പെട്ടന്നങ്ങാടിയില്‍ ചായക്കടക്ക് തീപ്പിടുത്തം; ശാസ്ത്രീയ പരിശോധന നടത്തി
കൊണ്ടോട്ടി: ചെറുകാവ് പഞ്ചായത്തിലെ പെട്ടന്നങ്ങാടിയില്‍ ചായക്കട തീപിടിച്ച് നശിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന നടത്തി. തൃശൂരില്‍ നിന്നെത്തിയ സയന്റിഫിക് അസിസ്റ്റന്റ് വി അനി കടയില്‍ പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചു. സാംപിളുകള്‍ തൃശൂരിലെ റീജ്യണല്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
വ്യാഴാഴ്ച രാത്രിയിലാണ് പെട്ടന്നങ്ങാടിയിലെ തണ്ണിശ്ശേരി കൃഷ്ണന്റെ ചായക്കടക്ക് തീപിടിച്ചത്. ബൈക്കിലെത്തിയ സംഘം ഡീസലൊഴിച്ച് കടക്ക് തീയിട്ടതായാണ് സൂചന. പ്രദേശത്ത് റോന്ത്ചുറ്റുകയായിരുന്ന പൊലിസ് സംഘമാണ് തീപിടുത്തം കണ്ടത്. പോലിസിനെ കണ്ട സംഘം ഡീസല്‍ കാന്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തീയണക്കുന്നതിനിടെ പാചകവാതക സിലന്‍ഡര്‍ പൊട്ടിത്തെറിച്ചത് നാശനഷ്ടം ഇരട്ടിപ്പിച്ചു. 15 മീറ്റര്‍ ഉയരത്തില്‍ പ്ലാവിന്‍ തലപ്പത്ത് വരെ തകരഷീറ്റുകള്‍ പറന്നെത്തി. തെങ്ങ് കത്തുകയും ചെയ്തു. സ്‌ഫോടനസമയത്ത് ചുമരിന്റെ മറവിലായതിനാല്‍ തീയണക്കുകയായിരുന്ന പൊലിസ് സംഘം പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 14 മാസം മുമ്പ് മേഖലയില്‍ സി.പി.എം, ബി.ജെ.പി സംഘര്‍ഷത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചെറുകാവ് ലോക്കല്‍ കമ്മിറ്റി അംഗം പുതുക്കോട് പനോളില്‍ പി.പി മുരളീധരന്‍(44) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഇരു പാര്‍ട്ടികളും നടത്തിയ പ്രതിഷേധമാര്‍ച്ചും അക്രമാസക്തമായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കടകത്തിക്കലെന്ന് സംശയിക്കുന്നു. സ്ഥലത്ത് സര്‍വകക്ഷിയോഗം ചേര്‍ന്ന് സമാധാനം പുനസ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."