സൗഹാര്‍ദത്തിന്റെ സംഘാടകനായി കൊടിഞ്ഞിയിലെ കുട്ടാപ്പു
തിരൂരങ്ങാടി: മതസൗഹാര്‍ദത്തിനു പേരുകേട്ട കൊടിഞ്ഞി ഇപ്പോള്‍ സമരത്തിലാണ്. ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന് ഫൈസലെന്ന ചെറുപ്പക്കാരനെ അരിഞ്ഞുതള്ളിയവരെ പിടികൂടുന്നതിനായുള്ള സമരത്തില്‍. എന്നാല്‍, സൗഹാര്‍ദത്തിന്റെ നല്ല വാര്‍ത്തകള്‍ക്ക് ഇവിടെ ഒരു പഞ്ഞവുമില്ല, അതിലൊരൊന്നാന്തരം അടയാളമാകുകയാണ് കൊടിഞ്ഞിയിലെ കുട്ടാപ്പു. ഇസ്‌ലാമിക പ്രഭാഷണ വേദികള്‍ എവിടെയുണ്ടെങ്കിലും അവിടെ കുട്ടാപ്പുവുമുണ്ട്. അദ്ദേഹത്തിന്റെ ശരിയായ പേര് പ്രബീഷ് എന്നാണ്. കൊടിഞ്ഞി കുറൂല്‍ കണ്ണമ്പള്ളി പ്രേമന്റെ മകനാണ്. ശ്രോതാവായിട്ടല്ല പ്രബീഷ് ഇസ്‌ലാമിക വേദികളിലെത്തുന്നത്, സംഘാടകനാണ്. തുടക്കം മുതല്‍ ഒടുക്കംവരെ.
വര്‍ഷങ്ങളായി നാട്ടില്‍ മുസ്‌ലിം സംഘടനാ പരിപാടികള്‍ ആസൂത്രണം ചെയ്യുമ്പോള്‍തന്നെ കുട്ടാപ്പുവിന്റെ സാന്നിധ്യമുണ്ടാകും. പിന്നീട് രാപ്പകലുകള്‍ അതിന്റെ തിരക്കിലായിരിക്കും. പേസ്റ്റാറുകള്‍ പതിക്കല്‍ മുതല്‍ സ്റ്റേജ് നിര്‍മാണം, അലങ്കാരം തുടങ്ങിയ പരിപാടികളില്‍ മാത്രം ഒതുങ്ങുന്നതല്ല പ്രബീഷിന്റെ സേവനം. പരിപാടി തീരുന്നതുവരെ ഗതാഗത നിയന്ത്രണം അടക്കമുള്ള കാര്യങ്ങളില്‍ ഓടിനടക്കും. അവസാനഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മടങ്ങൂ.
വര്‍ഷങ്ങളായി നാട്ടിലെ നബിദിന പരിപാടികള്‍, നേര്‍ച്ചകള്‍, മതപ്രഭാഷണ വേദികള്‍ തുടങ്ങിയവയിലെല്ലാം പ്രബീഷ് സജീവമാണ്. ഈയിടെ കൊടിഞ്ഞി ചെറുപ്പാറ ബാബുസ്സലാം മദ്‌റസ ഗോള്‍ഡന്‍ ജൂബിലി പരിപാടിയിലും പ്രധാന സംഘാടകനായിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യ സമ്മേളനത്തിലും സജീവമായി രംഗത്തുണ്ടായിരുന്നു.
കുടുംബംവക ക്ഷേത്രമുള്ള കുട്ടാപ്പു തികഞ്ഞ ഹൈന്ദവ വിശ്വാസിയാണ്. നാട്ടിലെ മുസ്‌ലിം സുഹൃത്തുക്കള്‍ക്കൊപ്പമാണ് കളിച്ചുവളര്‍ന്നതും പഠിച്ചതുമെല്ലാം. കുടുംബ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവപരിപാടികള്‍ക്കും മറ്റും മുസ്‌ലിം സുഹൃത്തുക്കളും കുടുംബവും പൂര്‍ണമായ സഹായ സഹകരണങ്ങള്‍ ഉണ്ടാകാറുള്ളതായി കുട്ടാപ്പു പറയുന്നു. ഈയിടെ കോറ്റത്തങ്ങാടി ദാറുല്‍ ഇസ്‌ലാം മദ്‌റസ, ചെറുപ്പാറ ബാബുസ്സലാം മദ്‌റസ എന്നിവയുടെ ഭാരവാഹികള്‍ കുട്ടാപ്പുവിനെ ആദരിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ടെസ്റ്റെഴുതി ഫലം കാത്തിരിക്കുകയാണ് പ്രബീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."