ഫാസിസം സാമ്പത്തിക രംഗത്തും പിടിമുറുക്കുന്നു: സി.ആര്‍ നീലകണ്ഠന്‍
ദോഹ: മതേതരത്വവും ജനാധിപത്യവും അപകടത്തിലാക്കിയതിന് പിന്നാലെ സാമ്പത്തിക രംഗത്തും ഫാസിസം കടന്നുകയറിയതാണ് ഇന്ത്യയിലെ നോട്ട് നിരോധനം സൂചിപ്പിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി കേരള കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര്‍ നീലകണ്ഠന്‍. ഖത്തറിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യയിലോ ലോകരാജ്യങ്ങളിലോ നോട്ട് പിന്‍വലിക്കുന്നത് ആദ്യത്തെ സംഭവമല്ല. എന്നാല്‍ ഇന്ത്യയില്‍ ആര്‍ ബി ഐ ആക്ട് പ്രകാരം അതിന് ചില മാനദണ്ഡങ്ങളുണ്ട്. സീരിയലുകള്‍ പറഞ്ഞാണ് ഇക്കാലമത്രയും നോട്ട് പിന്‍വലിച്ചിരുന്നത്. ഇപ്പോള്‍ റിസര്‍വ് ബാങ്ക് പോലും അറിയാതെ ഭരിക്കുന്ന ഗവണ്‍മെന്റിന് നോട്ട് പിന്‍വലിക്കാന്‍ സാധിക്കുന്നത് ഫാസിസം സാമ്പത്തിക രംഗത്തും പിടിമുറുക്കിയതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ ഭരണകൂടെ ആസൂത്രിതമായി കൊള്ളയടിക്കുന്നതാണ് നോട്ട് പിന്‍വലിക്കുന്നതിലൂടെ കാണാന്‍ കഴിയുന്നത്. മുതലാളിത്ത സമ്പ്രദായത്തില്‍ പോലും ബാങ്ക് നിക്ഷേപമെന്നത് നിര്‍ബന്ധമല്ല.
ഇന്ത്യയേക്കാള്‍ ഏറെ പുരോഗമിച്ച രാജ്യങ്ങളില്‍ പോലും പൂര്‍ണ്ണമായും പണില്ലാത്ത സാമ്പത്തിക വ്യവസ്ഥ നടപ്പാക്കാതിരിക്കുമ്പോഴാണ് ഒരു ബാങ്ക് ശാഖയോ എ ടി എമ്മോ കാണാന്‍ ഇരുപത് കിലോമീറ്ററുകള്‍ പോലും യാത്ര ചെയ്യേണ്ടി വരുന്ന നാട്ടില്‍ സമ്പൂര്‍ണ്ണ കാഷ്‌ലെസ് ഇക്കണോമിയെ കുറിച്ച് സംസാരിക്കുന്നത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ട് പിന്‍വലിക്കലിലൂടെ നടന്നിരിക്കുന്നത്. വിജയ് മല്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരു ഭാഗത്ത് ഏഴായിരം കോടിയുടെ കടം എഴുതിത്തള്ളുമ്പോള്‍ ദരിദ്ര ജനവിഭാഗങ്ങളെ ബാങ്ക് വായ്പയുടെ പേരില്‍ ജപ്തി നോട്ടീസ് അയച്ച് പീഡിപ്പിക്കുകയാണ് ചെയ്യുന്നത്.
കേരളത്തില്‍ ആം ആദ്മിക്ക് പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ സി ആര്‍ നീലകണ്ഠന്‍ മാര്‍ച്ച് 11ന് ശേഷം ഗോവയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ആഭ്യന്തര മന്ത്രിയായ പിണറായി വിജയന്‍ പറഞ്ഞാല്‍ പോലും പൊലീസുകാരില്‍ ഒരു വിഭാഗം കേള്‍ക്കാന്‍ കൂട്ടാക്കില്ലെന്നാണ് മനസ്സിലാകുന്നതെന്നും മറ്റെല്ലാ മേഖലകളും പോലെ പൊലീസിലും സംഘപരിവാരവത്ക്കരണം നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വണ്‍ ഇന്ത്യ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദിലീപ് കുട്ടി, ജെബി വര്‍ഗ്ഗീസ്, ജീവന്‍ തോമസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."