സത്താര്‍ ആദുര്‍ ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
തൃശൂര്‍: കുഞ്ഞന്‍ പുസ്തകങ്ങളുടെ രചയിതാവും നിര്‍മാതാവുമായ സത്താര്‍ ആദുര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഓള്‍ ഗിന്നസ് റെക്കോര്‍ഡ്‌സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിനിധിയും യു.ആര്‍.എഫ് ഏഷ്യന്‍ ജൂറിയുമായ ഡോ. ഗിന്നസ് സുനില്‍ ജോസഫ് തൃശൂര്‍ പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സത്താര്‍ ആദൂരിന് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. ഒരു സെന്റിമീറ്റര്‍ മുതല്‍ അഞ്ചു സെന്റിമീറ്റര്‍ വരെയുള്ള 3137 ചെറുതും വ്യത്യസ്തവുമായ പുസ്തകങ്ങളുടെ ശേഖരത്തിനാണ് സത്താര്‍ ആദുരിന് ഗിന്നസ് റെക്കോര്‍ഡ്.
അസല്‍ബൈജാന്‍ സ്വദേശിനി സലഖോയ സരിഫ തൈമൂറിന്റെ പേരില്‍, 7.5 സെന്റിമീറ്റര്‍ വരെയുള്ള 2913 പുസ്തകങ്ങളുടെ റെക്കോര്‍ഡാണ് സത്താര്‍ മറികടന്നത്. സാഹിത്യ പ്രവര്‍ത്തനത്തിലൂടെ ഗിന്നസില്‍ ഇടം നേടുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന അപൂര്‍വനേട്ടത്തിനു കൂടി ഉടമയായ സത്താര്‍, കേരളത്തില്‍ നിന്നും വ്യക്തിഗത ഇനത്തില്‍ റെക്കോര്‍ഡ് നേടുന്ന പന്ത്രണ്ടാമനാണ്.
21 അടിനീളവും എട്ടടി വീതിയുമുള്ള ഷെല്‍ഫില്‍ 2710 കഥാസമാഹാരങ്ങളും 427 കവിതാസമാഹാരങ്ങളും 38 ബോക്‌സുകളില്‍ പ്രത്യേകം ക്രമീകരിച്ച് 2016 ജൂണ്‍ നാലിന് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിലായിരുന്നു സത്താറിന്റെ ഗിന്നസ് റെക്കോര്‍ഡ് ശ്രമം. 2780 സമാഹാരങ്ങള്‍ മലയാളത്തിലും 357 എണ്ണം ഇംഗ്ലീഷിലും ഉള്ളവയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."