HOME
DETAILS

ആ കൊലയാളിയെ കണ്ടവരുണ്ടോ?

  
backup
January 29 2017 | 00:01 AM

%e0%b4%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b

കുറച്ചീസം മുന്‍പ് ഈ ഭാഗത്തേക്ക് നാലഞ്ചു പൊലീസാര് ബന്നീന്... ഇന്റെ കുട്ടിനേം പേരക്കുട്ട്യാളീം കൊന്നു നാടുവിട്ട ഓനെപ്പറ്റി ബല്ല വിവരും ഉണ്ടോന്ന് ഞാന്‍ ചോയ്ച്ചു.
എന്ത് കുട്ടി... ഏത് കേസ്... ഒന്നുമറിയാത്ത മട്ടില്‍ ഓല് തിരിച്ചുപോയി...  
ഓര്‍ക്കുന്നില്ലേ... മൂന്നു വര്‍ഷം മുന്‍പ് അരീക്കോട് ആലുക്കലില്‍ ഭാര്യയെയും രണ്ടു പിഞ്ചുമക്കളെയും വെള്ളക്കെട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവം. അത്ര പെട്ടെന്ന് മറക്കാനാവില്ലല്ലോ മനഃസാക്ഷിയുള്ളവര്‍ക്ക് ദാരുണമായ ആ ഹീനകൃത്യം. മകളെയും രണ്ടു പേരക്കുട്ടികളെയും നഷ്ടപ്പെട്ട ഒരു മാതാവിന്റെ സങ്കടങ്ങളാണ് മുകളില്‍ വായിച്ചത്.


കേസില്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മുഹമ്മദ് ശരീഫിനെക്കുറിച്ച് ഒന്നര വര്‍ഷത്തോളമായി ഒരു വിവരവുമില്ല. പൊലിസും പട്ടാളവും അരിച്ചുപൊറുക്കിയിട്ടും എവിടെയുണ്ടെന്നുപോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മണിക്കൂറുകള്‍ക്കകം കൊലയാളിയെ പിടികൂടിയ പൊലിസ് 84 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചു. കേസ് വിചാരണ തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പേ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നെ പൊങ്ങിയിട്ടില്ല. ഇന്നും എവിടെയോ ഇയാള്‍ സസുഖം ജീവിച്ചിരിക്കുന്നുവെന്നാണ് കൊല്ലപ്പെട്ട ഒളവട്ടൂര്‍ മായക്കര തടത്തില്‍ സാബിറയുടെ മാതാവ് ഫാത്തിമ പറയുന്നത്.

 


റമദാന്‍ രാവിലെ അരുംകൊല

2013 ജൂലൈ 21. അന്നൊരു നോമ്പുകാലമായിരുന്നു. ആ മനുഷ്യന്‍ മുന്‍പേ തയാറാക്കിയ തിരക്കഥയിലാണ് മൂന്നു ജീവനുകളെ മരണത്തിലേക്കു ചവിട്ടിത്താഴ്ത്തിയത്. മായാക്കര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അടുത്തടുത്തായിട്ടാണ് അവര്‍ മൂന്നുപേരുമുറങ്ങുന്നത്. മീസാന്‍കല്ലുകള്‍ക്കു കീഴെ ആ പച്ചമണ്ണിനു മുകളില്‍ പുല്ലുകള്‍ തളിര്‍ത്തു. പെരുമഴ പല തവണ പെയ്തു. എന്നിട്ടും ജുമുഅത്ത് പള്ളിയില്‍ നിന്നു നൂറു മീറ്റര്‍ മാത്രം ദൂരത്തുള്ള  ഈ വീടിന്റെ കണ്ണീര് പെയ്തുതോര്‍ന്നില്ല. തോരുകയുമില്ല.


പെരുന്നാളിനു പുത്തനുടുപ്പണിഞ്ഞ് ചിത്രശലഭങ്ങളെപ്പോലെ പാറിനടക്കുന്നതും സ്വപ്നം കണ്ട ആ കുരുന്നുകള്‍ പള്ളിക്കാടിന്റെ വിജനതയിലെ മണ്ണോടു ചേര്‍ന്നു. ആ സ്വപ്നങ്ങളെ കൈപിടിച്ച് നടത്തേണ്ട മാതാവും അവരോടു ചേര്‍ന്നുറങ്ങി. ഒരു കുടുംബം തന്നെ ചിന്നിച്ചിതറി. പരസ്പര ബഹുമാനത്തോടെ കഴിഞ്ഞുവന്നിരുന്ന രണ്ടു കുടുംബങ്ങള്‍ മുജ്ജന്മ ശത്രുക്കളെപ്പോലെയായി. അയാള്‍ മാത്രം ചെയ്തുകൂട്ടിയ മഹാപാപത്തിന്. അല്ലെങ്കിലും ബന്ധുക്കള്‍ എന്തുപിഴച്ചു?


രണ്ടാം വിവാഹമോഹവും പണക്കൊതിയും


കോരിച്ചൊരിയുന്ന മഴയുള്ള ദിവസമാണ് സ്വന്തമായി രണ്ടു കാറുള്ള ശരീഫ് ജ്യേഷ്ടസഹോദരന്റെ പഴയ സ്‌കൂട്ടറില്‍ മക്കളെയും കൂട്ടി കോഴിക്കോട്ടെ സ്വകാര്യ മാളിലെത്തുന്നത്. ആറായിരം രൂപയുടെ സാധനം വാങ്ങി. വാങ്ങിയ വസ്ത്രം കുട്ടികള്‍ക്ക് ഇണങ്ങിയതാണോ എന്നുപോലും നോക്കിയില്ല. വലുപ്പവും നിറവും ഇഷ്ടമായോ എന്നും ചോദിച്ചില്ല. അതറിയാന്‍ കുട്ടികള്‍ക്കൊന്ന് അണിയിച്ച് കൊടുത്തൂടെ എന്നു കടക്കാര്‍ ചോദിച്ചെങ്കിലും അയാള്‍ ചെവികൊണ്ടില്ല.
ശവ്വാല്‍ അമ്പിളി കാണാന്‍ തന്റെ മക്കളുണ്ടാകില്ലെന്നു ഭൂമിയിലറിയുന്നത് അയാള്‍ക്കു മാത്രമായിരുന്നല്ലോ. എളുപ്പത്തില്‍ വീട്ടിലെത്താന്‍ വേറെയും വഴികളുണ്ടെന്നിരിക്കെ മറ്റൊരു വഴി തിരഞ്ഞെടുത്തതും അര്‍ധരാത്രി വരെ നഗരത്തില്‍ നിന്നതും മുന്‍കൂട്ടിയുള്ള തിരക്കഥയുടെ ഭാഗമായിരുന്നു. ഭാര്യയെയും മക്കളെയും ഒഴിവാക്കാന്‍ അര്‍ധരാത്രി പെരുമഴയത്തു സ്‌കൂട്ടറില്‍ ഇയാള്‍ അധികം സഞ്ചരിച്ചത് 16 കിലോമീറ്ററാണ്.

[caption id="attachment_228096" align="alignleft" width="312"]സാബിറയുടെ പിതാവ് മുഹമ്മദ്‌ സാബിറയുടെ പിതാവ് മുഹമ്മദ്‌[/caption]

 രണ്ടാം വിവാഹവും പണക്കൊതിയും ആര്‍ഭാട ജീവിതം നയിക്കാനുള്ള അതിയായ ആഗ്രഹവുമാണ് മക്കളെയും ഭാര്യയെയും ഇല്ലാതാക്കുന്നതിലേക്ക് ഇയാളെ എത്തിച്ചത്. 75 പവനും ഒരു ലക്ഷം രൂപയും നല്‍കിയാണ് പിതാവ് മുഹമ്മദ് സാബിറയെ വിവാഹം ചെയ്തയക്കുന്നത്. എല്ലാം വിറ്റുതുലച്ച ഭര്‍ത്താവിനോടു തന്റെ മഹര്‍ മാല (താലിച്ചെയിന്‍) ചോദിച്ചതാണത്രെ ഈ ക്രൂരകൃത്യത്തിനു കാരണം.


കൊലപാതകത്തിന് ആഴ്ചകള്‍ക്കു മുന്‍പേ ഭാര്യയുടെ പേരില്‍ പത്തുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷമാണ് കൃത്യം നിര്‍വഹിച്ചത്. മക്കളുടെ പേരിലും പോളിസി എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാര്യയെ ഇല്ലായ്മ ചെയ്ത് മറ്റൊരാളെ വിവാഹം ചെയ്യാമെന്ന മോഹവും പ്രതിക്കുണ്ടായിരുന്നെന്ന് കേസ് അന്വേഷിച്ച പൊലിസ്.

 

സ്വന്തം രക്തത്തിന് നിലമൊരുക്കി


ഓന് വേണ്ടങ്കി ഓളെ വീട്ടില് കൊണ്ടന്നാക്യാ മതിയായിരുന്നു...
ആരെയും കൂസാത്ത തടത്തില്‍ മുഹമ്മദിന്റെ മനസ് സ്വന്തം മകളുടെ കഥ പറഞ്ഞു തുടങ്ങിയപ്പോഴേക്കും പതറി. മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ വിയര്‍പ്പൊഴുക്കിയ സമ്പാദ്യങ്ങളെല്ലാം പെണ്‍മക്കള്‍ക്കു വേണ്ടിയാണ് മുഹമ്മദ് ചെലവിട്ടത്. ആ മകള്‍... എന്റെ പേരക്കുട്ടികള്‍... പിറ്റേ ദിവസം വൈകീട്ടോടെയാണ് ഖബറടക്കം നടക്കുന്നത്. മൂന്നു മയ്യിത്തുകള്‍ പള്ളിയുടെ വടക്കെ ചെരുവിലെത്തുമ്പോള്‍ ജനനിബിഡമായിരുന്നു. സ്വന്തം ചോരയില്‍ നിന്നുള്ള മക്കളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും അയാള്‍ എത്തിയില്ല.


കൊന്നത് പിതാവും കൊല്ലപ്പട്ടവരില്‍ ഒരാള്‍ മാതാവുമായപ്പോള്‍ കരയാന്‍ മാതാപിതാക്കളില്ലാതെ പോയ രണ്ടു പിഞ്ചുകുഞ്ഞുങ്ങളാണവര്‍. ഒറ്റദിവസം കൊണ്ട് ഒരേ വീട്ടിലെ മൂന്നുപേര്‍ക്കു ആ പള്ളിപ്പറമ്പില്‍ ഖബറൊരുങ്ങിയത് ആ പതിനാലാം രാവില്‍ മാത്രം.
 

 

കൊലയാളിയെ കണ്ടവരുണ്ടോ?


ഒരോ പുലരിയിലും പത്രമെത്തുമ്പോള്‍ ഏറെ പ്രതീക്ഷയോടെ താളുകള്‍ മറിക്കും. തന്റെ മകളെ കൊന്നുകടന്ന മരുമകനെക്കുറിച്ചു വല്ല വാര്‍ത്തയുമുണ്ടോ എന്നറിയാനാണിത്. മുന്നിലിരിക്കുന്ന  ദിനപത്രമെടുത്ത് മുഹമ്മദിക്ക പറഞ്ഞുനിര്‍ത്തി. പിന്നെയൊരു ചെറുനിശ്വാസം. അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി ഓഫിസിലും രാഷ്ടീയ സമ്മര്‍ദത്തിനായി ജനപ്രതിനിധികള്‍ക്കു മുന്നിലും പലതവണ മുഹമ്മദ് കയറിയിറങ്ങി. മറ്റു കേസുകള്‍ പലതും തെളിയുമ്പോള്‍ സ്വന്തം സഹോദരിയുടെ കേസു മാത്രം തെളിഞ്ഞില്ലെന്നു വരുമ്പോഴുള്ള വിഷമം സാബിറയുടെ സഹോദരനും പങ്കുവച്ചു.
പൊലിസില്‍നിന്നു നാടകീയമായാണ് ശരീഫ് രക്ഷപ്പെട്ടത്. മഞ്ചേരി ജില്ലാ ഒന്നാം അഡിഷനല്‍ സെഷന്‍ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ജാമ്യത്തിലിറങ്ങിയ ഇയാള്‍ മുങ്ങിയത്.


നിലമ്പൂര്‍, വയനാട് മേഖലകളില്‍ പ്രതിയെ കണ്ടതായി പലരില്‍ നിന്നും കേട്ടിട്ടുണ്ട്, അതല്ല വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്തേക്കു കടന്നതായും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. അവസാന ശ്വാസത്തിനായി ഭാര്യയും മക്കളും പിടയുന്നതു നോക്കിനിന്ന ആ കൊലയാളി നിയമത്തിന്റെ മുന്നിലെത്തുന്ന സമയം കാത്തിരിക്കുകയാണ് മുഹമ്മദും  കുടുംബവും, കൂടെ ഒരു നാടും.



മുങ്ങുന്ന പ്രതികള്‍ക്കുണ്ടോ കണക്ക്?

[caption id="attachment_228094" align="alignleft" width="352"]മുഹമ്മദ് ശരീഫിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ മുഹമ്മദ് ശരീഫിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍[/caption]

കുറ്റവാളികള്‍ പിടിക്കപ്പെടുന്നതുവരെ മാത്രമേയുള്ളൂ തെരുവിലെ സമരങ്ങള്‍. മാധ്യമ ജാഗ്രതകളും അവിടെ ഒടുങ്ങുന്നു. പിന്നീട് ഈ കേസുകള്‍ക്ക് എന്തു സംഭവിക്കുന്നു. ആരും ഓര്‍ക്കാറില്ല. പിറകെ പായാറുമില്ല. ഭാര്യയെ കൊന്നാലും അമ്മയെ തട്ടിയാലും കുറച്ചുനാള്‍ വിചാരണയില്ലാതെ ജയിലില്‍. പിന്നെ ജാമ്യത്തിലിറങ്ങി മുങ്ങും. ആളും നാടും അറിയാത്ത എവിടെയോ ഈ കൊടുംകുറ്റവാളികള്‍ സുഖവാസം നടത്തും. കോടതികളില്‍നിന്നു ജാമ്യം നേടിയ ശേഷം മുങ്ങുന്ന ക്രിമിനല്‍കേസുകളിലെ പ്രതികളെക്കുറിച്ചു മാസങ്ങള്‍ക്കു മുന്‍പ് ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ ചോദ്യത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉത്തരമായി ലഭിച്ചത്.


കേരളത്തില്‍നിന്ന് എത്രപേര്‍ ജാമ്യം നേടി ഒളിവില്‍ കഴിയുന്നുണ്ടെന്ന വ്യക്തമായ കണക്കു പോലും ക്രോഡീകരിക്കപ്പെട്ടിട്ടില്ലെന്നാണ്  ഹൈക്കോടതിയില്‍ നിന്നു ലഭിച്ച മറുപടി.
പ്രതികള്‍ ഹാജരാകാത്തതിനാല്‍ വിസ്താരം തുടങ്ങാനാകാത്ത കേസുകള്‍ എത്രയുണ്ട് എന്ന കാര്യം ശേഖരിച്ചിട്ടില്ലാത്തതിനാല്‍ ഉത്തരം ലഭ്യമല്ലെന്നാണ് ഹൈക്കോടതി രജിസ്ട്രാറില്‍ നിന്നു ലഭിച്ച മറുപടിയിലുള്ളത്. ചെറിയ കേസു മുതല്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ വരെ ഉള്‍പ്പെട്ട് പിടിക്കപ്പെട്ടും അല്ലാതെയും നാടുവിട്ടവര്‍ സംസ്ഥാനത്തു നിരവധിയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി കുറ്റകൃത്യം നടത്തി മുങ്ങുന്നവരും കുറവല്ല. കുറ്റകൃത്യത്തെക്കുറിച്ചും കുറ്റവാളിയെക്കുറിച്ചും കൃത്യമായ തെളിവു ലഭ്യമായാലും മുങ്ങിയ പ്രതിയെ കണ്ടെത്താതെ എങ്ങനെ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുമെന്നാതാണ് പ്രതിസന്ധി.


കോടതിയില്‍ നിന്നു ജാമ്യം നേടി മുങ്ങുന്ന കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ പൊലിസിനും അത്ര താല്‍പര്യമുണ്ടാകാറില്ല. പ്രതി മുങ്ങിയാല്‍ ജാമ്യക്കാരില്‍ നിന്നു പിഴ ഈടാക്കുക മാത്രമാണ് ചെയ്യാറുള്ളത്. പ്രതിയെ കിട്ടാതെ ഒന്നും ചെയ്യാനാകില്ലെന്നു കോടതിയും പ്രതിയെ അന്വേഷിക്കുന്നുണ്ടെന്നു പൊലിസും പറഞ്ഞൊഴിയും. പിഴ അടച്ച് ജാമ്യക്കാരനും കൈ കഴുകുമ്പോള്‍ നീതി ലഭിക്കാത്തവരുടെ കണ്ണീരു മാത്രമാണ് ബാക്കിയാകുന്നത്.


ഒരു മുഹമ്മദ് ശരീഫ് മാത്രമല്ല, കേരളത്തിലെ പ്രധാനപ്പെട്ട ഒട്ടേറെ കേസുകളിലെ പ്രതികള്‍ ഇതുപോലെ ജാമ്യത്തിലിറങ്ങി മുങ്ങി സൈ്വരവിഹാരം നടത്തുന്നു. അപ്പോഴും പൊലിസ് ഇരുട്ടില്‍ തപ്പുന്നു.  വിവാദങ്ങളും വാര്‍ത്തകളും വരുമ്പോള്‍ മാത്രം പ്രതികളെ പിടിക്കാന്‍ ഉത്സാഹം കൂട്ടുന്നു. പണമെറിയാന്‍ ആളും സ്വാധീനം ചെലുത്താന്‍ ഇടപെടലുമില്ലാത്ത പല കേസുകളുടെയും ഗതി ഇതുതന്നെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  35 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago