ദാരുണമായ ചില സംഭവങ്ങള്‍
ലോകോളജില്‍ സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു സുഭാഷ്. പിതാവ് സമ്പന്നനും ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നയാളുമായിരുന്നതിനാല്‍ അവനും സമൂഹത്തില്‍ മാന്യത ലഭിച്ചിരുന്നു. സ്വന്തമായി ഇരുചക്ര വാഹനം, വീട്ടില്‍ കാറ്. മോശമല്ലാത്ത ജീവിതം. അവന്റെ അവസ്ഥയ്‌ക്കൊത്ത കൂട്ടുകാര്‍. അവര്‍ക്കൊന്നും വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. അഞ്ചു പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളുമുള്ളതായിരുന്നു ആ കൂട്ടുകെട്ട്.
ഇതിനിടയില്‍ മറ്റൊരു കലാലയത്തിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുമായി സുഭാഷും കൂട്ടുകാരും സൗഹൃദത്തിലായി. കടപ്പുറത്തുള്ള ഒരു ലഹരിവില്‍പ്പനകേന്ദ്രത്തെക്കുറിച്ച് അവനില്‍നിന്നാണ് അവര്‍ അറിയുന്നത്. കഞ്ചാവിന്റെ ലഹരി ആദ്യമായി അവര്‍ അറിയുന്നതും അവനില്‍നിന്നു തന്നെ. അതൊരു ശീലമായി. കോളജിലേക്കാള്‍ സമയം ലഹരിവില്‍പ്പന കേന്ദ്രത്തിലും അതിന്റെ പരിസരങ്ങളിലുമായി അവര്‍. ക്രമേണ ലഹരിയുടെ ഡോസു കൂടിവന്നു. ഉപയോഗിക്കുന്ന ലഹരിപദാര്‍ഥത്തിന്റെ പേരും വീര്യവും കൂടി വന്നു.
ക്ലാസ് കട്ട് ചെയ്യലും കറങ്ങിനടത്തവും കൂടിക്കൊണ്ടിരുന്നപ്പോഴും അധ്യാപകരോടെല്ലാം ആ കുട്ടികള്‍ മാന്യമായി പെരുമാറിയിരുന്നു. വലിയവരുടെയും സമ്പന്നരുടെയും മക്കളടങ്ങുന്ന ആ സംഘത്തില്‍ ഒരുവന്‍ മാത്രമായിരുന്നു പാവപ്പെട്ട കുടുംബത്തിലുള്ളത്. അവന്‍ അവരുടെ സേവകനായും അത്യാവശ്യം ലഹരിപദാര്‍ഥങ്ങളുടെ കാരിയറായും പ്രവര്‍ത്തിച്ചു. ഈ വിദ്യാര്‍ഥിസംഘം ഇടയ്ക്കിടെ ബംഗളൂരു, മൈസൂരു, മുംബൈ എന്നിവിടങ്ങളിലേക്കു വിനോദയാത്ര നടത്തി. ഈ യാത്രകള്‍ ബ്രൗണ്‍ ഷുഗര്‍ തേടിയുള്ളതായിരുന്നു.
ഒരു പുതുവര്‍ഷാഘോഷരാത്രിയില്‍ കുറേയേറെ സമയം എല്ലാവരും പരമാവധി ലഹരിയാസ്വദിച്ചു. അതുകഴിഞ്ഞ് മിക്കവരും സ്വന്തം വീട്ടിലേയ്ക്കു പോയി. സുഭാഷുള്‍പ്പെടെ മൂന്നുപേര്‍ മാത്രം വീണ്ടും അവിടെയിരുന്നു ബ്രൗണ്‍ഷുഗറിന്റെ ലഹരിയാസ്വദിച്ചു. അതുപക്ഷേ, പരിധിയും കടന്നു. മൂവരും അബോധാവസ്ഥയിലായി. പിറ്റേന്നു കാലത്തു സുഭാഷിന്റെ ശരീരം ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വരാന്തയില്‍ മരിച്ചു മരവിച്ചു കിടക്കുന്ന കാഴ്ചയാണു നാട്ടുകാര്‍ കണ്ടത്.
അന്വേഷണത്തിനു പൊലിസ് എത്തി. അപ്പോഴേയ്ക്കും സുഭാഷിന്റെ ഒപ്പം രാത്രിവൈകുംവരെയും ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ അപ്രത്യക്ഷരായിരുന്നു. കൂട്ടാളികളെ തിരിച്ചറിഞ്ഞു അന്വേഷണങ്ങളും മറ്റും നടന്നു. പക്ഷേ, അന്വേഷണം എങ്ങുമെത്തിയില്ല. കുറച്ചുകാലം കൊണ്ട് എല്ലാവരും ആ സംഭവമേ മറന്നു.
സമൂഹത്തില്‍ മാന്യമായും ബഹുമാന്യനായും ജീവിച്ചിരുന്ന, സുഭാഷിന്റെ പിതാവിന്റെ ജീവിതം അതോടെ തകിടം മറിഞ്ഞു. വിഷാദരോഗത്തിന് അദ്ദേഹം അടിപ്പെട്ടു. ആളുകളില്‍നിന്നൊഴിഞ്ഞു വീട്ടില്‍ ഇരിപ്പായി. മനഃസംഘര്‍ഷവും പ്രയാസവും അനുഭവിച്ചുള്ള ജീവിതം. അതില്‍നിന്ന് അല്‍പ്പമെങ്കിലും മുക്തനാവാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. ഒരേയൊരു മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വീട്ടില്‍ഒതുങ്ങിക്കൂടി കഴിയുകയാണു സുഭാഷിന്റെ മാതാപിതാക്കള്‍. മകന്റെ ലഹരിയുപയോഗത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍.
മാനസികരോഗിയെ സൃഷ്ടിച്ച ലഹരി
റാങ്കോടെ പ്ലസ്ടു വിജയിച്ചു കേരളത്തിലെ പ്രമുഖമായ എന്‍ജിനീയറിങ് കോളജില്‍ ഉയര്‍ന്ന മെറിറ്റോടെ ചേര്‍ന്നു പഠിച്ച വിദ്യാര്‍ഥിയാണു രാഹുല്‍. അച്ഛനും അമ്മയും ഭേദപ്പെട്ട തസ്തികയിലുള്ള സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍. മൂത്തസഹോദരി കാനഡയില്‍ ജോലിചെയ്യുന്നു. ഹോസ്റ്റലിലെ ഹീറോയായിരുന്നു രാഹുല്‍. പലപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം സിനിമയ്ക്കുപോകും. രാത്രി വൈകിയാണു വരാറുള്ളതെങ്കിലും പ്രകടമായി പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല.
ഫൈനല്‍ ഇയര്‍ വരെ വീട്ടുകാര്‍ക്കു രാഹുലിനെപ്പറ്റി മോശമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ചില പേപ്പറുകള്‍ കിട്ടാനുണ്ടെന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ സ്ഥിരം പല്ലവി അവനും പറയുന്നുണ്ടായിരുന്നുവെന്നു മാത്രം. അത് എഴുതിയെടുക്കാമെന്ന് അവര്‍ സമാശ്വസിച്ചു.
പക്ഷേ, അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് അവന്റെ പെരുമാറ്റത്തിലെ അസാധാരണത്വം കണ്ടു വീട്ടുകാര്‍ ഞെട്ടിയത്. അസമയത്താണു വരവും പോക്കും. വീട്ടിലെത്തിയാല്‍ത്തന്നെ വീട്ടുകാര്‍ക്കു മുഖംകൊടുക്കില്ല. സംസാരത്തില്‍ പന്തികേട്. ഇതെല്ലാം കണ്ട് സംശയം തോന്നിയ പിതാവ് ഒരിക്കല്‍ അവന്റെ ബാഗ് പരിശോധിച്ചു. അതു ഞെട്ടിക്കുന്ന സംഭവമായിരുന്നു. രാഹുലിന്റെ ബാഗില്‍ ഒന്നരക്കിലോയോളം തൂക്കംവരുന്ന കഞ്ചാവ്!
അതുകണ്ടു ചോദ്യം ചെയ്ത പിതാവിനെതിരേ ആക്രോശിച്ചുകൊണ്ട് ആക്രമിക്കാനായി എടുത്തുചാടുകയായിരുന്നു രാഹുല്‍. കൈയോ കാലോ വളരുന്നതെന്നു നോക്കി ഓമനിച്ച, ലക്ഷക്കണക്കിനു രൂപ ചെലവു ചെയ്തു പ്രതീക്ഷയോടെ പഠിപ്പിച്ച മകനില്‍നിന്ന് ഓര്‍ക്കാപ്പുറത്തുണ്ടായ അനുഭവം. അവന്റെ മാതാപിതാക്കള്‍ ആകെ അസ്ത്രപ്രജ്ഞരായിപ്പോയി. അതൊന്നും വകവയ്ക്കാതെ അവന്‍ അച്ഛനെയും അമ്മയെയും ചീത്തവിളിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
അതോടെ രാഹുലിന്റെ വീട്ടിലേയ്ക്കുള്ള വരവ് വല്ലപ്പോഴുമായി. പകലും രാത്രിയുമൊക്കെ തോന്നിയിടത്ത്. ആര്‍ക്കും ചോദ്യം ചെയ്യാന്‍ വയ്യ. ഇതിനിടയില്‍ പരീക്ഷാഫലം വന്നു. നാലുവര്‍ഷത്തിനിടയില്‍ അവന്‍ കടമ്പചാടിയതു നാലുപേപ്പറില്‍ മാത്രം. കോളജില്‍ മാസങ്ങളോളം വരാതിരുന്നതിന്റെ പേരില്‍ അവനെ സസ്‌പെന്‍ഡ് ചെയ്തിരുന്നെന്നും അവര്‍ അറിഞ്ഞു. 'വാടകപ്പിതാവിനെ' കൊണ്ടുവന്നാണു പുനഃപ്രവേശനം നേടിയത്.
കലാലയജീവിതം വിട്ടശേഷം രാഹുലിന്റെ കളി വലിയ ലഹരി റാക്കറ്റിനൊപ്പമായി. പോണ്ടിച്ചേരിയില്‍നിന്ന് എല്‍.എസ്.ഡി പോലെയുള്ള മാരകമായ ലഹരി പദാര്‍ഥങ്ങള്‍ കടത്തിക്കൊണ്ടുവരികയും കേരളത്തില്‍ പലയിടത്തും വിതരണം ചെയ്യുകയും ചെയ്യുകയായിരുന്നു പതിവു ജോലി. എറണാകുളത്തും പാതിരാമണലിലും സ്ഥിരമായി ലഹരിയാഘോഷം. അവന്‍പോലുമറിയാതെ അവന്‍ കേരളത്തിലെ ഏറ്റവും വലിയ ലഹരിറാക്കറ്റിലെ കണ്ണിയായി മാറിയിരുന്നു.
പലരുടെയും ഉപദേശപ്രകാരം അച്ഛനമ്മമാര്‍ രാഹുലിനെ ഡി-അഡിക്ഷന്‍ സെന്ററിലെത്തിച്ചു ചികിത്സിക്കാന്‍ തീരുമാനിച്ചു. അതിനായി നിര്‍ബന്ധിച്ചു. അവന്‍ അത് അനുസരിച്ചില്ലെന്നു മാത്രമല്ല വീട്ടില്‍ അക്രമമുണ്ടാക്കി പണവും സ്വര്‍ണവുമെടുത്ത് എവിടേക്കോ യാത്രയായി.
മാതാപിതാക്കള്‍ പത്രപ്പരസ്യം വരെ നല്‍കി മകനായി കാത്തിരുന്നു. തിരിച്ചെത്തിയാല്‍ സ്വത്തുമുഴുവന്‍ നല്‍കാമെന്നുവരെ പരസ്യത്തില്‍ അറിയിച്ചു. പൊലിസില്‍ പരാതി നല്‍കി. അവസാനം മുംബൈയിലെ അധോലോകകേന്ദ്രത്തില്‍വച്ചാണ് അവന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ തിരിച്ചുകിട്ടിയത്.
അപ്പോഴേക്കും ലഹരിയുപയോഗം മൂലം അവന്‍ മാനസികരോഗിയായി മാറിയിരുന്നു. ആറുമാസത്തെ തുടര്‍ചികിത്സ. അതു കഴിഞ്ഞു കൗണ്‍സലിങ്. ഫലപ്രദമായ ചികിത്സയിലൂടെ ഒരുവിധം പൂര്‍വസ്ഥിതിയിലെത്താന്‍ രാഹുലിനു കഴിഞ്ഞു. ഇപ്പോള്‍ ബി.ടെക് ഉപേക്ഷിച്ചു ബി.എയ്ക്കു ചേര്‍ന്നു പഠിക്കുകയാണവന്‍.
ഇനിയെങ്കിലും സ്വസ്ഥമായ ജീവിതം നയിക്കാന്‍ കഴിയുമെന്നാണു രാഹുലിന്റെ പ്രതീക്ഷ. പക്ഷേ, മകന്റെ വഴിവിട്ട ജീവിതത്തിനു സാക്ഷിയാകേണ്ടി വന്ന മാതാവ് പൂര്‍ണമായും തകര്‍ന്നിരുന്നു. സഹോദരന്റെ ജീവിതകഥകള്‍ അറിഞ്ഞ സഹോദരി കാനഡയില്‍നിന്നു പിന്നെ നാട്ടിലെത്തിയിട്ടില്ല. നാട്ടുകാരുടെ പരിഹാസവാക്കുകളും നോട്ടങ്ങളും സഹിക്കാനാവാതെ രാഹുലിന്റെ കുടുംബം മറ്റൊരിടത്തേയ്ക്കു താമസം മാറി. മാനസികവിഷമം നിമിത്തം പിതാവ് വി.ആര്‍.എസ് എടുത്തു. ഇപ്പോള്‍ ഒരു കുഗ്രാമത്തില്‍ ആരോടും കൂട്ടില്ലാതെ ഒറ്റപ്പെട്ടു കഴിയുകയാണ് ആ കുടുംബം.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."