വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ രാത്രി ജോലി സമയം; ചര്‍ച്ച പരാജയം
കാക്കനാട്: വൈദ്യുതി ബോര്‍ഡ് ഫീല്‍ഡ് ജീവനക്കാരുടെ ജോലി സമയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച വിജയിച്ചില്ല.
ജോലി സമയം എട്ടു മണിക്കൂറാക്കണമെന്നും രാത്രി ഷിഫ്റ്റ് ഉള്‍പ്പെടെ തുടര്‍ച്ചയായി ചെയ്യിപ്പിക്കുന്ന വൈദ്യുതി ബോര്‍ഡ് മനേജ്‌മെന്റ് തീരുമാനത്തിനെതിരെ ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) നല്‍കിയ പരാതി പരിഗണിച്ചാണ് ലേബര്‍ ഓഫിസര്‍ ചര്‍ച്ചക്ക് വിളിച്ചത്.
രാത്രി ഷിഫ്റ്റില്‍ നിയോഗിക്കപ്പെടുന്നവര്‍ തുടര്‍ച്ചയായി 21 മണിക്കൂര്‍ ജോലി ചെയ്യണമെന്നും ഇത് നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ലേബര്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയത്. രാവിലെ എട്ടിന് ജോലിക്ക് കയറുന്നവര്‍ വൈകിട്ട് അഞ്ചിന് ഷിഫ്റ്റ് കഴിഞ്ഞ ശേഷം വീണ്ടും രാത്രി ഷിഫ്റ്റിന് കയറി തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്നത് തൊഴിലാളികളുടെ ജീവന്‍ തന്നെ അപടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ രാത്രി ഷിഫ്റ്റ് രാത്രി എട്ടിന് തുടങ്ങി പിറ്റേന്ന് രാവിലെ എട്ടിന് അവാസിപ്പിക്കുന്ന വിധത്തില്‍ സംവിധാനം ചെയ്യണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത കെ.എസ്.ഇ.ബി മാനേജ്‌മെന്റ് പ്രതിനിധിയുടെ വാദം. എന്നാല്‍ ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് ഓര്‍ഡറിന് വിരുദ്ധമായി ജോലിചെയ്യാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നതായാണ് ഫെഡറേഷന്‍ നേതാക്കളുടെ പരാതി.
തര്‍ക്കത്തെ തുടര്‍ന്ന് ചര്‍ച്ച ജനുവരി 25 ലേക്ക് മാറ്റി. സബ് എന്‍ജിനീയര്‍മാര്‍, ഓവര്‍സീയര്‍മാര്‍, ലൈന്‍മാന്മാര്‍ എന്നിവരാണ് രാത്രി ഷിഫ്റ്റില്‍ അതികസമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്.
എറണാകുളം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറാണ് ജോലി സമയം മാറ്റം വരുത്തി ഉത്തരവിറക്കിയത്. എറണാകുളം നഗരം, മട്ടാഞ്ചേരി, തൃപ്പൂണിത്തുറ ഉള്‍പ്പെടുന്ന ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ പരിധിയില്‍പ്പെടുന്ന സെക്ഷന്‍ ഓഫിസുകളിലെ ആയിരത്തോളം ലൈമാന്മാരേയും ഓവര്‍സീയര്‍മാരെയുമാണ് ഉത്തരവ് പ്രതികൂലമായി ബാധിക്കുക. 4550 സെക്ഷന്‍ ഓഫിസുകളാണ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ പരിധിയില്‍ വരുന്നതെന്നും യൂണിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ജില്ല ലേബര്‍ ഓഫിസര്‍ സുരേന്ദ്രന്‍, കെ.എസ്.ഇ.ബി എച്ച് ആര്‍ മാനേജ്‌മെന്റ് പ്രതിനിധി, വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ജേക്കബ് ലാസര്‍, കെ.കെ. ഗിരീഷ്, കെ.സി.മണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം വൈദ്യുതി ബോര്‍ഡിലെ പ്രമുഖ സംഘടനയായ കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) ചര്‍ച്ചയില്‍ പങ്കെടുത്തില്ല. ഹിതപരിശോധനയില്‍ സി.ഐ.ടി.യു വോട്ട് ചോര്‍ന്നതിനെ ചൊല്ലി യൂണിയനുകള്‍ തമ്മിലുള്ള കുടിപ്പകയാണ് തൊഴിലാളി പ്രശ്‌നത്തില്‍ വ്യത്യസ്ഥ നിലപാട് സ്വീകരിക്കാന്‍ യൂനിയന്‍ നേതാക്കളെ പ്രേരിപ്പിച്ചത്. എന്നാല്‍ തൊഴിലാളികള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കപ്പെടുന്ന ഉത്തരവിനെതിരെ എ.ഐ.ടി.യു.സി ഒറ്റക്ക് പരാതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."