സമരം ശക്തമായി തുടരും: വയല്‍കിളികള്‍
തളിപ്പറമ്പ്: സമരത്തിന്റെ ഗതിമാറ്റി പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് വയല്‍കിളികളെ അനുകൂലിച്ച പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയതിനു പിന്നിലെന്ന് വയല്‍കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍. കീഴാറ്റൂരിലെ പരിസ്ഥിതിയെ തകര്‍ക്കാത്ത ഒരു വികസന സാധ്യത നടപ്പാക്കി വയല്‍സംരക്ഷിക്കുക എന്ന ഏക അജണ്ട വിട്ട് ആരുമായും യുദ്ധത്തിന് ഞങ്ങളില്ല. പരിസ്ഥിതി സംരക്ഷണത്തിന് പാര്‍ട്ടി ഊന്നല്‍ കൊടുക്കുന്ന നയം ഉയര്‍ത്തിപ്പിടിക്കുന്നവരെ പുറത്താക്കിയത് വിചിത്ര നടപടിയായെന്നും അദ്ദേഹം പറഞ്ഞു.
കീഴാറ്റൂരില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷവും പാര്‍ട്ടി വിലക്ക് മറികടന്ന് കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ വയല്‍കിളികള്‍ക്കൊപ്പം നിലകൊണ്ട 11 ബ്രാഞ്ച് കമ്മറ്റിയംഗങ്ങളെയാണ് കഴിഞ്ഞദിവസം സി.പി.എം പുറത്താക്കിയത്. കടുത്ത കമ്യൂണിസ്റ്റ് ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഇവര്‍ക്ക് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ സി.പി.ഐയിലേക്ക് പോകുന്നു എന്ന വാര്‍ത്തയും സുരേഷ് കീഴാറ്റൂര്‍ തള്ളി.
പുറത്താക്കപ്പെട്ട പ്രവര്‍ത്തകര്‍ സി.പി.ഐയിലേക്ക് വരാന്‍ തയാറായാല്‍ അവരെ നിറഞ്ഞ മനസോടെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി കണ്ണന്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് ആരും ഇതേവരെ സി.പി.ഐ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയല്‍ക്കിളി പ്രവര്‍ത്തകരുമായി സി.പി.ഐ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ഒപ്പംനില്‍ക്കുന്നവരെയും നാട്ടുകാരെയും ബോധ്യപ്പെടുത്തി പ്രവര്‍ത്തകര്‍ സി.പി.ഐയിലേക്ക് ചേക്കേറാനുള്ള സാധ്യതകള്‍ വിദൂരമല്ലെന്നാണ് ഇരുകൂട്ടരുടെയും നീക്കങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."