സഹപ്രവര്‍ത്തകനെ കൊന്ന് പണംതട്ടിയകേസില്‍ യുവാവിന് ഷാര്‍ജയില്‍ വധശിക്ഷ
പാനൂര്‍: സഹപ്രവര്‍ത്തകനെ കൊന്നു പണംതട്ടിയകേസില്‍ യുവാവിന് ഷാര്‍ജയില്‍ വധശിക്ഷ വിധിച്ചു. തലശ്ശേരി കടവത്തൂര്‍ സ്വദേശിയും ഷാര്‍ജ അസ്ഹര്‍ അല്‍ മദീന ട്രേഡിങ് സെന്റര്‍ മാനേജരുമായ അടിയോടത്ത് അബൂബക്കറിനെ (50) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കണ്ണൂര്‍ കൊളച്ചേരി കമ്പില്‍ പള്ളിപ്പറമ്പ് സ്വദേശി കൈതപ്പുറത്ത് അബ്ദുല്‍ ബാസിത്തിന്(24) അണ് കഴിഞ്ഞ വ്യാഴാഴ്ച കോടതി വധശിക്ഷ വിധിച്ചത്.
ഷാര്‍ജ വ്യവസായ മേഖല 10ലെ ഖാന്‍സാഹിബ് കെട്ടിടത്തില്‍ 2013 സെപ്റ്റംബര്‍ ആറിന് രാത്രി 12.15നാണ് അബൂബക്കര്‍ കൊലചെയ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷം ദിര്‍ഹം തട്ടിയെടുക്കാന്‍ കൊല നടത്തിയെന്നാണ് കേസ്. ഇതേ സ്ഥാപനത്തിലെ റെഡിമെയ്ഡ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു കൊല നടത്തിയ ബാസിത്ത്.
ബാസിത്തിന്റെ പിതാവ് അല്‍ മദീന ട്രേഡിങ് സെന്ററിന് സമീപത്തെ റസ്റ്റോറന്റിലാണ് ജോലി ചെയ്യുന്നത്. ഇയാളുടെ അപേക്ഷ പ്രകാരമാണ് അബൂബക്കര്‍ ബാസിത്തിന് ജോലി നല്‍കിയത്. ജോലിക്കായെത്തി ഒന്‍പത് മാസത്തിനുള്ളിലാണ് ബാസിത്ത് കൊലപാതകം നടത്തിയത്. അബൂബക്കറിന്റെ കൈവശമുണ്ടായിരുന്ന പണം തലയണ കവറിനുള്ളിലാക്കി ബാസിത്ത് തന്റെ മുറിയിലെ കട്ടിലിനടിയിലാണ് ഒളിപ്പിച്ചിരുന്നത്.
തെളിവെടുപ്പിനായി ബാസിത്തിനെ മുറിയില്‍ കൊണ്ടുവന്ന പൊലിസ് ഇതുകണ്ടെടുത്തിരുന്നു. കൊലനടന്ന ദിവസവും തലേന്നും ബാസിത് അവധിയിലായിരുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം വിസ റദ്ദാക്കി പോകുന്ന കാര്യവും ഇയാള്‍ കൂട്ടുകാരോട് സംസാരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."