മഹാരാജാസ് പ്രിന്‍സിപ്പലിനെതിരേ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു
കൊച്ചി: മഹാരാജാസ് കോളജ് പ്രിന്സിപ്പലിനെതിരേയുള്ള വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. ഇന്നലെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ ഓഫിസ് ഉപരോധിച്ചു. കോളജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീനയെ മാറ്റണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ നേതൃത്വത്തില്‍ ഉപരോധം നടത്തിയത്. എ.ബി.വി.പി പ്രവര്‍ത്തകരും ഇന്നലെ സമരം നടത്തി.
പ്രിന്‍സിപ്പല്‍ ഓഫിസില്‍ കയറാതെ മടങ്ങിയതോടെ സമരം അവസാനിപ്പിച്ചു. അതേസമയം ഹോസ്റ്റല്‍ വിദ്യാര്‍ഥികളും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരം ആരംഭിച്ചു.
ഇതിനിടെ വിദ്യാര്‍ഥി പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഇന്നലെ വൈകുന്നേരം ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ചര്‍ച്ച തുടരുമെന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. കോളജ് ക്യാംപസിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കും. ജീര്‍ണാവസ്ഥയിലുള്ള ഹോസ്റ്റല്‍ കെട്ടിടം സമഗ്രമായി പുനരുദ്ധരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് ഭരണാനുമതിക്കായി പ്രിന്‍സിപ്പല്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ ഡോ. അദീല അബ്ദുള്ള, അസി. പൊലിസ് കമ്മിഷണര്‍ കെ. ലാല്‍ജി, പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീന, അധ്യാപക വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."