ജാട്ട് പ്രക്ഷോഭത്തിനിടെ കൂട്ട ബലാത്സംഗം നടന്നതിന് തെളിവുണ്ടെന്ന് ഹൈക്കോടതി
ചണ്ഡിഗഢ്: ജാട്ട് സംവരണത്തിനായുള്ള പ്രക്ഷോഭത്തിനിടെ ഹരിയാനയില്‍ കൂട്ടബലാത്സംഗം നടന്നതിന് തെളിവുണ്ടെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. ബലാത്സംഗം നടന്നിട്ടില്ലെന്ന പൊലിസ് വാദം കോടതി തള്ളി. സംഭവത്തില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും പൊതുജനങ്ങള്‍ക്കു മുന്നില്‍ വിശ്വാസ്യത തെളിയിക്കണമെന്നും കോടതി ഉത്തരവിട്ടു. സംഭവത്തില്‍ ഇരയായ സ്ത്രീകളെ ഉടന്‍ കണ്ടെത്താനും പ്രത്യേക അന്വേഷണ സംഘത്തോട് കോടതി നിര്‍ദേശിച്ചു.
ടാക്‌സി ഡ്രൈവറടക്കമുള്ള ദൃക്‌സാക്ഷികളുടെ മൊഴിയാണ് പരിഗണിച്ചത്. സ്ത്രീകളെ കാറില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോകുന്നത് കണ്ടെന്ന് ടാക്‌സി ഡ്രൈവര്‍ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമല്ലെന്നും രണ്ട് ദൃക്‌സാക്ഷികളുടെ മൊഴികള്‍ ചൂണ്ടിക്കാട്ടി കോടതി അറിയിച്ചു. മുര്‍ത്താലില്‍ കൂട്ടബലാത്സംഗം നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് നേരത്തെ ഹരിയാന പൊലിസ് കോടതിയെ അറിയിച്ചിരുന്നു.
2016 ഫെബ്രുവരി 22ന് മുര്‍ത്താലില്‍ കൂട്ടബലാത്സംഗം നടന്നുവെന്ന പരാതിയുമായി കടയുടമകള്‍ മുന്നോട്ട് വരികയായിരുന്നു. 30ഓളം ആളുകള്‍ അടങ്ങിയസംഘം കാറുകള്‍ തടയുകയും പത്തോളം സ്ത്രീകളെ സമീപത്തെ മൈതാനത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും വാഹനങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. ബലാത്സംഗ കേസില്‍ അഞ്ചുപേരെ പൊലിസ് അറസ്റ്റു ചെയ്‌തെങ്കിലും ഇവരുടെ രക്തസാമ്പിളുകളും സംഭവസ്ഥലത്തെ വസ്ത്രങ്ങളില്‍ നിന്നും ശേഖരിച്ചതും തമ്മില്‍ യോജിക്കുന്നില്ലെന്ന് അറിയിച്ച് വിട്ടയക്കുകയായിരുന്നു.
ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട ജാട്ട് വിഭാഗ സംവരണ പ്രക്ഷോഭത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."