അഴിമതിക്കേസിലെ പ്രമുഖന് പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമനം
തൊടുപുഴ: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ എം.ഡി കെ. പത്മകുമാറിന് കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി നിയമനം. കോടതി ഉത്തരവിന്റെ മറവിലാണ് ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി പ്രമുഖ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിച്ചിരിക്കുന്നത്.
ഡീലര്‍മാരുമായി ഒത്തുകളിച്ച് പ്രമുഖ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സിന് 2.70 കോടിരൂപ നഷ്ടം വരുത്തിയെന്നതടക്കമുള്ളതാണ് ഇദ്ദേഹത്തിനെതിരേയുള്ള കേസ്.
2016 സെപ്റ്റംബര്‍ അഞ്ചിന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പി എം. സുകുമാരനാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മൗനം പാലിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. സര്‍വിസില്‍ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ കെ.എ.എല്‍ മാനേജിംങ് ഡയറക്ടറാക്കി നിയമിച്ച് കഴിഞ്ഞ 28ന് വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍. വിജയകുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
അഴിമതിക്കേസുകള്‍ നേരിടുന്നവരാണെങ്കില്‍ പോലും സര്‍ക്കാരിന് വേണ്ടപ്പെട്ടവരാണെങ്കില്‍ ഇത്തരത്തില്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കുകയാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയുടെ തലപ്പത്ത് നിയമിച്ച ഡോ. എസ്. ഷാനവാസ് അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്നുണ്ട്.
വ്യവസായ മന്ത്രി എ.സി മൊയ്തീന്റെ സ്വന്തം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന തൃശൂര്‍ സഹകരണ സ്പിന്നിങ് മില്‍ മാനേജിംങ് ഡയറക്ടര്‍ കെ. ശശീന്ദ്രനെതിരേ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."