സ്വരരാഗ പ്രവാഹമായി ഗന്ധര്‍വ നാദം
തിരുവനന്തപുരം:ശരാശരി മലയാളിയുടേയും ഒരോ ദിവസങ്ങളും കടന്നു പോകുന്നത് കൊച്ചിക്കാരന്‍ കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ ശബ്ദം കേട്ടുകൊണ്ടാവും. മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റൊരു പാട്ടുകാരന്‍ ഇനി മലയാളത്തിലുണ്ടാവുമോ എന്ന് സംശയമുണ്ട്. 1961 നവംബര്‍ പതിനാലിനാണ് യേശുദാസ് ആദ്യമായി ഒരു ചലച്ചിത്ര ഗാനം ആലപിക്കുന്നത്. കെ.എസ്.ആന്റണിയുടെ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തില്‍. 'ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സര്‍വരും, എന്നു തുടങ്ങുന്ന പാട്ടായിരുന്നു ആദ്യ ഗാനം. ഇപ്പോഴും യേശുദാസ് പാടികൊണ്ടിരിക്കുന്നു. ശബരിമലയില്‍ അയ്യപ്പനെ ഉറക്കുന്നതും അഹിന്ദുവായ യേശുദാസാണ്.
അരലക്ഷത്തിലേറെ ഗാനങ്ങളിലൂടെയുള്ള സ്വപ്ന സഞ്ചാരമാണ്. അന്ന് തൊട്ടു ഇന്നുവരെ മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും യേശുദാസിന്റെ ഗാനങ്ങള്‍ പിന്നണിയിലുണ്ട്. പതിറ്റാണ്ട് പിന്നിട്ടിട്ടും ഇടര്‍ച്ചയില്ലാതെ ആ നാദധാര ഒഴുകിക്കൊണ്ടേയിരിക്കുന്നു.
നിലയ്ക്കാത്ത നാദമായി ആ ഗാന കോകിലം യാത്ര തുടരുന്നു.1961ലെ ജൂണ്‍ മാസം ടാക്‌സി ഡ്രൈവര്‍ മത്തായിച്ചേട്ടന്‍ നല്‍കിയ 16 രൂപയുമായി മദ്രാസിലെ മൈലാപൂരിലേക്ക് തീവണ്ടി കയറുമ്പോള്‍ യേശുദാസ് എന്ന കെ.ജെ യേശുദാസ് പോലും ചിന്തിച്ചിട്ടുണ്ടാകില്ല മലയാളം മരിക്കുവോളം അനശ്വരമാകുന്ന മഹത്തായ ഒരു സംഗീത നിര്‍വഹണത്തിന്റെ തീര്‍ത്ഥാടനമായിരിക്കും അതെന്ന്.
ഒന്നും അനായാസമായിരുന്നില്ല യേശുദാസിന്. ദാരിദ്രം, പട്ടിണി, നിരുത്സാഹപ്പെടുത്തുന്ന എതിര്‍പ്പുകള്‍, പക്ഷേ നിശ്ചയദാര്‍ഢ്യത്തോടെ അദ്ദേഹം സംഗീത സാഗരങ്ങളെ പാടിയുണര്‍ത്തി. പാട്ടിന്റെ പാലാഴി തീര്‍ത്ത് ചലച്ചിത്ര സംഗീതത്തിന്റെ കനക സിംഹാസനത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. കസ്തൂരി മണക്കുന്ന പാട്ടുകളിലൂടെ മാപ്പിള പാട്ടിന്റെ ഇശലുകളിലൂടെയും മലയാളിയുടെ ഗാനഗന്ധര്‍വനായി. കശ്മീരി, ആസാമീസ് ഭാഷകളൊഴിച്ച് എല്ലാ ഇന്ത്യന്‍ ഭാഷകളെയു ശബ്ദ മാധുര്യം കൊണ്ട് സമ്പന്നമാക്കി. കെ.ജെ യേശുദാസ്. കടല്‍ കടന്ന് അറബിയിലും ലത്തീനിലും ഇംഗ്ലീഷിലും റഷ്യനിലും പാടി. ലോകം കീഴടക്കുകയായിരുന്നു യേശുദാസ്. ഓരോ മലയാളിയ്ക്കും അഭിമാനിയ്ക്കാം. ഗാനഗന്ധര്‍വന്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."