ഓര്‍ഡിനന്‍സിന് അംഗീകാരം; ഇന്ന് ജെല്ലിക്കെട്ട് കളമൊരുങ്ങി
ന്യൂഡല്‍ഹി: അഞ്ചുദിവസത്തെ പ്രക്ഷോഭത്തിനൊടുവില്‍ തമിഴ്‌നാട്ടില്‍ ഇന്ന് ജെല്ലിക്കെട്ട്. നിരോധനമേര്‍പ്പെടുത്തിയുള്ള സുപ്രിംകോടതി ഉത്തരവ് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതോടെയാണ് ജെല്ലിക്കെട്ട് നടത്താനുള്ള അവസരം ലഭിച്ചത്. വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സില്‍ ഇന്നലെ രാഷ്ട്രപതി പ്രണബ്മുഖര്‍ജി ഒപ്പിട്ടശേഷം വൈകിട്ടോടെ ഗവര്‍ണര്‍ക്ക് കൈമാറി. തുടര്‍ന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവും ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കി.
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം ഭേദഗതിചെയ്യുന്നതാണ് ഓര്‍ഡിനന്‍സ്. തമിഴ്‌നാടിന്റെ ചുമതലകൂടി വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കുന്നതിനായി ഉച്ചകഴിഞ്ഞ് ചെന്നൈയിലെത്തുകയായിരുന്നു. ജെല്ലിക്കെട്ടിനുള്ള തയാറെടുപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രി പനീര്‍ശെല്‍വം ഇന്നലെ രാത്രിയോടെ മധുരയിലെത്തി.
ഇന്ന് രാവിലെ 10ന് പനീര്‍ശെല്‍വമാണ് ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യുക. മധുരയിലെ അളംഗനെല്ലൂരിലാണ് ജെല്ലിക്കെട്ട് നടക്കുന്നത്. ഇതോടൊപ്പം വിവിധ ജില്ലാ ആസ്ഥാനങ്ങളിലും ജെല്ലിക്കെട്ട് നടക്കും. ജില്ലകളില്‍ മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യും. മത്സരത്തിന് എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. മൃഗക്ഷേമബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യവും മത്സരസ്ഥലത്തുണ്ടാവും.
ജെല്ലിക്കെട്ടിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയെന്ന് അഭിപ്രായപ്പെട്ട പനീര്‍ശെല്‍വം, കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കുന്നതായും പറഞ്ഞു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച പനീര്‍ശെല്‍വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടാനാവില്ലെന്നുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഒഴിയുകയായിരുന്നു.
ജെല്ലിക്കെട്ടിനായി ഓര്‍ഡിനന്‍സ് ഇറക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്‍വലിഞ്ഞതോടെ വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തര സംസ്ഥാന മന്ത്രിസഭായോഗം ഓര്‍ഡിനന്‍സ് തയാറാക്കി വൈകിട്ടോടെതന്നെ കേന്ദ്രസര്‍ക്കാരിന് അയച്ചു.
കേന്ദ്ര നിയമ, സാംസ്‌കാരിക, പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതോടെ ആഭ്യന്തരമന്ത്രാലയം ഇന്നലെ രാവിലെ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്കുവിട്ടു. ഓര്‍ഡിനന്‍സ് പരിഗണിക്കുന്നതിനു മുന്‍പ് ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈയുടെ നേതൃത്വത്തില്‍ തമിഴ്‌നാട് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ എം.പിമാര്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചെങ്കിലും നിരോധനംനീക്കുന്നതിന് ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ട് മറീനാ ബീച്ചില്‍ സമരക്കാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഓര്‍ഡിനന്‍സിന്റെ കാലാവധി ആറുമാസമാണ്.
കാലാവധി അവസാനിക്കുമ്പോഴേക്കും പ്രതിബന്ധങ്ങളില്ലാതെ ജെല്ലിക്കെട്ട് നടത്തുന്നതിനായി പുതിയ നിയമനിര്‍മാണത്തിനുള്ള ഒരുക്കത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. നാളെ തുടങ്ങുന്ന തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസംതന്നെ ഓര്‍ഡിനന്‍സ് ബില്ലായി അവതരിപ്പിക്കാനാണ് തമിഴ്‌നാട് ഉദ്ദേശിക്കുന്നത്.
ജെല്ലിക്കെട്ടിനെതിരേ സുപ്രിംകോടതിയെ സമീപിച്ച മൃഗാവകാശ സംഘടനയായ 'പെറ്റ'യെ നിരോധിക്കാനും ആലോചിക്കുന്നുണ്ട്. 2014 മെയിലാണ് ജെല്ലിക്കെട്ട് നിരോധിച്ച് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."