പൊലിസ് മാനസികമായി പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി
ഈരാറ്റുപേട്ട: പരാതി പറയാനെത്തിയതിനു പൊലിസ് മാനസികമായി പീഡിപ്പിച്ചതായി വീട്ടമ്മ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി. തലനാട് താന്നിക്കത്തൊടിയില്‍ ബാബുവിന്റെ ഭാര്യ ഷൈലജ ബാബുവാണ് ഈരാറ്റുപേട്ട പൊലിസിനെതിരെ കോട്ടയം എസ്.പിക്കു പരാതി നല്‍കിയിരിക്കുന്നത്. ഈ മാസം 18നു ഷൈലജയുടെ വളര്‍ത്തുനായ ചങ്ങല പൊട്ടിച്ച് അയല്‍വാസിയുടെ പറമ്പില്‍ പ്രവേശിച്ചതിനു നായയെ ക്രൂരമായി അടിച്ചതാണ് സംഭവത്തിനു തുടക്കം. രണ്ട് ദിവസത്തിന് ശേഷം ഈ നായ ചത്തുപോകുകയും ചെയ്തു.
അകാരണമായി അയല്‍വാസി മാരകമായി നായയെ മുറിവേല്‍പിച്ചതിനു ഷൈലജ ഈരാറ്റുപേട്ട പൊലിസില്‍ സംഭവദിവസം തന്നെ പരാതി നല്‍കി. പരാതി വാങ്ങിവച്ച ഈരാറ്റുപേട്ട പൊലിസ് തൊട്ടുത്ത ദിവസം സ്റ്റേഷനിലെത്താന്‍ ഷൈലജയോട് നിര്‍ദേശിച്ചു. അടുത്ത ദിവസം സ്റ്റേഷനിലെത്തിയ പരാതിക്കാരിയെയും മകനെയും എസ്.ഐ അപമാനിക്കുകയും, പരാതി വലിച്ചുകീറിക്കളയുകയുമാണ് ചെയ്തതെന്നു ഷൈലജ പറയുന്നു.
ഈരാറ്റുപേട്ട പൊലിസില്‍ നിന്നും നേരിട്ട നീതി നിഷേധത്തിനെതിരെ ജില്ലാ പൊലിസ് മേധാവിക്ക് ഇവര്‍ പരാതി നല്‍കി. പൊലിസില്‍ നിന്നും ലഭിച്ച നീതി നിഷേധത്തിനെതിരെ പരാതിയും, അയല്‍വാസിയുടെ പീഡനത്തെ തുടര്‍ന്ന് ചത്തുപോയ നായയുടെ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് ആവശ്യവും എസ്.പിക്കു നല്‍കിയ പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."