പള്‍സ് പോളിയോ: 50,962 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി
മാനന്തവാടി: ദേശീയ പള്‍സ് പോളിയോ ദിനാചരണത്തിന്റ ഭാഗമായി ഇന്നലെ ജില്ലയില്‍ 50962 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി. പി.എച്ച്.സി, സി.എച്ച്.സി, ആശുപത്രികള്‍, അങ്കണവാടികള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായി പോളിയോ തുള്ളിമരുന്നുകള്‍ നല്‍കാനായി ജില്ലയിലാകെ 886 ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. അന്യസംസ്ഥാനക്കാരായ 151 കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്കി. 66, 932 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്.
ഇതില്‍ 76 ശതമാനം പേര്‍ക്കാണ് നല്‍കിയത്. ബാക്കിയുള്ള 15970 കുട്ടികള്‍ക്ക് പരിശീലനം ലഭിച്ച വളണ്ടിയര്‍മാര്‍ 30, 31 തിയതികളില്‍ നല്‍കും. പള്‍സ് പോളിയോ ഇമ്മ്യുണൈസേഷനുമായി ബന്ധപ്പെട്ട് ജില്ലയിലാകെ 2560 വോളണ്ടിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. ഇതില്‍ 1974 പേര് ബൂത്ത് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചു.
30, 31 തിയതികളില്‍ മുഴുവന്‍ വളണ്ടിയര്‍മാരും ജില്ലയിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശിച്ച് വിട്ട് പോയ കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ഇവര്‍ മൂന്ന് ദിവസവും ബൂത്തുകളിലും വീടുകളിലും സൂപ്പര്‍ വിഷന്‍ നടത്തും.
ജില്ലാ അതിര്‍ത്തിയിലും ബസ് സ്റ്റാന്‍ഡിലും തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ ട്രാന്‍സിറ്റ് ബുത്തുകള്‍ പ്രവര്‍ത്തിക്കും.
യാത്രയിലായിരിക്കുന്ന കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കാന് 15 മൊബൈല്‍ യൂനിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വനത്തിനുള്ളിലുള്ള കോളനികള്‍, വനാതിര്‍ത്തിയിലുള്ള ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കാന് വനം വകുപ്പ്, ട്രൈബല്‍ വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ പ്രത്യേക ടീം പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."