ആസ്‌ത്രേലിയന്‍ ഓപണ്‍ നദാല്‍, സെറീന സെമിയില്‍
സിഡ്‌നി: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റ് പുരുഷ വിഭാഗം സിംഗിള്‍സില്‍ സൂപ്പര്‍ റാഫേല്‍ നദാല്‍ സെമിയില്‍ കടന്നു. ആവേശകരമായ പോരാട്ടത്തില്‍ ലോക മൂന്നാം നമ്പര്‍ താരം മിലോസ് റാവോനിക്കിനെ പരാജയപ്പെടുത്തിയാണ് നദാല്‍ സെമിയില്‍ കടന്നത്. സ്‌കോര്‍ 6-4, 7-6, 6-4.
പ്രമുഖ താരങ്ങള്‍ അതിവേഗം മടങ്ങിയ ടൂര്‍ണമെന്റില്‍ അപ്രതീക്ഷിതമായിരുന്നു നദാലിന്റെ മുന്നേറ്റം. 2014ലെ ഫ്രഞ്ച് ഓപണിന് ശേഷം നദാലിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം സെമി ഫൈനലാണിത്. സെമിയില്‍ ജയിക്കുകയാണെങ്കില്‍ നദാലിന് റോജര്‍ ഫെഡററുമായി ഒന്‍പതാമത് ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ മത്സരിക്കാനുള്ള സാധ്യതയേറും.
റാവോനിക്ക് അനായാസ വിജയം നേടുമെന്ന് കരുതിയ മത്സരത്തില്‍ അപ്രതീക്ഷിതമായിരുന്നു നദാലിന്റെ മുന്നേറ്റം. ആദ്യ സെറ്റില്‍ റാവോനിക്കിന്റെ സെര്‍വുകള്‍ രണ്ടു തവണ ഭേദിച്ച നദാല്‍ അതിവേഗം മത്സരത്തില്‍ മുന്നിലെത്തി. വേഗമേറിയ എയ്‌സുകള്‍ റാവോനിക്കിനെ സമ്മര്‍ദത്തിലാഴ്ത്തുകയും ചെയ്തു. ആദ്യ സെറ്റ് സ്വന്തമാക്കിയതോടെ നദാല്‍ ആത്മവിശ്വാസത്തിലേക്കുയര്‍ന്നു.
രണ്ടാം സെറ്റില്‍ സെറ്റിനിടെ റാവോനിക്കിന് പരുക്കേറ്റത് ആശങ്കയ്ക്കിടയാക്കിയെങ്കിലും താരം തിരിച്ചെത്തി. മുന്നില്‍ നില്‍ക്കുകയായിരുന്ന നദാലിനെ തിരിച്ചുവരവില്‍ ഞെട്ടിക്കാന്‍ റാവോനിക്കിന് സാധിച്ചു. തുടരെ മൂന്ന് സെറ്റ് പോയിന്റ് സ്വന്തമാക്കിയ റാവോനിക്ക് നദാലിനൊപ്പമെത്തി. ഇതോടെ മത്സരം ആവേശത്തിലായി. ഇഞ്ചോടിഞ്ച് പോരാട്ടം ഇരുവരും കാഴ്ച്ചവച്ചു. ടൈബ്രേക്കറിലാണ് നദാല്‍ ഈ സെറ്റ് സ്വന്തമാക്കിയത്.
നിര്‍ണായകമായ മൂന്നാം സെറ്റില്‍ വേണ്ടത്ര മികവിലേക്കുയരാന്‍ റാവോനിക്ക് സാധിക്കാതിരുന്നതോടെ നദാല്‍ സെമിയിലേക്ക് മുന്നേറുകയായിരുന്നു. സെമിയില്‍ ഗ്രിഗോര്‍ ദിമിത്രോവാണ് നദാലിന്റെ എതിരാളി. ഡേവിഡ് ഗോഫിനെയാണ് ദിമിത്രോവ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-2, 6-4.
വനിതാ വിഭാഗം സിംഗില്‍സില്‍ സൂപ്പര്‍ താരം സെറീന വില്യംസ് സെമിയില്‍ കടന്നു. ബ്രിട്ടന്റെ ജൊഹാന കോണ്ടയെ തകര്‍ത്തെറിഞ്ഞാണ് സെറീന സെമിയിലെത്തിയത്. സ്‌കോര്‍ 6-2, 6-3. മിര്‍ജാനി ലൂസിക് ബാരോനിയാണ് സെമിയില്‍ സെറീനയ്ക്ക് എതിരാളി.
അടുത്തിടെ നടന്ന ടൂര്‍ണമെന്റുകളില്‍ നിറം മങ്ങിയ പ്രകടനം കാഴ്ച്ചവച്ച സെറീനയ്ക്ക് ആസ്‌ത്രേലിയന്‍ ഓപണിലും കാലിടറുമോ എന്ന ആശങ്കയോടെയാണ് മത്സരം ആരംഭിച്ചത്.
പക്ഷേ സെറീനയുടെ തകര്‍പ്പന്‍ നീക്കങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പോലും കോണ്ടയ്ക്ക് സാധിച്ചില്ല. അതിവേഗമാണ് താരം മത്സരം സ്വന്തമാക്കിയത്.
അതേസമയം ബാരോനി ചെക് താരം കരോലിന പ്ലിസ്‌കോവയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 3-6, 6-4. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബാരോനി മത്സരം നേടിയെടുത്തത്.
സാനിയ-ഡോഡിജ് സഖ്യം സെമിയില്‍
സിഡ്‌നി: ആസ്‌ത്രേലിയന്‍ ഓപണ്‍ മിക്‌സഡ് ഡബിള്‍സിലെ ഇന്ത്യന്‍ സഖ്യങ്ങളുടെ പോരാട്ടത്തില്‍ സാനിയ മിര്‍സ-ഇവാന്‍ ഡോഡിജ് ജോഡി ജയത്തോടെ സെമിയില്‍ കടന്നു. രോഹന്‍ ബൊപ്പണ്ണ-ഗബ്രിയേല ദാബ്രോവ്‌സ്‌കി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-4, 3-6, 12-10.
തീപ്പാറും മത്സരമാണ് മിക്‌സഡ് ഡബിള്‍സില്‍ നടന്നത്. ഇഞ്ചോടിഞ്ച് ഇരു ജോഡികളും പൊരുതിയതോടെ ലീഡ് നില ഇരുപക്ഷത്തേക്കും മാറി മറിഞ്ഞു.
ആദ്യ സെറ്റ് സാനിയ സഖ്യം മത്സരം സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ബൊപ്പണ്ണ സഖ്യത്തിനായി.
ഇതോടെ ടൈബ്രേക്കറിലേക്ക് നീണ്ടു. ഇതില്‍ ബൊപ്പണ്ണ-ദാബ്രോവ്‌സ്‌കി സഖ്യത്തിന്റെ ചെറിയ പിഴവ് മുതലെടുത്താണ് സാനിയ-ഡോഡിജ് സഖ്യം മത്സരം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."