'തമിഴ് രാഷ്ട്രീയത്തില്‍ രജനിക്കുള്ള സ്വീകാര്യത കമലിനില്ലെന്ന്'
ചെന്നൈ: 40 വര്‍ഷം മുന്‍പ് തമിഴ്‌നാട് സംസ്ഥാനം സാക്ഷ്യം വഹിച്ചതായിരുന്നു എം.ജി.ആറും ശിവാജി ഗണേശനും തമ്മിലുള്ള ശത്രുത. സിനിമാ രംഗത്ത് മുടിചൂടാമന്നന്‍മാരായി തിളങ്ങി നിന്ന ഇരുവര്‍ക്കും പിന്നില്‍ വന്‍പടതന്നെയുണ്ടായിരുന്നു ആരാധകരായി.
എന്നാല്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയതോടെ എം.ജി.ആറിനുണ്ടായ സ്വീകാര്യത ശിവാജിക്ക് ലഭിച്ചില്ല. അദ്ദേഹത്തിന് ആ രംഗത്തു നിന്ന് മാറി സിനിമയില്‍ തന്നെ നിലനില്‍ക്കേണ്ടി വന്നുവെന്ന് ചരിത്രം. 40 വര്‍ഷം മുന്‍പത്തെ ചരിത്രം ഇപ്പോള്‍ വീണ്ടും തമിഴ്‌നാട്ടില്‍ ആവര്‍ത്തിക്കുകയാണ്. ഇത്തവണ രജനി കാന്തും കമല്‍ഹാസനുമാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. രജനി രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും പഴയ ചരിത്രം ഓര്‍ത്തിട്ടാണോയെന്നറിയില്ല കമല്‍ഹാസന്‍ ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
തമിഴ്‌നാട്ടില്‍ എം.ജി.ആറിന്റെ റോള്‍ രജനിക്കും ശിവാജിയുടെ റോള്‍ കമലിനുമായിട്ടാണ് പലരും വിലയിരുത്തുന്നത്. രജനിക്ക് തമിഴ്‌നാട്ടിലാകമാനം ആരാധകര്‍ ഒരുപാടുണ്ട്. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനും ലളിത ജീവിതം നയിക്കുന്ന ആളുമെന്നാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. കമലാകട്ടെ ബുദ്ധിമാനും സത്യസന്ധനുമാണ്. എന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ ശോഭിക്കുകയെന്നത് കഠിനമാണെന്നാണ് ദ്രാവിഡ ചരിത്ര പണ്ഡിതനായ ആര്‍. കണ്ണന്‍ പറയുന്നത്.
തന്റെ സിനിമയിലെ കഥാപാത്രത്തിലൂടെ ജനങ്ങളുടെ പടനായകനായി നിന്ന എം.ജി.ആറിന് വലിയ പിന്തുണയാണ് പൊതുജനങ്ങള്‍ക്കിടയില്‍ ലഭിച്ചിരുന്നത്. ഇത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ അദ്ദേഹത്തിന് വലിയ സഹായകമായിരുന്നു. എന്നാല്‍ ശിവാജിക്ക് സിനിമയിലുണ്ടാക്കിയ ഇമേജ് രാഷ്ട്രീയത്തില്‍ ഗുണകരമായില്ല.
അതു തന്നെയാണ് ഇപ്പോള്‍ കമല്‍ഹാസനെയും ബാധിക്കുന്നത്. എം.ജി.ആര്‍ സിനിമയിലും രാഷ്ട്രീയത്തിലും തിളങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍മുറക്കാരായി രാഷ്ട്രീയത്തില്‍ വന്ന വിജയകാന്ത്, ശരത്കുമാര്‍ എന്നിവര്‍ക്കൊന്നും ജനസ്വാധീനം ആര്‍ജിക്കാനായില്ല. ഇതേ അവസ്ഥ തന്നെയാണ് കമല്‍ ഹാസനും നെഗറ്റീവായി നില്‍ക്കുന്നതെന്നും ആര്‍. കണ്ണന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."