മുസ്‌ലിംലീഗ് ജനപ്രതിനിധി പ്രതിഷേധ സമരസംഗമം നാളെ
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണസ്തംഭനം നിലനില്‍ക്കുകയാണെന്നും അധികാര വികേന്ദ്രീകരണം അട്ടിമറിക്കുകയാണെന്നും ആരോപിച്ചു മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി നാളെ മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ ജനപ്രതിനിധികളുടെ പ്രതിഷേധ സമര സംഗമം നടത്തും. മുസ്‌ലിംലീഗിന്റെ ത്രിതല പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമാണ് സമരത്തില്‍ പങ്കെടുക്കുക. കലക്ടറുടെ ബംഗ്ലാവിന്റെ പരിസരത്തുനിന്നു രാവിലെ 9.30നു ജനപ്രതിനിധികള്‍ പ്രകടനമായാണ് സമര സംഗമത്തിലേക്ക് എത്തുക.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മദീദ്, ജില്ലയിലെ മുസ്‌ലിംലീഗ് എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കും. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികള്‍ പ്രത്യേക മിഷനുകളുണ്ടാക്കി അതിന്റെ ഭാഗമാക്കിമാറ്റി പ്രാദേശിക ഭരണകൂടങ്ങളെ നോക്കുകുത്തികളാക്കുകയാണെന്നു പാര്‍ട്ടി ആരോപിച്ചു. പുതിയ പഞ്ചായത്ത്, മുനിസിപ്പല്‍ ഭരണസമിതികള്‍ നിലവില്‍ വന്നിട്ടു രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഒരു ഭവനരഹിതനു പോലും വീടു വച്ചുനല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഭാഗികമായി പ്രവൃത്തി നടന്ന കുറച്ചു വീടുകളുടെ പൂര്‍ത്തീകരണം മാത്രമാണ് നടക്കാന്‍ പോകുന്നതെന്നും ഇതിനുള്ള തുക നല്‍കുന്നത് പ്രാദേശിക ഭരണകൂടങ്ങളാണെങ്കിലും ലൈഫ് മിഷന്റെ ഭാഗമായി എന്നു പരസ്യം നല്‍കി ഗസര്‍ക്കാര്‍ ഇതുവഴി നേട്ടംകൊയ്യാന്‍ ശ്രമിക്കുകയാണെന്നും മുസ്‌ലിംലീഗ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."