പ്രശ്നങ്ങള്‍ക്ക് നേരെ നിസംഗരാവുന്നത് യഥാര്‍ഥ പ്രശ്നം: ഡോ. രാജഗോപാല്‍
തലശ്ശേരി: ലോകത്ത് എല്ലായിടത്തും പ്രശ്നങ്ങളുണ്ടെന്നും പ്രശ്നങ്ങളോട് നിസംഗരായി നോക്കി കാണുന്നതാണ് യഥാര്‍ഥ പ്രശ്നമെന്നും പ്രമുഖ ഗാന്ധിയന്‍ ഡോ. രാജഗോപാല്‍. കണ്ണൂര്‍ അക്രമത്തിനെതിരെ തലശ്ശേരിയില്‍ പീസ് ഫൗണ്ടേഷന് സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന് പുരോഗതി പ്രാപിക്കുന്നത് സാമ്പത്തികമായ തലത്തില്‍ മാത്രമല്ല. മറിച്ച് ബുദ്ധിപരവും സാംസ്കാരികവുമായാണ്. പുരോഗതി പ്രാപിച്ച മനുഷ്യന് സംസ്കാര ശൂന്യമായി രാഷ്ട്രീയ എതിരാളികളെ പരസ്പരം കൊല്ലുന്നതിലൂടെ പുരോഗതിയെ തഴയുന്ന അപരിഷ്കൃതനായി മാറുകയാണ്. ഡല്‍ഹിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സമാധാനത്തിലൂടെ കഴിയുമ്പോള്‍ പ്രാദേശിക തലങ്ങളില്‍ സ്ഥിരം സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഉണ്ടാവുന്നത് എന്തുകൊണ്ടാണെന്ന് നേതൃത്വത്തോടൊപ്പം അണികളും അത്മപരിശോധന നടത്തേണ്ടതുണ്ടെന്നും ഡോ. രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
എം.പി ബാലകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷനായി. എം.സി പവിത്രന്, എന്‍ ഹരിദാസ്, മണ്ണയാട് ബാലകൃഷ്ണന്, അഡ്വ. കെ.എ ലത്തീഫ്, പൊന്ന്യം കൃഷ്ണന്, സ്വാമി പ്രേമാനന്ദ, പ്രൊഫ. എ.പി സുബൈര്‍, ഫാ. തോമസ് തൈത്തോട്ടം, ടി.പി.ആര് നാഥ്, സജീവന് മാണിയത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."