മുറെയ്ക്കും കെര്‍ബര്‍ക്കും അട്ടിമറിത്തോല്‍വി
മെല്‍ബണ്‍: പുരുഷ, വനിതാ സിംഗിള്‍സിലെ ഒന്നാം റാങ്കുകാര്‍ ആസ്‌ത്രേലിയന്‍ ഓപണിന്റെ പ്രീ ക്വാര്‍ട്ടറില്‍ അട്ടിമറിക്കപ്പെട്ടു. പുരുഷ സിംഗിള്‍സിലെ ഒന്നാം റാങ്കുകാരനായ ബ്രിട്ടന്റെ ആന്‍ഡി മുറെയും വനിതാ വിഭാഗത്തിലെ ടോപ് സീഡും നിലവിലെ ചാംപ്യയുമായ ജര്‍മനിയുടെ അഞ്ജലീക്ക് കെര്‍ബറുമാണ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തേക്കുള്ള വഴി കണ്ടത്. മുറെയെ ജര്‍മന്‍ താരം മിസ്ച സ്വെരേവും കെര്‍ബറെ അമേരിക്കന്‍ താരം കോക്കോ വാന്‍ഡ്‌വെഗുമാണു അട്ടിമറിച്ചത്. സ്വെരേവും വാന്‍ഡ്‌വെഗും ക്വാര്‍ട്ടറിലേക്ക് മുന്നേറി.
പുരുഷ വിഭാഗത്തില്‍ വെറ്ററന്‍ ഇതിഹാസം റോജര്‍ ഫെഡറര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ എന്നിവര്‍ ക്വാര്‍ട്ടറിലെത്തി.
വനിത വിഭാഗത്തില്‍ ആസ്‌ത്രേലിയന്‍ ഓപണിലെ ഏറ്റവും പ്രായം കൂടിയ അമേരിക്കന്‍ വെറ്ററന്‍ വീനസ് വില്ല്യംസ്, റഷ്യയുടെ പാവ്‌ല്യുചെങ്കോ, സ്പാനിഷ് താരം ഗബ്രിനെ മുഗുരുസ എന്നിവരും ക്വാര്‍ട്ടറിലേക്ക് കടന്നു.
ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ചാംപ്യനുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച് അട്ടിമറിക്കപ്പെട്ടതിനു പിന്നാലെയാണ് ഒന്നാം സ്ഥാനത്തുള്ള മുറെയ്ക്കും മടക്ക ടിക്കറ്റ് കിട്ടിയത്. മൂന്നര മണിക്കൂര്‍ പോരാട്ടത്തില്‍ നാലു സെറ്റുകള്‍ നീണ്ട മത്സരത്തിനൊടുവിലാണ് മുറെ തോല്‍വി വഴങ്ങിയത്. സ്വെരേവ് കരിയറില്‍ ആദ്യമായാണു ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍ കാണുന്നത്. സ്‌കോര്‍: 7-5, 5-7, 6-2, 6-4.
ജപ്പാന്റെ ലോക അഞ്ചാം നമ്പര്‍ താരം കെയ് നിഷികോരിയെ മാരത്തണ്‍ പോരാട്ടത്തില്‍ കീഴടക്കിയാണ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ അവസാന എട്ടിലെത്തിയത്. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-7 (4-7), 6-4, 6-1, 4-6, 6-3 എന്ന സ്‌കോറിനാണ് ഫെഡ് എക്‌സ്പ്രസിന്റെ മുന്നേറ്റം. മുറെയെ അട്ടിമറിച്ച സ്വെരേവാണ് ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി.
ഇറ്റാലിയന്‍ താരം ആന്ദ്രേ സെപ്പിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക പ്രീ ക്വാര്‍ട്ടര്‍ കടന്നത്. മൂന്നു സെറ്റുകളും ടൈ ബ്രേക്കറിലാണ് തീരുമാനമായത്. സ്‌കോര്‍: 7-6 (7-2), 7-6 (7-4), 7-6 (7-4).
ബ്രിട്ടന്റെ ഡനിയേല്‍ ഇവാന്‍സിനെ കീഴടക്കിയാണ് ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോങ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കിയത്. സ്‌കോര്‍: 6-7 (4-7), 6-2, 6-4, 6-4.
കെര്‍ബറെ ഒന്നു പൊരുതാന്‍ പോലും സമ്മതിക്കാതെയാണ് കോക്കോ വാന്‍ഡ്‌വെഗ് അട്ടിമറി നടത്തിയത്. രണ്ടു സെറ്റ് പോരാട്ടം 6-2, 6-3 എന്ന സ്‌കോറിനു അമേരിക്കന്‍ താരം സ്വന്തമാക്കി. 2015ലെ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറിലെത്തിയ താരമാണ് വാന്‍ഡ്‌വെഗ്.
അമേരിക്കന്‍ വെറ്ററന്‍ വീനസ് വില്ല്യംസ് ജര്‍മന്‍ താരം മോണ ബര്‍തേലിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-3, 7-5.
റഷ്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ സ്വെറ്റ്‌ലാന കുസ്‌നട്‌സോവയെ അട്ടിമറിച്ചാണ് പാവ്‌ല്യുചെങ്കോവിന്റെ മുന്നേറ്റം. സ്‌കോര്‍: 6-3, 6-3.
മുഗുരുസ റൊമാനിയന്‍ താരം സൊരാന ക്രിസ്റ്റയെ അനായാസം മടക്കി. സ്‌കോര്‍: 6-2, 6-3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."