ബി.ജെ.പിക്കു പിന്നാലെ രജനി; തമിഴകത്ത് എതിര്‍പ്പു കനക്കുന്നു
ചെന്നൈ: പുതുതായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച നടന്‍ രജനികാന്ത് ചെന്നൈ മൈലപൂരിലുള്ള ശ്രീ രാമകൃഷ്ണ മഠത്തില്‍ എത്തി ഹൈന്ദവ നേതാക്കളുമായി ചര്‍ച്ച നടത്തി. സ്വാമി ഗൗതമ ആനന്ദ് ജി മഹാരാജ ഉള്‍പ്പെടെയുള്ള നേതാക്കളുമായി താന്‍ രൂപം നല്‍കുന്ന ആത്മീയ രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ച് നീണ്ട നേരം ചര്‍ച്ച നടത്തിയാണ് മടങ്ങിയത്.
രജനിയുടെ ഈ കൂടിയാലോചന തമിഴ്‌നാട്ടില്‍ വലിയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. രജനികാന്ത് ഹിന്ദുത്വ രാഷ്ട്രീയമാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് തമിഴര്‍ കക്ഷി നേതാവ് സീമാന്‍ ആരോപിച്ചു. യു.പി മോഡല്‍ ഭരണം തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ സംഘ് പരിവാര്‍ അജണ്ടയുമായാണ് രജനികാന്തിന്റെ നീക്കമെങ്കില്‍ അതിനെ തമിഴ്‌നാട്ടിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടയില്‍ രജനികാന്ത് ഹിമാലയത്തിലും വാരണാസിയിലും ഹൈന്ദവ- സംഘ്പരിവാര്‍ നേതാക്കളുമായി നേരത്തെ കൂടിയാലോചനകള്‍ നടത്തിയതിന്റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ പാര്‍ട്ടിയുടെ പേരും, പതാകയും, തമിഴരുടെ ദേശീയ ഉത്സവമായ പൊങ്കല്‍ദിവസം പ്രഖ്യാപിക്കുമെന്ന് രജനിയുടെ സഹോദരന്‍ സത്യ നാരായണന്‍ അറിയിച്ചു.
രജനികാന്ത് ചൊവ്വാഴ്ച വൈകുന്നേരം എളുമ്പൂരിലെ ഒരു ഹോട്ടലില്‍ പത്ര ലേഖകരുമായി അഭിമുഖം നടത്തുകയുണ്ടായി. അഭിമുഖത്തില്‍ സ്വാതന്ത്ര്യ സമരം പോലെയുള്ള സമരമാണ് തുടങ്ങുന്നതെന്നും ഇതു തമിഴ്‌നാട്ടില്‍ ആണെന്നും പറഞ്ഞു. ഇതിനു പത്ര ലേഖകരുടെ പൂര്‍ണ പിന്തുണയും സഹായവും വേണം. താനും മുന്‍പ് ഒരു പത്ര പ്രവര്‍ത്തകന്‍ ആയിരുന്നുവെന്നും രജനി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."