കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ കൈവിട്ടിട്ടില്ല: തോമസ് ഐസക്
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൈവിട്ടിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇടതുപക്ഷ ബദലിലെ ഏറ്റവും മുഖ്യഭാഗമാണ് പൊതുമേഖലയുടെ സംരക്ഷണം. 202 കോടി രൂപ നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ഈ വര്‍ഷം 40 കോടി രൂപ ലാഭത്തിലെത്തിയിട്ടുണ്ട്. ഇതുപോലെ കെ.എസ്.ആര്‍.ടി.സി.യെ നഷ്ടവും ലാഭവും ഇല്ലാത്ത സ്ഥാപനമായെങ്കിലും മാറ്റുന്നതിനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പെന്‍ഷന്‍ ഏറ്റെടുത്താല്‍ തീരുന്നതല്ല കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിസന്ധി. പെന്‍ഷനുവേണ്ട പണം സര്‍ക്കാര്‍ നല്‍കാതിരിക്കുന്നതു കൊണ്ടല്ല പ്രതിസന്ധിയെന്നതും എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
ഇല്ല. കെ.എസ്.ആര്‍.ടി.സി.യെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കൈവിട്ടിട്ടില്ല, കൈവിടുകയുമില്ല. കാരണം, ഇടതുപക്ഷ ബദലിലെ ഏറ്റവും മുഖ്യഭാഗമാണ് പൊതുമേഖലയുടെ സംരക്ഷണം. 202 കോടി രൂപ നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ഈ വര്‍ഷം 40 കോടി രൂപ ലാഭത്തിലെത്തിയിട്ടുണ്ട്. ഇതുപോലെ കെ.എസ്.ആര്‍.ടി.സി.യെ നഷ്ടവും ലാഭവും ഇല്ലാത്ത സ്ഥാപനമായെങ്കിലും മാറ്റുന്നതിനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കൈവിട്ടുവെന്ന് പറയുന്ന നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയ സഹായം നമുക്ക് നോക്കാം. പെന്‍ഷന്‍റെ പകുതി സര്‍ക്കാര്‍ നല്‍കാമെന്നതാണ് കെ.എസ്.ആര്‍.ടി.സി.യുമായി നിലവിലുള്ള ധാരണ. ഇത് അനുസരിച്ച് ഒരു വര്‍ഷം 360 കോടി രൂപ നല്‍കിയാല്‍ മതി. ഇന്നലെ നല്‍കിയ 70 കോടി രൂപയടക്കം 630 കോടി രൂപ 10 മാസംകൊണ്ട് നല്‍കിക്കഴിഞ്ഞു. മുഴുവന്‍ പെന്‍ഷന്‍ ഏറ്റെടുത്താലും 600 കോടി രൂപ കൊടുത്താല്‍ മതിയല്ലോ. അതുകൊണ്ട് ഒരു കാര്യം എല്ലാവരും മനസിലാക്കണം. പെന്‍ഷന്‍ ഏറ്റെടുത്താല്‍ തീരുന്നതല്ല കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിസന്ധി. പെന്‍ഷനുവേണ്ട പണം സര്‍ക്കാര്‍ നല്‍കാതിരിക്കുന്നതു കൊണ്ടല്ല പ്രതിസന്ധിയെന്നതും.
ഇതിനു പുറമേ, സര്‍ക്കാര്‍ ഗ്യാരണ്ടി നിന്ന് 505 കോടി രൂപ വായ്പയെടുത്തും നല്‍കിയിട്ടുണ്ട്. പദ്ധതിവിഹിതമായി മറ്റൊരു 47 കോടി രൂപ വേറെയും നല്‍കി. ഇതിനൊക്കെ പുറമേയാണ് പുതിയ ബസുകള്‍ വാങ്ങാന്‍ കിഫ്ബി വഴി 325 കോടി രൂപ നല്കികയത്. എല്ലാംകൂടി എടുക്കുമ്പോള്‍ ഏതാണ്ട് 1507 കോടി രൂപയുടെ സഹായമാണ് നടപ്പു സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കിയത്.
ഈ വര്‍ഷം 660 കോടി രൂപയാണ് ഇതിനോടകം സംസ്ഥാന ബജറ്റില്‍ നിന്ന് നല്‍കിയതെങ്കില്‍ വരും വര്‍ഷം 1000 കോടി നല്‍കാമെന്നാണ് ബാങ്കുകളുമായിട്ടുള്ള കരാറില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. അതിനടുത്ത വര്‍ഷവും 1000 കോടി നല്‍കും. എങ്കിലേ ഉയര്‍ന്ന പലിശയുള്ള ഹ്രസ്വകാല വായ്പകള്‍ ചുരുങ്ങിയ പലിശയ്ക്കുള്ള ദീര്‍ഘകാല വായ്പയായി മാറ്റാന്‍ ബാങ്കുകള്‍ സമ്മതിക്കുകയുള്ളൂ.
എന്തുകൊണ്ടാണ് രണ്ടു കൊല്ലം ഏതാണ്ട് 1000 കോടി രൂപ വീതം നല്‍കണമെന്ന നിഗമനത്തിലെത്തിയത്? സുശീല്‍ ഖന്ന കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ക്കു വേണ്ടി SBI CAPS വിശദമായ പഠനം നടത്തി വരുമാനം ഉയര്‍ത്താനും ചെലവു ചുരുക്കാനുമുള്ള നടപടികള്‍ ചിട്ടപ്പെടുത്തിയിരുന്നു. ഈ നടപടികള്‍ ഫലപ്രാപ്തിയില്‍ എത്താന്‍ രണ്ടു കൊല്ലമെടുക്കും. ഈ അന്തരാളഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി.യുടെ വരവും ചെലവും തമ്മിലുള്ള വിടവ് നികത്താന്‍ കെ.എസ്.ആര്‍.ടി.സി. മറ്റു വായ്പയെടുക്കാന്‍ പാടില്ല എന്നതാണ് ബാങ്കുകളുടെ ആവശ്യം. അത് സര്‍ക്കാര്‍ അംഗീകരിച്ചു. എന്നുപറഞ്ഞാല്‍ ഈ വിടവ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നികത്തിക്കൊടുക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് അര്‍ത്ഥം. അങ്ങനെയാണ് അടുത്ത രണ്ടു വര്‍ഷം 1000 കോടി രൂപ വീതം സര്‍ക്കാര്‍ സഹായമെന്ന കണക്കില്‍ എത്തിയത്.
പക്ഷെ ഇതൊരു പാക്കേജാണ്. വരവു കൂട്ടാനും ചെലവ് ചുരുക്കാനുമുള്ള നടപടികള്‍ കര്‍ശനമായി സ്വീകരിച്ചില്ലെങ്കില്‍ ഈ വിടവ് 1000 കോടിയിലൊന്നും ഒതുങ്ങില്ല. ഒരു ബാങ്കും കെ.എസ്.ആര്‍.ടി.സി.ക്ക് വായ്പയും നല്‍കില്ല. ഈ സ്ഥിതി ആ സ്ഥാപനത്തെ അനിവാര്യമായ പതനത്തിലേക്ക് നയിക്കും.
അതുകൊണ്ട് കെ.എസ്.ആര്‍.ടി.സി.യെ സ്നേഹിക്കുന്നവര്‍ ഈ സമഗ്ര പാക്കേജ് നടപ്പിലാക്കുന്നതിന് മുന്‍കൈയെടുക്കുകയും സഹകരിക്കുകയുമാണ് വേണ്ടത്.
പെന്‍ഷന്‍ ഏറ്റെടുക്കണമെന്ന ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഗതാഗത വകുപ്പ് നല്‍കിയ സത്യവാങ്മൂലമാണ് ഇന്നലെ വാര്‍ത്തയായത്. പെന്‍ഷന്‍ ഏറ്റെടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. പെന്‍ഷന്‍ ഏറ്റെടുത്താല്‍ തീരുന്നതല്ല കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിസന്ധി എന്ന് നേരത്തെതന്നെ പറഞ്ഞൂവല്ലോ.
നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പളവും പെന്‍ഷനും ഏറ്റെടുത്തു പ്രതിസന്ധി പരിഹരിക്കലല്ല, മറിച്ച് സമഗ്രമായ പരിഷ്കാരങ്ങളിലൂടെ അവയെ ശമ്പളവും പെന്‍ഷനും നല്‍കാന്‍ പ്രാപ്തരാക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം. ഇതിനാവശ്യമായ സഹായങ്ങള്‍ എന്തൊക്കെയാണോ അതെല്ലാം നല്‍കും.
KSRTC യെ സര്‍ക്കാര്‍ കയ്യൊഴിഞ്ഞു എന്ന വാര്‍ത്ത എഴുതുന്നവര്‍ ആ സത്യവാങ്മൂലത്തിന്‍റെ ഈ ഭാഗം വായിച്ചിട്ടുണ്ടാവില്ല. ഞാനും വിവാദമുണ്ടായതിനുശേഷമാണത് വായിച്ചത്.
സത്യവാങ്മൂലത്തിന്‍റെ ഖണ്ഡിക 16 ല്‍ പറയുന്നത് നോക്കൂ. “It is submitted that in order to overcome the crisis,financial restructuring of loans availed by KSRTC is being processed by Government, on completion of which it is expected that KSRTC can overcome the financial crisis, enabling to clear the monthly retirement arrears”. എന്നിട്ട് ഇങ്ങനെ ഉപസംഹരിക്കുകയും ചെയ്യുന്നു. ”As stated above, all possible steps are being taken by the Government to assist KSRTC to overcome the present Financial Crisis”. ഇതെങ്ങനെയാണ് KSRTCയെ കയ്യൊഴിയലാകുന്നത്? കെ.എസ്.ആര്‍.ടി.സി.യിലെ പ്രതിസന്ധികള്‍ക്ക് സമഗ്രപരിഹാരത്തിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."