വ്യാജ അക്ഷയ കേന്ദ്രങ്ങള്‍ പെരുകുന്നു; ജാഗ്രത നിര്‍ദേശവുമായി ജില്ലാ കലക്ടര്‍
തൊടുപുഴ: അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചുള്ള സ്വകാര്യ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ അറിയിച്ചു. തിരിച്ചറിയല്‍ രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ മുതലായവ സ്‌കാന്‍ ചെയ്ത് നല്‍കേണ്ട അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി നല്‍കാന്‍ സ്വകാര്യ സ്ഥാപനങ്ങളും ജനം ഉപയോഗപ്പെടുത്തുന്നുണ്ടെന്നിരിക്കെ ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെടുന്ന ഉപഭോക്താക്കളുടെ രേഖകള്‍ അന്യവ്യക്തികള്‍ അനധികൃതമായി ഉപയോഗപ്പെടുത്തുവാന്‍ സാധ്യത കൂടുതലാണ്.
നിലവില്‍ ഐ.ടി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 121 അംഗീകൃത അക്ഷയ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. അംഗീകൃത കേന്ദ്രങ്ങളുടെ വിശദ വിവരങ്ങള്‍ അക്ഷയയുടെ വെബ്‌സൈറ്റില്‍ ലഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ രൂപകല്‍പ്പന, പേര് എന്നിവ ഉപയോഗിച്ച് തെറ്റിദ്ധാരണാജനകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. വില്ലേജ് താലൂക്ക് ഓഫീസുകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ( ഇ ഡിസ്ട്രിക്ട്) ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇ ഗ്രാന്റ്‌സ് എന്നിവ അടക്കം പല ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് നല്‍കുവാനുള്ള ആധികാരികമായ പോര്‍ട്ടല്‍ ലോഗിന്‍ സംവിധാനം അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണുള്ളത്. ഈ സേവനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ച സര്‍വ്വീസ് ചാര്‍ജ്ജ് മാത്രമാണ് ഈടാക്കുക. ഈ നിരക്കുകള്‍ എല്ലാ അക്ഷയകേന്ദ്രങ്ങളിലും അക്ഷയ വെബ്‌സൈറ്റിലും പ്രദര്‍ശിപ്പിച്ചിട്ടുള്ളതും എല്ലാ ഇടപാടുകള്‍ക്കും പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രത്തിന്റെ രസീത് നല്‍കുന്നതുമാണ്.
അക്ഷയ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തിനായി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രോജക്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സംബന്ധിച്ചുള്ള സംശയ നിവാരണത്തിനും അതുപോലെ തന്നെ പരാതി പരിഹാരത്തിനും ഈ ഓഫീസുകളുമായി ബന്ധപ്പെടാം. സ്വകാര്യ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ല. പൊതുജനങ്ങളുടെ രേഖകള്‍ ഇത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. സാങ്കേതിക പരിജ്ഞാനമുള്ള പൊതുജനങ്ങല്‍ക്ക് സ്വന്തം ഇ മെയില്‍ ഉപയോഗിച്ച് പരസഹായമില്ലാതെ അപേക്ഷ നല്‍കാനായി ഇ ഡിസ്ട്രിക്ട് മുതലായ പോര്‍ട്ടലുകളില്‍ ഉള്ള സൗകര്യമാണ് പല സ്വകാര്യ സ്ഥാപനങ്ങളും അമിത ഫീസ് ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നത്. സര്‍ക്കാര്‍ - സര്‍ക്കാരേതര സേവനങ്ങള്‍ക്കായി മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ജനം തങ്ങളുടെ ഇ മെയില്‍ അക്കൗണ്ട്, പാസ്‌വേഡ് തുടങ്ങി സ്വകാര്യ വിവരങ്ങള്‍ കൈമാറുവനാന്‍ പാടുള്ളതല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."