കരിഞ്ഞ മാംസഗന്ധമുയരുന്ന മ്യാന്മര്‍
മനുഷ്യത്വം മരവിച്ച ബുദ്ധകാപാലികരുടെ കൊടുംക്രൂരതകള്‍ക്കിരയായി പ്രാണനുവേണ്ടി നിലവിളിക്കുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കരളലിയിക്കുന്ന രംഗങ്ങള്‍ പത്ര-മാധ്യമങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. വംശീയ ഉന്മൂലനം ഏറ്റവും ഭീതിദമായ രീതിയില്‍ പ്രയോഗവത്കരിക്കുന്നതിന്റെ ഒടുവിലത്തെ ഇരകളാണവര്‍. ബുദ്ധിസ്റ്റ് ഭീകരരുടെ ക്രൂരചെയ്തികള്‍ക്ക് ഓശാന പാടുന്നതാകട്ടെ ഭരണകൂടവും.
ഉറുമ്പിനെപ്പോലും കൊല്ലരുതെന്നു പഠിപ്പിക്കുകയും സത്യസന്ധമായ ജീവിതം നയിച്ചു മാതൃകകാട്ടുകയും ചെയ്ത ഗൗതമബുദ്ധനെ അനുധാവനം ചെയ്യുന്ന അഹിംസാവാദികളുമെന്നു കരുതപ്പെട്ട ഭിക്ഷുക്കളും അനുയായികളുമാണ് ഇതിനു പിന്നിലെന്നതാണ് വിസ്മയവും നിരാശയുമുളവാക്കുന്ന വസ്തുത. ബുദ്ധമതം സ്വീകരിക്കാന്‍ സമ്മതിക്കാത്തതാണു മുസ്‌ലിംകളെ വംശഹത്യക്കു വിധേയമാക്കുന്നതിനു പിന്നിലെ പ്രധാന കാരണം. ജനിച്ച മണ്ണില്‍നിന്ന് ആട്ടിയകറ്റപ്പെട്ടവര്‍, അന്തിയുറങ്ങാന്‍ കൂര നിഷേധിക്കപ്പെട്ടവര്‍, സര്‍ക്കാര്‍ തിട്ടൂരമില്ലാതെ വിവാഹംചെയ്താല്‍ ശിക്ഷയേല്‍ക്കേണ്ടിവരുന്നവര്‍, മക്കളുണ്ടായാല്‍ അവര്‍ അനധികൃതരും തീവ്രവാദികളുമാണെന്നു മുദ്രണം ചെയ്യപ്പെടുന്നവര്‍... ഇങ്ങനെ ഒറ്റപ്പെടുത്തലുകളുടെയും അന്യവത്കരണത്തിന്റെയും ഇരകളായി, സ്വദേശത്തു വിദേശികളായി കഴിയുകയാണു മ്യാന്മറിലെ മുസ്‌ലിംസഹോദരന്മാര്‍.
ഒരു തെറ്റും ചെയ്യാതെ വിശ്വാസത്തിന്റെ പേരില്‍ മാത്രം ഒരു ജനത കൊന്നൊടുക്കപ്പെടുന്നതു മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും സമാധാനത്തിനുംവേണ്ടി രൂപംകൊണ്ട ലോകസംഘടനകള്‍ക്കും പൊലിസിനും ഗൗരവമുള്ള വിഷയമല്ലെന്നതാണ് ഏറെ പരിതാപകരം. ലോകത്ത് ഏറ്റവും പീഡനമനുഭവിക്കുന്ന ന്യൂനപക്ഷമെന്ന് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചെങ്കിലും ബുദ്ധിസ്റ്റ് തീവ്രവാദികളുടെ കാട്ടാളത്തത്തിനെതിരേ ഒന്നും ചെയ്തില്ല. മുസ്‌ലിം രാജ്യങ്ങളോ ആഗോളസമൂഹമോ മനുഷ്യാവകാശസംഘടനകളോ ഗൗരവത്തോടെ ഇടപെട്ടില്ല. ഇത് ബുദ്ധകാപാലികര്‍ക്കും മ്യാന്മര്‍ സര്‍ക്കാറിനും വംശഹത്യാ അജന്‍ഡ നടപ്പാക്കാന്‍ ഊര്‍ജം പകര്‍ന്നിരിക്കുകയാണ്.
മ്യാന്മര്‍ മുസ്‌ലിംകളുടെ കദനക്കഥകള്‍ക്കു വാര്‍ത്തകളില്‍ ഇടം ലഭിക്കാത്തതിന്റെ പിന്നിലെ നിഗൂഢത തള്ളിക്കളയാനാവില്ല. വിദേശമാധ്യമങ്ങള്‍ക്കു ശക്തമായ നിയന്ത്രണമുള്ള മേഖലകളിലെ എല്ലാ ഇരുമ്പുമറകളെയും ഭേദിച്ചെത്തുന്ന തുച്ഛമായ വാര്‍ത്തകളും ചിത്രങ്ങളും വിഡിയോദൃശ്യവും കണ്ടാണു നാം വികാരഭരിതരാകുന്നത്. മതം വിഭിന്നമായതിന്റെ പേരില്‍ മാത്രം ഒരു സമുദായത്തിനും അടുത്തൊന്നും ഇത്രയധികം നരകയാതന സഹിക്കേണ്ടിവന്നിട്ടില്ല. മനുഷ്യരെ ചുട്ടുചാമ്പലാക്കി കബന്ധങ്ങള്‍ വിജനഭൂമിയില്‍ കൂട്ടിയിട്ടതും ജീവനോടെ മണ്ണില്‍ കുഴിച്ചുമൂടിയതും പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചവരെ തീക്കൂനയിലേയ്ക്കു വലിച്ചെറിഞ്ഞതും മനുഷ്യരെ ജീവനോടെ ആണികളില്‍ കോര്‍ത്തുവച്ചതും അംഗവിച്ഛേദം നടത്തിയതുമല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ബുദ്ധ സന്ന്യാസിമാര്‍ നടത്തുന്ന സംഘടിതാക്രമണത്തിനു പ്രാദേശികപൊലിസിന്റെ ഒത്താശയുണ്ട്. പൈശാചികവും നിഷ്ഠുരവുമായ കൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവന്നിട്ടും ഭരണകൂടം കലാപകാപാലികര്‍ക്കെതിരേ ചെറുവിരലനക്കാന്‍ പോലും മുതിരാത്തത് വേദനാജനകവും ലജ്ജാകരവുമാണ്.
പീഡനത്തിന്റെ പിന്നാമ്പുറങ്ങള്‍
പണ്ടുകാലത്തു മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ തൊഴില്‍തേടിപ്പോയ ബര്‍മയാണു പിന്നീട് മ്യാന്മറായത്. ഇതിന്റെ പടിഞ്ഞാറുഭാഗത്തു ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന മേഖലയാണ് അറകാന്‍. തലസ്ഥാനം അക്‌യാബ് (സിറ്റ്‌വെ എന്നു പുതിയ പേര്). അറകാനിലെ താമസക്കാരായ മുസ്‌ലിംകള്‍ അവരുടെ നാടിന്റെ പഴയപേരുചേര്‍ത്ത്, റോഹിംഗ്യന്‍ മുസ്‌ലിംകള്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. ഇവിടത്തെ മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഭരണകൂടത്തിന്റെ അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അസ്തിത്വം തന്നെ നിഷേധിക്കപ്പെട്ട അവസ്ഥയിലുള്ളത് രണ്ടു ദശലക്ഷം വരുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളാണ്.
ക്രിസ്തുവര്‍ഷം 1430 മുതല്‍ സുലൈമാന്‍ഷായായിരുന്നു രാജാവ്. പിന്നീട് മൂന്നരനൂറ്റാണ്ടുകാലം രാജ്യം മുസ്‌ലിംരാജാക്കന്മാരുടെ അധീനതയിലായിരുന്നു. ഈ കാലയളവില്‍ ഭരിച്ച 48 മുസ്‌ലിംരാജാക്കന്മാരില്‍ ആരും ബുദ്ധമതക്കാരെയോ മറ്റു മതക്കാരെയോ പീഡിപ്പിക്കുകയോ അക്രമിക്കുകയോ ചെയ്തിരുന്നില്ല. 1784 ല്‍ ബുദ്ധമതക്കാരുടെ കൂട്ടമായ ആക്രമണത്തെ തുടര്‍ന്ന് അവര്‍ക്കു സ്ഥാനമൊഴിയേണ്ടിവന്നു. പന്നീടു ബുദ്ധമത ഭരണമായി.
അന്നുമുതല്‍ മുസ്‌ലിംകള്‍ക്കു വറുതിയുടെ നാളുകളായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും നടത്തി ബര്‍മീസ് സംസ്‌കാരം മുസ്‌ലിംകളില്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചു. 1824 ല്‍ ബ്രിട്ടിഷ് കോളനിയായ ബര്‍മ 1948 ലാണു സ്വതന്ത്രമാവുന്നത്. 1962ല്‍ ജനറല്‍ ഡി വിന്നിന്റെ നേതൃത്വത്തിലുള്ള പട്ടാളഭരണകൂടം ബുദ്ധമതക്കാരെ പ്രീണിപ്പിക്കുന്ന ബര്‍മീസ്-ബുദ്ധിസ്റ്റ്, ദേശീയ-വംശീയവാദം ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങി.
ഈ വംശീയതയ്ക്കു പുറത്തുള്ള റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് അതോടെ കഷ്ടകാലമായി. വര്‍ഗീയമായ ഉന്മൂലനശ്രമങ്ങള്‍ നടന്നു, അകാരണമായി ജയിലിലടച്ചു, കുടിയേറ്റക്കാരായ ബംഗാളികളാണെന്ന വ്യാജ മുദ്രചാര്‍ത്തി, പള്ളികളും ഗ്രാമങ്ങളും അഗ്നിക്കിരയാക്കി, ഭൂമി കൈയേറുകയും ഭവനഭേദനം നടത്തുകയും സ്ത്രീകളെ വ്യാപകമായി ബലാത്സംഗം ചെയ്യുകയും ചെയ്തു.
പീഡനം സഹിക്കാതെ പലരും ബംഗ്ലാദേശിലേയ്ക്കും മലേഷ്യയിലേയ്ക്കും ഇന്ത്യയിലേക്കും പലായനം ചെയ്തു. 1978ല്‍ രണ്ടുലക്ഷം ആളുകളാണ് ബംഗ്ലാദേശില്‍ അഭയാര്‍ഥികളായെത്തിയത്. ശരിയായ വൈദ്യസഹായമോ ഭക്ഷണമോ ലഭിക്കാതെ നിരവധിപേര്‍ വിവിധ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാംപുകളില്‍ ദുരിതജീവിതം തള്ളിനീക്കുകയാണ്. ഡല്‍ഹിയിലെ ഒരു അഭയാര്‍ഥി ക്യാംപ് സന്ദര്‍ശിക്കാന്‍ ഈ മാസം എനിക്ക് അവസരമുണ്ടായി. അതീവ ദയനീയ ദൃശ്യമായിരുന്നു അത്.
കുടിയേറ്റക്കാരായ മുസ്‌ലിംകളെ അഞ്ചുദശാബ്ദക്കാലം ഔദാര്യവും മഹാമനസ്‌കതയുംമൂലമാണു തങ്ങള്‍ പൊറുപ്പിച്ചതെന്നാണു ഭൂരിപക്ഷസമുദായത്തിന്റെ മേനിപറയല്‍. 1982 ല്‍ റോഹിംഗ്യക്കാര്‍ക്കു ബര്‍മീസ് പൗരത്വം നിഷേധിക്കുകയും ഉള്ളവരുടേത് അസാധുവാക്കുകയും ചെയ്തു. നിയമസംവിധാനത്തിലും ഭരണവ്യവസ്ഥയിലും ഉദ്യോഗതലത്തിലും പങ്കാളിത്തമില്ല. നിയമപരമായി ഭൂമി കൈവശം വയ്ക്കാനോ വ്യവഹാരങ്ങള്‍ നടത്താനോ അനുവാദമില്ല. അക്ഷരാര്‍ഥത്തില്‍ ഒരു സമുദായത്തിന്റെ വേരറുക്കുകയാണ്.
ഈ അക്രമത്തില്‍ ഭരണകക്ഷിയായ നാഷനല്‍ലീഗ് ഡമോക്രസിയുടെ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ഓങ്‌സാന്‍ സൂചിയുടെ മൗനം സംഭ്രമമുണ്ടാക്കുന്നതാണ്. 'ഭയത്തില്‍നിന്നു മോചന'മെന്ന കൃതി രചിക്കുകയും നിര്‍ഭയരായിരിക്കാന്‍ മ്യാന്മര്‍ ജനതയെ ഉപദേശിക്കുകയും ചെയ്ത സൂചി തന്നെയാണോ ഇത്! വേട്ടയാടപ്പെടുന്നവരുടെ വിലാപം കേട്ടില്ലെന്നു നടിക്കാന്‍ ജന്മനാടിന്റെ രാഷ്ട്രീയസ്വാതന്ത്ര്യത്തിനുവേണ്ടി പാരതന്ത്ര്യം വരിച്ച ലോകനേതാവിനു കഴിയുമോ! ജനസംഖ്യയില്‍ 90 ശതമാനവും ബുദ്ധമതക്കാരായ രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നത് ആത്മഹത്യാപരമാണെന്നാണ് അവരുടെ വാദം. ഈ ഭീരുത്വം ബുദ്ധിസ്റ്റ് തീവ്രവാദികള്‍ക്ക് ആക്രമിക്കാനുള്ള ഊര്‍ജമാവുകയാണ്.
ലോകരാജ്യങ്ങളുടെ നിസ്സംഗത
ഏഷ്യയിലെ ക്രമസമാധാനപ്രശ്‌നത്തില്‍ പതിവായി കുണ്ഠിതപ്പെടാറുള്ള പാശ്ചാത്യരാജ്യങ്ങളും മുസ്‌ലിംവിഷയങ്ങളില്‍ താല്‍പര്യം കാണിക്കാറുള്ള ജി.സി.സി രാജ്യങ്ങളും ഈ വിഷയത്തില്‍ ഇടപെട്ടതേയില്ല. ഇന്ത്യപോലും ജുഗുപ്‌സാവഹമായ മൗനമാണു ദീക്ഷിക്കുന്നത്.
ഈയിടെ ഫലസ്തീന്‍ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയ ഐക്യരാഷ്ട്രസഭയും അറബ് രാജ്യങ്ങളുടെ കൂട്ടായ്മയുമെല്ലാം മ്യാന്മര്‍ വിഷയത്തില്‍ ഇനിയെങ്കിലും ശക്തമായി രംഗത്തിറങ്ങണം. ബുദ്ധിസ്റ്റ് തീവ്രവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സമാധാനത്തിന്റെ പ്രതിരൂപങ്ങളെന്നു വാദിക്കുന്ന ബുദ്ധസന്ന്യാസികള്‍ തയ്യാറാവണം.
ഇന്ത്യയില്‍ സങ്കുചിത ദേശീയത ഫാഷിസത്തിന്റെ രൂപത്തില്‍ വേരോട്ടമുണ്ടാക്കുന്നപോലെ മ്യാന്മറില്‍ തീവ്രദേശീയതയുടെ മേല്‍വിലാസത്തിലാണു ന്യൂനപക്ഷ മുസ്‌ലിംകള്‍ക്കുമേല്‍ ഇത്രമേല്‍ ഭീതിദമായ ആക്രമണങ്ങളുണ്ടാകുന്നത്.
കേവലം ലൗകികലാഭങ്ങള്‍ക്കപ്പുറം ജീവനു കേഴുന്ന ജനതയുടെ കണ്ണീര്‍ തുടയ്ക്കാന്‍ കെല്‍പ്പുണ്ടായിട്ടും ലോകരാജ്യങ്ങള്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കു വേണ്ടി രംഗത്തിറങ്ങാത്തത് ഏറെ ദൗര്‍ഭാഗ്യകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."