മെഡിക്കല്‍ കമ്മീഷന്‍ ബില്‍ അഴിമതിക്ക് കേന്ദ്രസര്‍ക്കാര്‍ ശീട്ട്
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരേ രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തിയ മെഡിക്കല്‍ ബന്ദ് നിര്‍ത്തിവച്ചെങ്കിലും ഇത്തരമൊരു ബില്ല് പ്രാബല്യത്തില്‍ വരുകയാണെങ്കില്‍ അതുകൊണ്ടുണ്ടാകാവുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. മെഡിക്കല്‍ കമ്മീഷന്‍ ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരം നിര്‍ത്തിവച്ചിരിക്കുന്നത്. ഇന്നലത്തെ സമരം ആശുപത്രി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയുണ്ടായി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും(ഐ.എം.എ) കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷനും(കെ.ജി.എം.ഒ.എ) ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒരു ദിവസത്തെ ബന്ദ്. മെഡിക്കല്‍ ബന്ദിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കമ്മീഷന്‍ രൂപീകരണത്തില്‍നിന്ന് പിന്തിരിയേണ്ടതാണ്. പ്രത്യേകിച്ച് ബില്ല് സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ട സ്ഥിതിക്ക്.
ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യൂനാനി, സിദ്ധ തുടങ്ങിയ ചികിത്സാരീതികളില്‍ ബിരുദം നേടിയവര്‍ ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപ്പതി ചികിത്സ നടത്താമെന്നാണ് മെഡിക്കല്‍ കമ്മീഷന്‍ നിലപാട്. ദുരുപദിഷ്ടവും ചികിത്സാരംഗത്ത് അനഭിലഷണീയമായ പ്രവണതകള്‍ ഉണ്ടാക്കുന്നതുമാണ് ഇത്തരമൊരു നീക്കം. ആധുനിക ചികിത്സാ രീതി സ്വായത്തമാകണമെങ്കില്‍ എം.ബി.ബി.എസ് തന്നെവേണം. കുറുക്ക് വഴിക്ക് രോഗികളുടെ ചികിത്സാവിധി നിര്‍ണയിക്കാനാവില്ല.
ഇതിന് പുറമെ മറ്റൊരു മാരണ നിയമവുംകൂടി നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. എം.ബി.ബി.എസുകാര്‍ എക്‌സിറ്റ് പരീക്ഷകൂടി പാസായാല്‍ മാത്രമേ രോഗികളെ പരിശോധിക്കാനുള്ള ലൈസന്‍സ് നല്‍കൂ എന്നതും മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതും സര്‍ക്കാരിന്റെ അധികാരം കുറക്കുന്നതുമാണ് ഇതിലെ മറ്റൊരു വ്യവസ്ഥ. 40 ശതമാനം സീറ്റില്‍ മാത്രമേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം ഉണ്ടാകൂ എന്ന് വരുന്നത് പണമുള്ളവന് മാര്‍ക്ക് വേണ്ട എന്ന പരുവത്തിലായിരിക്കും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ എത്തിക്കുക. ശരിയാംവിധം പഠിച്ച് ഡോക്ടര്‍മാരാകുന്നവര്‍ക്ക് ചികിത്സിക്കാനുള്ള അവസരം നിഷേധിക്കുകയും വ്യാജന്‍മാര്‍ക്ക് ആധുനിക ചികിത്സ നടത്താനുള്ള അനുമതി നല്‍കുന്നതിലൂടെയും വമ്പിച്ച അഴിമതിക്കാണ് കേന്ദ്രസര്‍ക്കാര്‍ കളമൊരുക്കുന്നത്.
ബ്രിഡ്ജ് കോഴ്‌സ് നടത്തുവാന്‍ സ്വകാര്യ-സ്വശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ക്ക് യഥേഷ്ടം അനുമതി നല്‍കാനാണ് നീക്കം. മെഡിക്കല്‍ കമ്മീഷനില്‍ സര്‍ക്കാര്‍ നോമിനികളാണ്താനും. അപ്പോള്‍ ഇതുവഴി കോടികള്‍ മെഡിക്കല്‍ കമ്മീഷന്‍ അംഗങ്ങള്‍ക്ക് ലഭിക്കാനുള്ള സാധ്യത ഏറെയാണ്. മാനേജ്‌മെന്റുകള്‍ക്കാകട്ടെ ഇഷ്ടമുള്ള ഫീസ് കോഴ്‌സിന് ചേരുന്നവരില്‍ നിന്ന് ഈടാക്കാന്‍ കഴിയും.
യോഗ പഠിച്ച ഒരാള്‍ നാളെ എം.ബി.ബി.എസിന് തുല്യമായ ചികിത്സാ സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങുമ്പോള്‍ അത്തരം ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കോടികള്‍ മുടക്കാന്‍ ആരാണ് തയ്യാറാവാതിരിക്കുക. ഗ്രാമീണ മേഖലയിലും ആദിവാസി ഊരുകളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാത്തതിനാലാണ് ബ്രിഡ്ജ് കോഴ്‌സ് കഴിഞ്ഞവരെ ഗ്രാമീണ മേഖലയില്‍ മോഡേണ്‍ ചികിത്സക്കായി നിയമിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം.
ഇത് ആദിവാസികളെയും ഗ്രാമീണരെയും അപമാനിക്കുന്നതിന് തുല്യമാണ്. ഗ്രാമീണര്‍ക്ക് മുറിവൈദ്യന്‍മാരുടെ ചികിത്സ മതിയെന്നാണോ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യമൊട്ടാകെ വ്യാജ ഡോക്ടര്‍മാരെക്കൊണ്ട് നിറയും. ആന്റിബയോട്ടിക്ക് ഗുളിക ഒരു രോഗിക്ക് എപ്പോള്‍ നല്‍കണമെന്ന് ശരിക്കും അറിയാനാവുക ശരീര ശാസ്ത്രം പഠിച്ച മോഡേണ്‍ ചികിത്സയില്‍ പ്രാവീണ്യമുള്ള എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്കായിരിക്കും. എന്തെങ്കിലുമൊരു ഗുളിക കൊടുത്ത് ആദിവാസികളെയും ഗ്രാമീണരെയും കൊലക്ക് കൊടുക്കുകയാണ് വ്യാജ ഡോക്ടര്‍മാരിലൂടെ കേന്ദ്രസര്‍ക്കാര്‍. പൗരന്റെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്മേലാണ് ഇത്തരം ഒരു ബില്ലിലൂടെ സര്‍ക്കാര്‍ കത്തിവയ്ക്കുന്നത്.
വ്യക്തികളുടെ ആരോഗ്യ സുരക്ഷയില്‍ സര്‍ക്കാരിന്റെ ചുമതലയും കടമയും വ്യക്തമാക്കുന്നതും പൗരന്റെ ജീവിക്കാനുള്ള അവകാശം നിര്‍വഹിച്ചും കേരള ഹൈക്കോടതി ഈയിടെയാണ് മനോജ് എം.എ തീര്‍ത്ത സ്‌റ്റേറ്റ് ഓഫ് കേരള (2016 (5) കെ.എച്ച്.സി 225) കേസില്‍ വിധി പ്രസ്താവിച്ചത്. വ്യക്തികള്‍ക്ക് ശരിയായ ചികിത്സ ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്ന ിരിക്കെ അത്തരം ചികിത്സക്കായി വ്യാജന്മാരെ നിയമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും കൂടിയാണ്. ഡോക്ടര്‍മാരെ കിട്ടാത്തത് കൊണ്ടാണ് അലോപ്പതി ഇതര ഡോക്ടര്‍മാര്‍ക്ക് മോഡേണ്‍ മെഡിസിനില്‍ ബ്രിഡ്ജ് കോഴ്‌സ് നല്‍കുന്നതെന്ന സര്‍ക്കാര്‍ വാദവും ബാലിശമാണ്. 65,000 ഡോക്ടര്‍മാരാണ് ഓരോ വര്‍ഷവും കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്. കേരളത്തില്‍ ഒരു വര്‍ഷം അയ്യായിരം ഡോക്ടര്‍മാരും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നു. ഇവരെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത ഭരണകര്‍ത്താക്കളാണ് ഡോക്ടര്‍മാരുടെ ലഭ്യത കുറവിന്റെ ഉത്തരവാദികള്‍.
എം.ബി.ബി.എസ് കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ യഥാസമയം പി.എസ്.സി വഴി നിയമനം നടത്താന്‍ സര്‍ക്കാരുകള്‍ക്ക് യാതൊരു താല്‍പര്യവുമില്ല. പി.എസ്.സി വഴി യഥാസമയം നിയമനം നടത്തിയിരുന്നുവെങ്കില്‍ പുറത്ത് കാത്ത്‌നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കുള്ള തൊഴിലവസരം നഷ്ടപ്പെടില്ലായിരുന്നു. നിലവിലുള്ളവര്‍ക്ക് സര്‍വീസ് നീട്ടിക്കൊടുക്കുന്നത് ഉദ്യോഗാര്‍ഥികളോട് ചെയ്യുന്ന ദ്രോഹവും കൂടിയാണ്. 2014ല്‍ ആണ് പി.എസ്.സി ഡോക്ടര്‍മാരെ ക്ഷണിച്ചുകൊണ്ട് അവസാനമായി വിജ്ഞാപനം പുറപ്പെടുവിച്ചത്. റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് ഇതുവരെ നിയമനം കൊടുത്തിട്ടുമില്ല. എന്നിട്ടാണ് മതിയായ ഡോക്ടര്‍മാരെ കിട്ടുന്നില്ല എന്ന പല്ലവി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്നത്. ആരോഗ്യ മന്ത്രിമാര്‍ക്കാകട്ടെ ഇതേക്കുറിച്ചു വലിയ ഗ്രാഹ്യവുമില്ല.
ഭരണകര്‍ത്താക്കളുടെ അജ്ഞതയും കൊള്ളരുതായ്മകളും പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളെപ്പോലും ഹനിക്കുകയാണ്. അതിന്റെ മികച്ച ഉദാഹരണമാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍. ബില്ല് സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് ലോക്‌സഭയിലെ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. ബില്ല് ഉപേക്ഷിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."