണ്ട മത്സരത്തിലാണ് ദ്യോക്കോ അട്ടിമറിക്കപ്പെട്ടത്. സ്‌കോര്‍: 7-6 (10-8), 5-7, 2-6, 7-6 (7-5), 6-4. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളില്‍ സെര്‍ബിയന്‍ താരത്തിനു തിരിച്ചടിക്കാന്‍ സാധിച്ചെങ്കിലും എതിരാളിയുടെ പെരുമ വകവയ്ക്കാതെ പൊരുതിയ ഉസ്‌ബെക് താരം അവസാന രണ്ടു സെറ്റുകളിലും വ്യക്തമായ അധിപത്യം പുലര്‍ത്തിയാണ് വിജയം സ്വന്തമാക്കിയത്.
2006ലെ ആസ്‌ത്രേലിയന്‍ ഓപണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായ ശേഷം ദ്യോക്കോ മെല്‍ബണ്‍ പാര്‍ക്കില്‍ ആദ്യമായാണ് ഇത്തരമൊരു പുറത്താകല്‍ നേരിടുന്നത്. 2008 വിംബിള്‍ഡണിനു ശേഷം ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ ദ്യോക്കോവിച് പുറത്താകുന്നതും ആദ്യമാണ്.
മുന്‍ ചാംപ്യനും ലോക ഒന്നാം നമ്പറുമായിരുന്ന സ്പാനിഷ് താരം റാഫേല്‍ നദാല്‍ സൈപ്രസ് താരം മാര്‍ക്കോ ബാഗ്ദതിസിനെ കീഴടക്കിയാണ് മൂന്നാം റൗണ്ടിലേക്ക് കടന്നത്. മൂന്നു സെറ്റു നീണ്ട മത്സരത്തില്‍ എതിരാളിക്ക് ഒരു പഴുതും അനുവദിക്കാതെയാണു നദാലിന്റെ മുന്നേറ്റം. സ്‌കോര്‍: 6-3, 6-1, 6-3.
മറ്റൊരു സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ നാലു സെറ്റു നീണ്ട കടുത്ത പോരാട്ടത്തില്‍ അമേരിക്കന്‍ താരം ഏണസ്റ്റോ എസ്‌കോബെഡോയെ കീഴടക്കി. സ്‌കോര്‍: 2-6, 6-4, 6-4, 6-2. ബള്‍ഗേറിയന്‍ താരം ഗ്രിഗറി ദിമിത്രോവ് ദക്ഷിണ കൊറിയയുടെ ഹ്യാന്‍ ചുങിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 1-6, 6-4, 6-4, 6-4. കാനഡയുടെ മിലോസ് റാവോനിക്ക് ലക്‌സംബര്‍ഗ് താരം ഗില്ലെസ് മുള്ളറെ വീഴ്ത്തി മൂന്നാം റൗണ്ടിലേക്ക് കടന്നു. സ്‌കോര്‍: 6-3, 6-3, 7-6 (7-4).
ചെക്ക് റിപ്പബ്ലിക്ക് താരം ലൂസി സഫരോവയെ അനായാസം കീഴടക്കിയാണ് ലോക രണ്ടാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസ് മൂന്നാം റൗണ്ടിലേക്കു മുന്നേറിയത്.
രണ്ടു സെറ്റു മാത്രം നീണ്ട പോരാട്ടത്തില്‍ 6-3, 6-4 എന്ന സ്‌കോറിനാണ് സെറീന വിജയിച്ചത്. ഡെന്‍മാര്‍കിന്റെ കരോലിന്‍ വോസ്‌നിയാക്കി രണ്ടു സെറ്റു നീണ്ട അനായാസ പോരില്‍ ക്രൊയേഷ്യന്‍ താരം ഡോണ വെകിക്കിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-1, 6-3. റഷ്യയുടെ ഏക്തറിന മകരോവ ഇറ്റലിയുടെ സാറ ഇറാനിനെ വീഴ്ത്തി. സ്‌കോര്‍: 6-2, 3-2. രണ്ടാം സെറ്റില്‍ മത്സരം മുഴുമിപ്പിക്കാതെ ഇറാനി പിന്‍മാറിയതിനെ തുടര്‍ന്നു ആദ്യ സെറ്റു വിജയിച്ച് മുന്നില്‍ നിന്ന മകരോവയ്ക്ക് വാക്കോവര്‍ ലഭിച്ചു. റഷ്യയുടെ എലേന വെസ്‌നിന 6-3, 6-3 എന്ന സ്‌കോറിനു ലക്‌സംബര്‍ഗ് താരം മാന്‍ഡി മിനെല്ലയെ വീഴ്ത്തി മൂന്നാം റൗണ്ടിലെത്തി.
അതേസമയം വനിതാ വിഭാഗത്തിലെ മൂന്നാം റാങ്കുകാരി പോളണ്ടിന്റെ അഗ്നിയെസ്‌ക റാഡ്വന്‍സ്‌ക അട്ടിമറി തോല്‍വി നേരിട്ടു. 79ാം റാങ്കിലുള്ള ക്രൊയേഷ്യന്‍ താരം ലസിക്ക് ബറോനിയാണ് റാഡ്വന്‍സ്‌കയെ രണ്ടാം റൗണ്ടില്‍ കീഴടക്കിയത്. സ്‌കോര്‍: 6-3, 6-2.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."