ലോ അക്കാദമി പ്രക്ഷോഭം: രാജിവയ്ക്കില്ലെന്ന് ലക്ഷ്മിനായര്‍ ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം നേരിടാന്‍ തയാര്‍
തിരുവനന്തപുരം: ലോ അക്കാദമിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം നേരിടാന്‍ തയാറാണെന്ന് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ലോ അക്കാദമിയില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രക്ഷോഭം 12ാം ദിവസത്തിലേക്ക് കടന്നിരിക്കെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ച സാഹചര്യത്തിലാണ് ലക്ഷ്മി നായര്‍ വിശദീകരണവുമായി രംഗത്തുവന്നത്.
വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ വിചിത്രവും ബാലിശവുമാണെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി. രാജിയൊഴികെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയാറാണ്. താന്‍ രാജിവയ്ക്കണമെന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം വിചിത്രമാണ്. ക്ലാസ് നടത്താന്‍ തയാറാണ്. പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് വരാമെന്നും അവര്‍ വ്യക്തമാക്കി. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ല.
സര്‍വകലാശാലയുടെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം കോളജ് തുറക്കുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വിദ്യാര്‍ഥികളെ സംഘടനകള്‍ ഉപയോഗിക്കുകയാണ്. പെണ്‍കുട്ടികളുടെ ബാത്‌റൂമില്‍ വരെ കാമറ വച്ചിട്ടുണ്ടെന്ന ആരോപണം അവര്‍ നിഷേധിച്ചു. സ്വാതന്ത്ര്യമില്ലെന്ന കുട്ടികളുടെ ആരോപണം തെറ്റാണ്. ഹോസ്റ്റലില്‍ നിന്നും പുറത്തു പോകുന്നതും തിരിച്ചു വരുന്നതുമായ സമയം രേഖപ്പെടുത്താറുണ്ട്. എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. രാത്രി എട്ടു വരെ കോളജ് ലൈബ്രറി ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതിയുണ്ട്. മകന് വിവാഹം കഴിക്കാന്‍ നിശ്ചയിച്ചുറപ്പിച്ച പെണ്‍കുട്ടിയെ തേജോവധം ചെയ്യുകയാണ്.
കോളജ് അടച്ചതല്ല. ചര്‍ച്ചയ്ക്ക് തയാറാകാതെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല പഠിപ്പുമുടക്ക് പ്രഖ്യാപിച്ചതാണ്. കോളജിന് അവധിയുള്ള സമയങ്ങളില്‍ മാത്രമാണ് കുക്കറി ഷോ അടക്കമുള്ള പരിപാടികള്‍ക്ക് താന്‍ പോകുന്നതെന്നും സമരത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിയെയും ദ്രോഹിക്കില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. അധ്യാപകര്‍ക്കൊപ്പം സ്വകാര്യ ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ രണ്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."