മരണത്തിന്റെ കൊടും തണുപ്പില്‍ നിന്നും അവര്‍ തിരിച്ചു നടന്നു ജീവിതത്തിലേക്ക്
റോം: കനത്ത മഞ്ഞുപാളികള്‍ ഉടച്ചുമാറ്റുന്നതിനിടെ നേര്‍ത്ത ഒരു തേങ്ങലാണ് രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കേട്ടത്. മഞ്ഞുപാളികളും കനത്ത പാറക്കഷ്ണങ്ങളും നീക്കി നീക്കി പോവുന്നതിനിടെ പ്രതീക്ഷയുടെ ആ കുഞ്ഞു വിരലുകള്‍ അവരിലേക്ക് നീണ്ടുവരികയായിരുന്നു. ഇറ്റലിയില്‍ മഞ്ഞുവീഴ്ചയില്‍ തകര്‍ന്ന ഹോട്ടലിലെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് സംഭവം. എട്ടുവയസ്സുകാരന്‍ ജിയാഫിലിപ്പൊ പരാറ്റെയും അവന്റെ അമ്മയും അദ്ഭുതകരമായി രക്ഷപ്പെട്ടത്.
ഇവരോടൊപ്പം മറ്റു നാലു പേരെ കൂടി രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട. 30ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ പെട്ടിരിക്കാമെന്നാണ് ഇറ്റാലിയന്‍ വൃത്തങ്ങള്‍ പറയുന്നത്. മധ്യ ഇറ്റലിയിലെ ഗ്രാന്‍ സാസോ മലയുടെ താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന റിഗോപിയാനോ ഹോട്ടലായിരുന്നു മഞ്ഞുപാളികള്‍ വീണ് തകര്‍ന്നത്. പ്രധാന നഗരങ്ങളില്‍നിന്ന് വിദൂരമായ മലനിരയിലാണ് ഹോട്ടലെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇതുവരെ കാര്യക്ഷമമാക്കാന്‍ സാധിച്ചിട്ടില്ല. ഇവിടേക്കുള്ള റോഡുകളില്‍ വന്‍ ഹിമപാതങ്ങളും മരത്തടികളും വീണുകിടക്കുന്നതിനാല്‍ യാത്രയും ദുഷ്‌കരമാണ്. 135ഓളം ദുരന്തനിവാരണസേന അംഗങ്ങള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. ഹെലികോപ്ടര്‍ വഴി രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. നേരത്തേ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. തീരപ്രദേശനഗരമായ പെസ്‌കാരയില്‍നിന്ന് 45 കിലോമീറ്റര്‍ ദൂരത്താണ് ഈ ഹോട്ടല്‍ സ്ഥിതിചെയ്യുന്നത്. നാലുതവണ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ പ്രദേശങ്ങളിലെ ടെലിഫോണ്‍, ഇലക്ട്രിസിറ്റി തുടങ്ങിയവ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."