സിറിയന്‍ വിഷയത്തില്‍ ജി.സി.സി - റഷ്യ ചര്‍ച്ച
മോസ്‌കോ: സിറിയന്‍ വിഷയത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജി.സി.സി) നേതാക്കള്‍ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി ചര്‍ച്ച നടത്തി. സിറിയന്‍ പ്രതിസന്ധി പരിഹരിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളാണു ജി.സി.സി നേതാക്കളും റഷ്യന്‍ വിദേശകാര്യ മന്ത്രിയും ചര്‍ച്ച ചെയ്തത്. ജി.സി.സി വിദേശകാര്യ മന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സിറിയയിലെ വിമതര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരാണ് ജി.സി.സി രാജ്യങ്ങള്‍. ഐ.എസ് തലസ്ഥാനമായി അറിയപ്പെടുന്ന റഖയില്‍ റഷ്യന്‍ വ്യോമസേന ആക്രമണം നടത്തുന്നുണ്ട്.
ഐ.എസ് വിരുദ്ധവേട്ടയ്ക്കാണ് തങ്ങള്‍ സിറിയയില്‍ ക്യാംപ് ചെയ്യുന്നതെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും അസദ് ഭരണകൂടത്തിന്റെ ഉറ്റസുഹൃത്താണ് റഷ്യ. വിമതരെ അനുകൂലിക്കുന്ന ഗള്‍ഫ് രാഷ്ട്രങ്ങളും അസദിനെ അനുകൂലിക്കുന്ന റഷ്യയും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഇരു വിഭാഗങ്ങള്‍ക്കും ഇടയിലുള്ള വിള്ളല്‍ പരിഹരിക്കാനായിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. സിറിയന്‍ വിഷയത്തില്‍ ഇത് നാലാം തവണയാണ് ഗള്‍ഫ് രാജ്യങ്ങള്‍ റഷ്യയുമായി ചര്‍ച്ച നടത്തുന്നത്.
സിറിയന്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ അസദ് ഭരണകൂടത്തിന് നിലനില്‍പുണ്ടാകില്ലെന്ന തിരിച്ചറിവ് റഷ്യയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ അസദിന്റെ ഭരണകൂടത്തെ നീക്കം ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഇറാനും റഷ്യയും മാത്രമാണ് അസദിനെ അനുകൂലിക്കുന്നത്.
സിറിയന്‍ സമാധാന ചര്‍ച്ചയില്‍ പ്രതിപക്ഷമായി അംഗീകരിക്കപ്പെട്ട രണ്ടു സംഘടനകളെ തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവും റഷ്യ മുന്നോട്ടുവച്ചു. അസദിനെതിരേ പോരാടുന്ന അഹ്‌രാര്‍ അല്‍ ശാം, ജെയ്ഷ് അല്‍ ഇസ്‌ലാം എന്നീ സംഘടനകളാണിവ. ഈ സംഘടനകളെ സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായിക്കുന്നുണ്ട്. സിറിയന്‍ പ്രതിപക്ഷമായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റിയിലെ അംഗങ്ങളാണിവ. വടക്കന്‍ സിറിയയിലെ കുര്‍ദിഷ് സായുധ ഗ്രൂപ്പ് ഐ.എസിനെതിരേ വന്‍ മുന്നേറ്റം നടത്തി. ഈ ഗ്രൂപ്പ് സിറിയന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നുണ്ട്. ഇക്കാരണത്താല്‍ ഗ്രൂപ്പിനെതിരേ ആക്രമണം നടത്തില്ലെന്ന് റഷ്യ യോഗത്തില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്.ഡി.എഫ്), യു.എസ് അനുകൂല കുര്‍ദിഷ് അറബ് സേനയായ കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈ.പി.ജി) എന്നിവ റഖക്ക് 60 കി.മി അകലെയുള്ള നാല് ഗ്രാമങ്ങള്‍ ഐ.എസില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധരായ ഇത്തരം പ്രാദേശിക സേനകള്‍ക്കെതിരേ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിച്ചാലേ ഐ.എസ് വിരുദ്ധവേട്ട ലക്ഷ്യത്തിലെത്തൂവെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ റഷ്യയെ ഉപദേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."