ജില്ലയില്‍ പരക്കെ അക്രമം
കണ്ണൂര്‍: സംസ്ഥാന കലോത്സവം കൊടിയിറങ്ങിയ കണ്ണൂരില്‍ അക്രമോത്സവം തുടങ്ങി. സി. പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന കെ.കെ.എന്‍ പരിയാരം സ്മാരക ഹാള്‍, കണ്ണൂര്‍ പള്ളിക്കുന്നില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കൂക്കിരി രാജേഷിന്റെ എടച്ചേരിയിലെ പ്രേംഗിരിയെന്ന വീട്, സി.പി.എം മൂഴിക്കര ബ്രാഞ്ച് സെക്രട്ടറി ടി സുജിത്തിന്റെ വീട്, തൊട്ടടുത്ത പാര്‍ട്ടി ഓഫിസ് എന്നിവയാണ് അക്രമിക്കപ്പെട്ടത്.
ഇന്നലെ പുലര്‍ച്ചെ ഒന്നേകാലിനാണ് സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന കെ.കെ.എന്‍ പരിയാരം ഹാളിനു നേരെ ഉഗ്രശേഷിയുള്ള രണ്ടു ബോംബുകളെറിഞ്ഞത്. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ പുറകു വശത്തു മേല്‍ക്കൂരയായി വിരിച്ചിരുന്ന ആസ്ബറ്റോസ് ഷീറ്റുകള്‍ തകര്‍ന്നുവീണു. ചുമരുകള്‍ക്കും വിള്ളലേറ്റു. സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞതെന്നു കരുതുന്നു. സംഭവസമയം സി.പി.എം ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടി പ്രകാശന്‍, ഓഫിസ് സെക്രട്ടറി പി.പി രതീഷ് എന്നിവര്‍ ഇവിടെ ഉറങ്ങുന്നുണ്ടായിരുന്നു. ഇവര്‍ക്കു പരുക്കില്ല. തളിപ്പറമ്പ് സി.ഐ കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നാലുദിവസം മുന്‍പ് തൃച്ചംബരത്തെ ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെ അക്രമം നടന്നിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് ഇപ്പോഴത്തെ അക്രമമെന്നു പൊലിസ് സംശയിക്കുന്നു.
ഡി.സി.സി ജനറല്‍ സെക്രട്ടറി കൂക്കിരി രാജേഷിന്റെ പള്ളിക്കുന്നിലെ വീട് ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് അടിച്ചു തകര്‍ത്തത്. ഹോക്കി സ്റ്റിക്കുകൊണ്ടു വീടിന്റെ ജനലുകളും വാതിലുകളും കട്ടിളയും അടിച്ചു തകര്‍ക്കുകയായിരുന്നു. അക്രമത്തില്‍ രാജേഷിന്റെ ആറുവയസുകാരന്‍ അന്‍വിന് പരുക്കേറ്റു.
ജനല്‍ ചില്ലു തെറിച്ചാണ് ഉറങ്ങുകയായിരുന്ന കുട്ടിക്ക് പരുക്കേറ്റത്. രാജേഷിന്റെ വീട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി സന്ദര്‍ശിച്ചു. അക്രമികളുടെ ദൃശ്യങ്ങള്‍ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞതിനെ തുടര്‍ന്ന് ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. പള്ളിക്കുന്ന് പാലത്തി നു സമീപത്തെ യുവാവിനെയാണു ടൗണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്.
ന്യൂമാഹി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കോടിയേരി മൂഴിക്കരയില്‍ സി.പി.എം മൂഴിക്കര ചന്ത്രോത്ത് ബ്രാഞ്ച് സെക്രട്ടറിയും കോടിയേരി ലോക്കല്‍ കമ്മറ്റിയംഗവുമായ കഴുന്നോറോടിയില്‍ ടി സുജിത്തിന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ ബോംബെറിഞ്ഞത്. ബോംബ് വീട്ടു മുറ്റത്ത് വീണ് പൊട്ടുകയായിരുന്നു. നാടന്‍ ബോംബാണ് എറിഞ്ഞതെന്ന് പൊലിസ് പറഞ്ഞു.
അക്രമത്തിനു പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
കോടിയേരി സര്‍വിസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് സുജിത്ത്. ന്യൂമാഹി എസ്.ഐ ശ്രീഹരിയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സി.പി.എം മൂഴിക്കര ലോക്കല്‍ കമ്മറ്റി ഓഫിസിനു നേരെയെു ബോംബേറുണ്ടായി. മൂന്നിടങ്ങളിലും ഫോറന്‍സിക് വിഭാഗവും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും പരിശോധനനടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."