മതില്‍കെട്ടാന്‍ നികുതി കൂട്ടി ട്രംപ്
വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള പണത്തിനായി മെക്‌സിക്കോയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നികുതി വര്‍ധിപ്പിച്ചു. 20 ശതമാനമാണ് ഇറക്കുമതി നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്.
അമേരിക്കന്‍ കമ്പനികള്‍ക്ക് വിപണിയില്‍ കൂടുതല്‍ ഇടം നല്‍കാനും അമേരിക്കയിലെ ഇറക്കുമതി കുറയ്ക്കുകയുമാണ് ലക്ഷ്യം. കയറ്റുമതി ചെയ്യുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് നികുതിഇളവ് നല്‍കുകയും ചെയ്യും. നികുതി പരിഷ്‌കാരം മുഖേന 10 വര്‍ഷം കൊണ്ട് 10 ബില്യന്‍ ഡോളര്‍ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് 1,500 കോടി ഡോളറാണ് ചെലവ്. വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള ചില്ലറവില്‍പന ഭീമന്‍മാരെയും ഇലക്ട്രോണിക്‌സ് വിപണനക്കാരെയും നികുതിവര്‍ധനവ് ബാധിക്കും.
വില്‍പനയെ ബാധിക്കുന്നത മൂലം അമേരിക്കയില്‍ ഈ മേഖലയിലുള്ള തൊഴിലവസരങ്ങള്‍ കുറയാനും ഇടയാക്കും. ചൈന കഴിഞ്ഞാല്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തുന്നത് മെക്‌സിക്കോയാണ്. അമേരിക്കയും മെക്‌സിക്കോയും തമ്മിലുള്ള വ്യാപാരബന്ധത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ലോക സമ്പദ്‌വ്യവസ്ഥയിലും മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു.
കാറുകള്‍, പച്ചക്കറികള്‍, കണ്ണടകള്‍ മുതലായവയ്ക്കാണ് അമേരിക്ക കൂടുതലായും മെക്‌സിക്കോയെ ആശ്രയിക്കുന്നത്. നികുതിവര്‍ധനവ് നടപ്പിലാക്കുന്നതോടെ മെക്‌സിക്കന്‍ ഉല്‍പന്നങ്ങളുടെ വില കുത്തനെ ഉയരും. അമേരിക്കയില്‍ ജനപ്രിയമായ ടൊയോട്ട കാറിന്റെ വില ആയിരം ഡോളര്‍ ഉയരും. കാറിന്റെ നാലിലൊന്നു ഭാഗങ്ങളും ഉല്‍പാദിപ്പിക്കുന്നത് മെക്‌സിക്കോയിലായതിനാല്‍ വര്‍ധനവുണ്ടാകുമെന്ന് ടൊയോട്ടയുടെ വടക്കെ അമേരിക്കന്‍ മേധാവി ജിം ലെന്റ്‌സ് പറയുന്നു.
അമേരിക്കയുടെ നടപടിയെ മെക്‌സിക്കോ അപലപിച്ചു. നടപടി മെക്‌സിക്കന്‍ ഉല്‍പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വിലയേറിയതാക്കുമെന്നും മതിലിനായി അമേരിക്കന്‍ ജനത പണം നല്‍കുന്നത് ഇതോടെ ഇല്ലാതാവുമെന്നും വിദേശകാര്യ മന്ത്രി ലൂയിസ് വിദെഗരെ വ്യക്തമാക്കി. വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ നടപടിയെ ന്യായീകരിച്ചിട്ടുണ്ട്. നിലവിലെ നികുതി നിയമങ്ങള്‍ അസംബന്ധമാണ്. പുതിയ നടപടിയിലൂടെ രാജ്യം മുന്നേറുമെന്നും സ്‌പൈസര്‍ പറഞ്ഞു.
മതില്‍ കെട്ടാനുള്ള ഉത്തരവിനെതിരേ
യു.എസില്‍ പ്രതിഷേധം
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ച എമിഗ്രേഷന്‍ എക്‌സിക്യൂട്ടിവ് ഉത്തരവില്‍ പ്രതിഷേധിച്ച് വാഷിങ്ടണ്‍ സ്‌ക്വയര്‍ പാര്‍ക്കില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലി. കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ് ന്യൂയോര്‍ക്ക് ചാപ്റ്ററാണ് റാലി സംഘടിപ്പിച്ചത്.
ന്യൂയോര്‍ക്ക് എന്നും കുടിയേറ്റക്കാരുടെ സ്വര്‍ഗം തന്നെയായിരിക്കുമെന്ന് സിറ്റി കൗണ്‍സില്‍ സ്പീക്കര്‍ മെലിസ മാര്‍ക്ക് റാലിയെ അഭിസംബോധന ചെയ്തു പറഞ്ഞു. ഇതിനിടെ ട്രംപ് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ മെക്‌സിക്കോ മതില്‍, എമിഗ്രേഷന്‍ റിഫോം എന്നിവ നിറവേറ്റുന്നതിനുള്ള രണ്ട് എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചു. 2,100 മൈല്‍ ദൂരത്തില്‍ മെക്‌സിക്കോ മതില്‍ കെട്ടിയുയര്‍ത്തുന്നതിന് 12 മുതല്‍ 15 വരെ ബില്യണ്‍ ഡോളറിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."