മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവം: അസി. പ്രൊഫസര്‍ അറസ്റ്റില്‍
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയേറ്ററിനകത്തുവച്ച് പീഡന ശ്രമം നടന്നെന്ന പരാതിയില്‍ ആരോപണ വിധേയനായ അസിസ്റ്റന്റ് പ്രൊഫസര്‍ അറസ്റ്റില്‍. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഹബീബ് മുഹമ്മദ് (47) നെയാണ് പേരാമംഗലം സി.ഐ ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ശസ്ത്രക്രിയ നടക്കുന്നതിനിടെ തന്റെ കൈയില്‍ കടന്ന് പിടിച്ചെന്നും എതിര്‍ത്തപ്പോള്‍ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം ഉയര്‍ന്നിരുന്നത്. ഡോക്ടര്‍ വിദ്യാര്‍ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. വൈസ് പ്രിന്‍സിപ്പലിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ഇന്നലെ കോളജില്‍ തെളിവെടുപ്പ് നടന്നു.
ഇതിനിടയില്‍ സ്ഥലത്തെത്തിയ അനില്‍ അക്കര എം.എല്‍.എ തെളിവെടുപ്പിനെതിരേ രംഗത്തെത്തി. ആരോപണ വിധേയനെ രക്ഷിക്കാന്‍ ഗൂഢപദ്ധതി നടക്കുകയാണെന്നും എം.എല്‍.എ ആരോപിച്ചു. വിദ്യാര്‍ഥികളില്‍ നിന്ന് പരാതി കേട്ട എം.എല്‍.എ അസി. പ്രൊഫസറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ഇതിനെ തുടര്‍ന്നാണ് പൊലിസ് മെഡിക്കല്‍ കോളജിലെത്തി പ്രൊഫസറെ അറസ്റ്റ് ചെയ്തത്.
അതിനിടെ ഇയാളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് യൂനിയന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ ഓഫിസിന് മുന്നില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തി. ആരോപണ വിധേയന്റെ കോലവും കത്തിച്ചു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ ശരത് ബാബു, രാഹുല്‍, ആദിന്‍, അഞ്ജു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."