പുത്തന്‍വേലിക്കരയില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ചുതുടങ്ങി
പറവൂര്‍: ചാലക്കുടിയാറില്‍ വെള്ളത്തില്‍ ലവണാംശത്തിന്റെ അളവ് കൂടിയതിനെ തുടര്‍ന്ന് ശുദ്ധജലക്ഷാമം രൂക്ഷമായ പുത്തന്‍വേലിക്കരയില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിച്ചുതുടങ്ങി. എന്നാല്‍ പൈപ്പ് വെള്ളത്തിനു കൂടുതലായി ആശ്രയിക്കുന്ന ഇവിടെ ജലക്ഷാമത്തിന് അറുതിവന്നിട്ടില്ല. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇപ്പോഴും കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. വെള്ളിയാഴ്ച്ച മുതലാണ് ടാങ്കര്‍ ലോറിയില്‍ വെള്ളം വിതരണം ആരംഭിച്ചത്.
രണ്ടു വലിയ ടാങ്കര്‍ ലോറികളിലും ചെറിയ ടാങ്കറിലുമാണ് കുടിവെള്ളം വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. പുത്തന്‍വേലിക്കരയിലെ മുഴുവന്‍ പ്രദേശത്തെയും ജനങ്ങള്‍ക്ക് ആവശ്യമായ വെള്ളം വിതരണം ചെയ്യാന്‍ ഇതിലൂടെ കഴിയുന്നില്ല. പഞ്ചായത്ത് ഭൂരിഭാഗവും കണക്കന്‍കടവ് കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നവരായതിനാലാണ് ടാങ്കര്‍ ലോറികളിലെ വിതരണം പര്യാപ്തമാകാത്തത്.
ലവണാംശം കുറഞ്ഞതിനെത്തുടര്‍ന്നു കഴിഞ്ഞദിവസം പമ്പിംങ് ചെറിയതോതില്‍ പുനരാരംഭിച്ചെങ്കിലും പൈപ്പിലൂടെയെത്തുന്ന വെള്ളത്തിന് ഉപ്പുരസമുണ്ട്. വെള്ളം വരുന്നതിന് ആവശ്യത്തിനുള്ള ശക്തിയുമില്ല. പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘനടകളും ഇതിനെതിരെ രംഗത്തെത്തി. കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാത്ത പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ചു ബി.ജെ.പി പുത്തന്‍വേലിക്കര പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കുടം ഉടച്ചു പ്രതിഷേധിച്ചു.
കണക്കന്‍കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തകരാറു പരിഹരിക്കാനുള്ള യാതൊരു നടപടിയും ഇപ്പോഴും ഉണ്ടാകാത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. തങ്ങളുടെ വികാരം അധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന ആക്ഷേപം ശക്തം.
കോഴിത്തുരുത്ത്, ഇളന്തിക്കര മണല്‍ബണ്ടു നിര്‍മാണത്തിന്റെ കാര്യത്തിലും യാതൊരു തീരുമാനവുമായിട്ടില്ല. പ്രശ്‌നപരിഹാരത്തിന് അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ ജനരോഷം കൂടുതല്‍ ശക്തമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."