ഓഖി:കാണാതായവര്‍ക്കുള്ള പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പെട്ട് ഇനിയും തിരിച്ചെത്താത്ത മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച പരിശോധന സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ തിരുവനന്തപുരം ജില്ലയിലെ 25 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബത്തിന്റെ താങ്ങായ ഒരാള്‍ നഷ്ടപ്പെട്ടാല്‍ ഒന്നും അതിന് പകരമാവില്ല. കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കാണാതായവരെ സംബന്ധിച്ച പരിശോധന പുരോഗമിക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങള്‍ക്ക് സംരക്ഷണത്തിനായി നിശ്ചിത തുക നല്‍കും.
നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് കുടുംബങ്ങളിലെ ഒരാള്‍ക്ക് അര്‍ഹത അനുസരിച്ച് തൊഴില്‍ നല്‍കും. വീടുകള്‍ തകര്‍ന്നതും നഷ്ടപ്പെട്ടതുമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ സുരക്ഷിത ഭവനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം വില്ലേജിലെ സൈറസ്, എസ്.ജയന്‍, മുത്തപ്പന്‍, മേരിദാസന്‍, സേവ്യര്‍, വിന്‍സെന്റ്, ഷാജി, കൊട്ടുകല്‍ വില്ലേജിലെ സെസിലന്റ്, ആന്റണി, സ്‌റ്റെല്ലസ്, കരുങ്കുളം വില്ലേജിലെ രതീഷ്, ജോസഫ് കോറിയ, പൂവാര്‍ വില്ലേജിലെ പനിതാസന്‍, കുളത്തൂര്‍ വില്ലേജിലെ മേരി ജോണ്‍, അലക്‌സാണ്ടര്‍, തിരുവനന്തപുരം താലൂക്കിലെ ക്രിസ്റ്റി, സേവ്യര്‍, ലാസര്‍, ആരോഗ്യദാസ്, ഈപ്പച്ചന്‍, സെല്‍വരാജ്, അബിയാന്‍സ്, സില്‍വപിള്ള, സേവ്യര്‍, ജെറാള്‍ഡ് കാര്‍ലോസ് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് തുക നല്‍കിയത്.
മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ. മെഴ്‌സിക്കുട്ടിഅമ്മ, ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, കെ. ആന്‍സലന്‍,എം. വിന്‍സെന്റ്, ജില്ലാ കലക്ടര്‍ കെ. വാസുകി സംബന്ധിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം സ്ഥിരനിക്ഷേപം
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ലക്ഷം രൂപ സ്ഥിര ഡെപ്പോസിറ്റായി അനുവദിച്ചു. കുടുംബാംഗങ്ങളുടെ പേരില്‍ അഞ്ചു വര്‍ഷത്തേക്കാണ് സ്ഥിരനിക്ഷേപമായി തുക അനുവദിച്ചത്.
മരിച്ച വ്യക്തിയുടെ മാതാപിതാക്കളുടെ പേരില്‍ അഞ്ച് ലക്ഷവും മക്കളുടെ പേരില്‍ അഞ്ചും ഭാര്യയുടെ പേരില്‍ പത്തും ലക്ഷമാണ് നിക്ഷേപിച്ചത്. അവിവാഹിതരായ സഹോദരിമാരുണ്ടെങ്കില്‍ അവരുടെ പേരില്‍ രണ്ടര ലക്ഷം രൂപയും നിക്ഷേപിക്കും. എല്ലാവര്‍ക്കും പ്രത്യേകം പാസ്ബുക്ക് നല്‍കിയിട്ടുണ്ട്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ സഹോദരിയുടെ വിവാഹം നടക്കുകയാണെങ്കില്‍ ആവശ്യമായ രേഖകള്‍ ട്രഷറി ഓഫിസര്‍ക്ക് മുന്നില്‍ ഹാജരാക്കി തുക പിന്‍വലിക്കാം. മാതാപിതാക്കള്‍ക്കുള്ള വിഹിതവും വിവാഹിതയാവുന്ന പെണ്‍കുട്ടിക്ക് നല്‍കാനാവും.
നിക്ഷേപിച്ച തുകയുടെ പലിശ എല്ലാമാസവും ഇവര്‍ക്ക് ലഭിക്കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള രണ്ടു ലക്ഷം രൂപയ്ക്കുള്ള ചെക്കാണ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റവന്യൂ വകുപ്പില്‍നിന്ന് പതിനായിരം രൂപ നേരത്തെ അടിയന്തര സഹായം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."