പഞ്ചലോഹ വിഗ്രഹ മോഷണം:പ്രതികള്‍ റിമാന്‍ഡില്‍
കൊണ്ടോട്ടി: ക്ഷേത്രങ്ങളില്‍നിന്നു പഞ്ചലോഹ വിഗ്രഹങ്ങള്‍ മോഷ്ടിച്ച കേസില്‍ കൊണ്ടോട്ടി പൊലിസ് അറസ്റ്റ് ചെയ്ത നാലു പ്രതികളെ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി 14 ദിവത്തേക്കു റിമാന്‍ഡ് ചെയ്തു. കൊണ്ടോട്ടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കേസുകളില്ലാത്തതിനാല്‍ പ്രതികളെ കേസുള്ള കല്‍പ്പറ്റ, കോഴിക്കോട് മെഡിക്കല്‍ കോളജ്, അരീക്കോട് എന്നിവിടങ്ങളിലെ പൊലിസ് തുടരന്വേഷണത്തിനു കസ്റ്റഡിയില്‍ വാങ്ങും.
കൊണ്ടോട്ടി മുതുവല്ലൂര്‍ ആക്കത്തൊടി മുഹമ്മദലി (43), കുഴിമണ്ണ പുളിയക്കോട് ആക്കപ്പറമ്പ് മാരത്തില്‍ മുഹമ്മദ് (45), പുളിയക്കോട് പട്ടക്കണ്ടത്തില്‍ ബാബു (45), കൊണ്ടോട്ടി നീറാട് എളക്കുത്ത് ജൈസല്‍ (35) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നത്. വയനാട് പുളിയാര്‍ മല അനന്തനാഥ സ്വാമി ക്ഷേത്രം, കോഴിക്കോട് പെരുവയല്‍ കോട്ടയാട്ട് ഭഗവതി ക്ഷേത്രം, കിഴിശ്ശേരി പുളിയക്കോട് മുണ്ടക്കല്‍ കരിങ്കാളി ക്ഷേത്രം തുടങ്ങിയവയിലാണ് പ്രതികള്‍ മോഷണം നടത്തിയതായി തെളിഞ്ഞത്. കേസുകള്‍ക്ക് 15 വര്‍ഷത്തെ പഴക്കമുണ്ട്.
മോഷ്ടിച്ച വിഗ്രഹങ്ങള്‍ വീട്ടിലെത്തിച്ച പ്രതികള്‍ ഇവ വിദേശത്തേക്കു കടത്താന്‍ ശ്രമിക്കുകയായിരുന്നു. വിദേശികളടക്കം വിഗ്രഹം കാണാനെത്തിയെങ്കിലും കച്ചവടം നടന്നില്ല. പിന്നീടാണ് വിഗ്രഹത്തിലെ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ശ്രമം നടത്തിയത്. ഇതിനിടയില്‍ വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലിസ് ആവശ്യക്കാരായി വന്നു പ്രതികളെ പിടികൂടിയത്. ഡിവൈ.എസ്.പി തോട്ടത്തില്‍ ജലീല്‍, കൊണ്ടോട്ടി സി.ഐ.എം മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാങ്ങങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന്‍, അബ്ദുല്‍ അസീസ് സന്‍ജീവന്‍, ഉണ്ണിക്കൃഷ്ണന്‍ മാരാത്ത്, എസ്.ഐ രഞ്ജിത്ത്, മജീദ്, വി. ജയപ്രസാദ്, സന്തോഷ്, സുലൈമാന്‍, അശോകന്‍, സി.പി.ഒ സിയാഹുല്‍ ഹഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."