ചരിത്രം ആവശ്യപ്പെടുന്ന പുസ്തകം
പത്രങ്ങളുടെയും പത്രസ്ഥാപനങ്ങളുടെയും ചരിത്രങ്ങള്‍, അതും പുറങ്ങളുടെ എണ്ണംകൊണ്ട് 'കനപ്പെട്ട'തെന്നു പറയാവുന്നവ പലതും പുറത്തുവന്നിട്ടുണ്ട്. കേരള ചരിത്രത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച, ഇന്നും സജീവമായി നില്‍ക്കുന്ന ചില മാധ്യമസ്ഥാപനങ്ങളുടെ ചരിത്രവും ഇതില്‍പെടുന്നു. അതതു മാധ്യമങ്ങള്‍ തന്നെയാണ് അവ തയാറാക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും. അവരുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങളുടെ കരിനിഴലില്‍ നിന്നു വിമുക്തമല്ല ആ ചരിത്രങ്ങളും. വ്യക്തമായ വളച്ചൊടിക്കലുകളും മനഃപൂര്‍വമായ തമസ്‌കരണങ്ങളും തിരസ്‌കാരങ്ങളും അതിരുകടന്ന തറവാടിത്ത ഘോഷണങ്ങളും അവയെ ആധികാരികമോ വസ്തുനിഷ്ഠമോ അല്ലാതാക്കുന്നു-മറ്റേതു ചരിത്രത്തിലുമെന്ന പോലെ.
തീര്‍ത്തും ശുഷ്‌കമായ മാധ്യമചരിത്ര ശാഖയ്ക്കു വീണുകിട്ടിയ കനപ്പെട്ട ഒരു സംഭാവനയാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍.പി രാജേന്ദ്രന്റെ 'വിമര്‍ശകര്‍ വിദൂഷകര്‍ വിപ്ലവകാരികള്‍-മലയാള പത്രപംക്തിയുടെ ചരിത്രം' എന്ന വലിയ ഗ്രന്ഥം. കോളമിസ്റ്റ്, പംക്തീകാരന്‍, പംക്തീരചയിതാവ് എന്നീ പര്യായങ്ങളില്‍ അറിയപ്പെടുന്ന വര്‍ഗത്തിന്റെ ചരിത്രമെഴുത്തും അവരുടെയും അവരുടെ സംഭാവനകളുടെയും ക്രോഡീകരണവുമെന്ന ശ്രമകരമായ ദൗത്യമാണ് അദ്ദേഹം അതിലൂടെ സാക്ഷാല്‍ക്കരിച്ചിരിക്കുന്നത്. അന്നന്നു വായിച്ചുതള്ളുന്ന, പിറ്റേന്നേക്കു പഴംകടലാസാവുന്ന ദിനപത്രങ്ങളുടെയും ഒരാഴ്ചയോ ഏറിയാല്‍ ഒരു മാസമോ ആയുസുള്ള ആനുകാലികങ്ങളുടെയും പുറങ്ങളില്‍ വായനക്കാര്‍ക്കു നൈമിഷികരസം പകരുന്ന കോളങ്ങള്‍ക്കും കോളമിസ്റ്റുകള്‍ക്കും ചരിത്രത്തിന്റെ പുറങ്ങളില്‍ ശാശ്വതമായ ഇടംനല്‍കുകയെന്ന മഹദ്കൃത്യമാണ് ഇവിടെ സഫലമാവുന്നത്.
ചര്‍വിതചര്‍വിതങ്ങളായ നടപ്പുചരിത്രങ്ങള്‍ക്ക് 'ഈച്ചക്കോപ്പി'കളുണ്ടാക്കുക എളുപ്പമാണ്. എന്നാല്‍ വര്‍ഷങ്ങളുടെ നിരന്തരമായ ഗവേഷണാന്വേഷണങ്ങളിലൂടെ മാത്രമേ ഇത്തരത്തിലൊരു ശ്രമം പൂര്‍ണമാവൂ. ഡോ. പി.കെ രാജശേഖരന്‍ അവതാരികയില്‍ പറയുന്നതുപോലെ 'അവ്യക്തതയുടെ പുകമഞ്ഞുമൂടി നില്‍ക്കുന്ന പത്രപംക്തികളുടെ ചരിത്രത്തിലേക്കു വീശുന്ന ചുടുകറ്റയും വൈദ്യുതി വിളക്കുമാണ് ' ഈ പുസ്തകം. ഈയര്‍ഥത്തില്‍ മലയാള മാധ്യമരംഗം രാജേന്ദ്രനോടു കടപ്പെട്ടിരിക്കുന്നു.
മലയാളത്തിലെ പത്രപംക്തീ സമാഹാരങ്ങള്‍ക്കു വിപണിമൂല്യം കുറവാണെന്ന പ്രസാധകവിലാപം മാറ്റിവച്ചാലും, സ്വന്തം പേരുപോലും ചേര്‍ക്കാതെ നാലു പതിറ്റാണ്ട് മുടങ്ങാതെ തുടര്‍ന്ന പോത്തന്‍ ജോസഫിന്റെ 'ഓവര്‍ എ കപ്പ് ഓഫ് ടീ'യെന്ന ആംഗലേയ പംക്തി പോലും ഇതുവരെ പുസ്തകമായിട്ടില്ല. മലയാളം ദേശീയ മാധ്യമരംഗത്തിനു സംഭാവന ചെയ്ത ഈ അതുല്യ പ്രതിഭയുടെ വിലപ്പെട്ട ആ പംക്തി എന്തുകൊണ്ട് ഇംഗ്ലീഷ് പ്രസാധകരുടെയോ മലയാളം പ്രസാധകരുടെയോ കണ്ണില്‍പെട്ടില്ല എന്ന ചോദ്യം പ്രസക്തമാണ്. പംക്തിയുടെ പ്രസക്തി അതതു കാലത്തിലേക്കു മാത്രം ഒതുങ്ങും എന്ന ധാരണയാകാം പ്രസാധകരെ പിറകോട്ടു വലിക്കുന്ന ഒരു ഘടകം.
ഏകമുഖമല്ല മലയാള പത്രപംക്തിയുടെ നാള്‍വഴിക്കണക്കുകള്‍. കണ്ണുപൊട്ടുംവിധം വിമര്‍ശിക്കുന്നയാളായും ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ് കപടമാന്യതയുടെ മുഖംമൂടി വലിച്ചുകീറുന്നയാളായുമൊക്കെ പംക്തീകാരന്മാര്‍ വൈവിധ്യമാര്‍ന്ന നടപ്പാതകള്‍ തിരഞ്ഞെടുക്കുന്നു.
1885ല്‍ എച്ച്.ടി.ഇ വൈറ്റ്, ഷിക്കാഗോ ട്രൈബ്യൂണിലെ ലേക്‌സൈഡ് 'മ്യൂസിങ്‌സി'ലൂടെ തുടക്കം കുറിച്ചതെന്നു കരുതുന്ന പത്രപംക്തി പ്രസ്ഥാനത്തിനു തൊട്ടടുത്ത വര്‍ഷംതന്നെ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍ 'കേരളസഞ്ചാരി' യില്‍ തുടര്‍ച്ചയുണ്ടാക്കിയെന്നത് നിസാരകാര്യമല്ല. നോവലോ കഥയോ നാടകമോ ഒക്കെ പാശ്ചാത്യദേശത്ത് ഉദയം ചെയ്തശേഷം അവയ്ക്കു മലയാളത്തില്‍ തനത് തുടര്‍ച്ചയുണ്ടാകുന്നത് പതിറ്റാണ്ടുകള്‍ക്കു ശേഷമാണെന്നോര്‍ക്കണം. കേസരിക്കു പിന്തുണയേകി മൂര്‍ക്കോത്ത് കുമാരനും സഞ്ജയനും ഇ.വി കൃഷ്ണപിള്ളയുമൊക്കെ എത്തുകയും ചെയ്തു.
'നമ്മുടെ മാധ്യമനിരൂപകരോ മാധ്യമ ചരിത്രകാരന്മാരോ ഒന്നും കോളമെഴുത്തുകാര്‍ എന്നൊരു വര്‍ഗത്തെ കാണുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന' ദുഃഖകരമായ കണ്ടെത്തലില്‍ നിന്നാണു പ്രധാനമായ ആ ചരിത്രവിടവ് നികത്താനുള്ള ശ്രമവുമായി ഗ്രന്ഥകാരന്‍ മുന്നിട്ടിറങ്ങിയത്. ആ അന്വേഷണത്തെപ്പറ്റി അദ്ദേഹം ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. പരിമിതവിഭവങ്ങളായ ഒരു മേഖലയിലേയ്ക്കു വിവരശേഖരണത്തിനായി ഇറങ്ങിത്തിരിക്കുമ്പോഴുള്ള ബുദ്ധിമുട്ട് എത്ര വലുതാണെന്ന് അതനുഭവിച്ചവര്‍ക്കേ മനസിലാവൂ. വൈവിധ്യമാര്‍ന്ന പംക്തികളിലൂടെ ഈ മേഖലയെ ധന്യമാക്കി മണ്‍മറഞ്ഞ എഴുത്തുകാര്‍ക്കു നന്ദിയുടെ ചരിത്രസ്മാരകമൊരുക്കുകയാണ് ഗ്രന്ഥകാരന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ നിശ്ചയമായും കാലങ്ങള്‍ക്കപ്പുറത്ത് ഇതിനൊരു തുടര്‍പുസ്തകം കൂടി കാലം ആവശ്യപ്പെടുന്നുണ്ട്.
ചെങ്കളത്ത് കുഞ്ഞിരാമമേനോന്‍ മുതല്‍ സി. ഹരികുമാര്‍ വരെ നീളുന്ന 56 പംക്തിയെഴുത്തുകാരെയും അവരുടെ പംക്തികളെയുമാണ് ഗ്രന്ഥകാരന്‍ അന്വേഷിച്ചു കണ്ടെത്തി പുസ്തകപ്പുറങ്ങളില്‍ അവതരിപ്പിക്കുന്നത്. രാഷ്ട്രീയവും സാഹിത്യവും സംസ്‌കാരവുമെല്ലാം ഇവയില്‍ ഇഴ പിരിയുന്നു. പ്രൗഢലേഖനങ്ങളും നര്‍മക്കുറിപ്പുകളും ചോദ്യോത്തര പംക്തികളുമൊക്കെയായി ഒന്നിനൊന്നു വ്യത്യസ്തമാകുന്നു ഇവയിലെ ചേരുവകള്‍. ഇത്തരമൊരു ചരിത്രപുസ്തകത്തിന്റെ സ്ഥലപരിമിതിക്കുള്ളില്‍ പരമാവധി ഇത്രയേ കരണീയമാവൂ. വിഭവത്തിന്റെ രുചിക്കൂട്ടുകള്‍ നുണഞ്ഞറിയാന്‍ ഒരു തുള്ളിയോ കഷണമോ ധാരാളമാണല്ലോ.
ഡോ. പി.കെ രാജശേഖരന്‍ 'വിദൂഷകരുടെ വിജ്ഞാപനങ്ങള്‍-മലയാളിയുടെ അഭിപ്രായത്തിന്റെയും പംക്തിയെഴുത്തിന്റെയും ഹൃസ്വചരിത്രം' എന്ന സമഗ്രമായ അവതാരിക നിശ്ചയമായും പുസ്തകത്തിലേക്കു സുഗമമായി പ്രവേശിക്കാനുതകുന്ന കവാടം തന്നെയാണ്.
ഏതാണ്ട് കാല്‍നൂറ്റാണ്ടുകാലം മാതൃഭൂമിയില്‍ വിശേഷാല്‍പ്രതിയെന്ന ജനകീയ ആക്ഷേപഹാസ്യ പംക്തി കൈകാര്യം ചെയ്്ത ഗ്രന്ഥകാരനോളം ഇത്തരമൊരു ഗവേഷണ ശ്രമത്തിനു യോഗ്യനായ മറ്റൊരാളില്ല എന്ന് അടിവരയിടുക കൂടി ചെയ്യുന്നു ഈ പുസ്തകം. അദ്ദേഹത്തിന്റേതടക്കമുള്ള എത്രയോ സജീവ പംക്തികള്‍ കൂടി ചരിത്രമെഴുത്തിന്റെ ഭാഗമാകേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തക വിദ്യാര്‍ഥികള്‍, മാധ്യമഗവേഷകര്‍ എന്നിവര്‍ക്ക് അടിസ്ഥാന പാഠപുസ്തകം കൂടിയാവുന്നു ഈ ഗവേഷണഗ്രന്ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."