റെയില്‍ ഫെന്‍സിങ് പദ്ധതി; അട്ടിമറി നടന്നെന്ന്
പനമരം: ജില്ലയില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതില്‍ അട്ടിമറി നടന്നതായി ആരോപണം. മുഖ്യ പരിഗണനയിലുണ്ടായിരുന്ന രണ്ടു സ്ഥലങ്ങളെ അവഗണിച്ച് മൂന്നാമതൊരിടത്താണ് നിലവില്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നത്.
കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടുന്ന തിരുനെല്ലി പഞ്ചായത്തിലെ ബാവലി-കാട്ടിക്കുളം, പനമരം ബ്ലോക്ക് പഞ്ചായത്തിലെ ചെതലയം എന്നിവിടങ്ങളില്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിനായിരുന്നു പദ്ധതി ആവിഷ്‌കരിച്ച സമയത്ത് മുഖ്യപരിഗണന നല്‍കിയിരുന്നത്. എന്നാല്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും വന്‍ കൃഷിനാശമുണ്ടാകുകയും ചെയ്ത ഈ പ്രദേശങ്ങളെ വനം വകുപ്പ് അവഗണിക്കുകയാണെന്നാണ് ആക്ഷേപമുയരുന്നത്.
2016 ജൂലൈയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ വാര്‍ഡ് മെമ്പര്‍ സാബുവിന്റെ നേതൃത്വത്തില്‍ പനമരത്ത് ഉപരോധ സമരം നടത്തിയിരുന്നു. തുടര്‍ന്ന് റെയില്‍ ഫെന്‍സിങ് പദ്ധതിയില്‍ ആദ്യപരിഗണന നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ പദ്ധതി വൈകുകയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തെക്കെ വയനാട്ടിലെ ചെതലയം റെയ്ഞ്ച് ഓഫിസിന് കീഴിലുള്ള 12 കിലോമീറ്ററില്‍ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ ധാരണയാകുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി പര്‍ച്ചേസ് കമ്മിറ്റി രൂപീകരിച്ച് മന്ത്രിയുടെ പരിഗണനക്ക് അയച്ചപ്പോഴാണ് അട്ടിമറി വിവരം പുറത്തറിയുന്നത്. മാനന്തവാടിയിലെ തോല്‍പ്പെട്ടി ഭാഗത്ത് റെയില്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ മണ്ഡലം എം.എല്‍.എയും ഡി.എഫ്.ഓയും നീക്കം നടത്തിയതിന്റെ ഭാഗമായാണ് ചെതലയം പദ്ധതിയില്‍ നിന്ന് പുറത്തായതെന്നാണ് ആരോപണമുയരുന്നത്.
എന്നാല്‍ ചെതലയം റെയ്ഞ്ചിന് അനുവദിച്ച റെയില്‍വേ ഫെന്‍സിങ് മാറ്റി സ്ഥാപിച്ചാല്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന വാര്‍ഡ് മെമ്പറും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ സാബു നീര്‍വാരം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."