സംയോജിത മുട്ടഗ്രാമം പദ്ധതിയില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം
മാള: കുഴൂര്‍ ഗ്രാമ പഞ്ചായത്തില്‍ 2015 ജനുവരിയില്‍ തുടങ്ങിയ സംയോജിത മുട്ടഗ്രാമം പദ്ധതിയില്‍ വന്‍ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാകുന്നു. കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയെന്നു പറഞ്ഞ് നടപ്പാക്കിയ പദ്ധതിയില്‍ ഗുണഭോക്താക്കളായവര്‍ കടക്കെണിയിലായിരിക്കുകയാണ്.
പദ്ധതി തുടക്കം മുതല്‍ ദുരൂഹത നിറഞ്ഞതാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്, സി.ഡി.എസ് ചെയര്‍മാന്‍, പഞ്ചായത്തംഗംങ്ങള്‍ ഉള്‍പ്പെടെ മുന്നൂറോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ നിന്നു 10 പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു.
15000 രൂപ വായ്പയും 5000 രൂപ സബ്‌സിഡിയുമായാണ് പദ്ധതി നടപ്പാക്കിയത്. ഒരു കൂടും 25 മുട്ടക്കോഴികളുമായിരുന്നു ഓരോ ഗുണഭോക്താവിനും നല്‍കിയത്. വായ്പയില്‍ ബാക്കി സംഖ്യ ഇന്‍ഷുറന്‍സിനും കോഴിത്തീറ്റയ്ക്കും മരുന്നിനുമായാണു ചെലവഴിച്ചത്. ഓരോ ഗുണഭോക്താവും പ്രതിമാസം 575 രൂപ വീതം തിരിച്ചടവ് നടത്തണമെന്നായിരുന്നു ഫണ്ട് നല്‍കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ കുഴൂര്‍ ശാഖാ മാനേജര്‍ നിര്‍ദേശം നല്‍കിയത്. ഓരോ ദിവസവും 25 മുട്ടവീതം ലഭിക്കുമെന്നും പ്രയാസം കൂടാതെ തിരിച്ചടവ് നടത്താനാകുമെന്നുമാണ് പദ്ധതി നടപ്പാക്കിയവര്‍ നല്‍കിയ വാഗ്ദാനം.
ഇതുപ്രകാരം 250 വനിതകളാണ് പദ്ധതിയില്‍ അംഗങ്ങളായത്. ഇവര്‍ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ വീതം അടക്കുകയും ചെയ്തു. രജിസ്‌ട്രേഷന്‍ ഫീസായി 62500 രൂപ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ക്ക് നല്‍കിയതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്.
പിന്നീട് തങ്ങളുടെ ദുരിതകാലമായിരുന്നെന്നാണ് പദ്ധതിയിലെ ഗുണഭോക്താക്കളില്‍ നിന്നുള്ള പ്രതികരണം. ദിനംപ്രതി 25 മുട്ടകള്‍ ലഭിക്കുമെന്നു പറഞ്ഞിടത്ത് ലഭ്യമായത് ശരാശരി 16 മുട്ടകളും ചില കോഴികള്‍ മുട്ടയിടാത്ത അവസ്ഥമയുമുണ്ട്. ഇത്രയും മുട്ടകള്‍ ലഭിക്കണമെങ്കില്‍ ഏജന്‍സി നല്‍കുന്ന കോഴിത്തീറ്റ സ്ഥിരമായി നല്‍കണം. തീറ്റയ്ക്ക് 50 കിലോഗ്രാം പായ്ക്കിന് 525 രൂപയാണ്.
12 മുതല്‍ 14 ദിവസം വരെയാണ് ഒരു ചാക്ക് തീറ്റ നല്‍കാനാവുക. വാഴയില, വാഴ കുടപ്പന്‍, ചെറുകായ, പുല്ല് തുടങ്ങിയവ അരിഞ്ഞിട്ട് നല്‍കിയാല്‍ കോഴികള്‍ തിന്നുമെങ്കിലും മുട്ടയുല്‍പ്പാദനം കുറയും. അത്തരത്തില്‍ 1500 രൂപ വരെ ഒരു മാസം തീറ്റക്കായി ചെലവഴിക്കണം. മരുന്നിനും വിരമരുന്നിനുമായി വേറെയും പണം ചെലവഴിക്കണം. വരവും ചെലവും ഒരു തരത്തിലും ഒത്തു പോകാതെ വന്നപ്പോള്‍ ഓരോരുത്തരായി കോഴികളെ വിറ്റൊഴിവാക്കുകയായിരുന്നു.
ഉല്‍പ്പാദിപ്പിക്കുന്ന മുട്ടകള്‍ ഏജന്‍സി തന്നെ എടുത്തു പണം നല്‍കാമെന്ന് പറഞ്ഞത് ആദ്യഘട്ടത്തില്‍ പാലിച്ചെങ്കിലും പിന്നീട് നടന്നില്ല. മുട്ടകള്‍ കേടാകുന്നു എന്ന ന്യായീകരണം പറഞ്ഞാണ് ഏജന്‍സി ഏറ്റെടുക്കാതായത്. കോഴിയും കൂടും ബാധ്യതയായതോടെ ഭൂരിഭാഗം പേരും കോഴികളെ വിറ്റൊഴിക്കുകയായിരുന്നു. ചിലര്‍ കൂടുകളില്‍ മുയലുകളെയും മറ്റും വളര്‍ത്തുകയാണ്. ഇതേത്തുടര്‍ന്നു കടബാധ്യത മാത്രമാണ് ഗുണഭോക്താക്കള്‍കക്ക് മിച്ചമുള്ളത്. വിവിധ ഗ്രൂപ്പുകള്‍ ഇതിനകം 18 ലക്ഷം രൂപ തിരിച്ചടവ് നടത്തിയിട്ടുണ്ട്. ഇനിയും 22 ലക്ഷം രൂപ കൂടി അടച്ചു തീര്‍ക്കണം.
കൃത്യമായി തിരിച്ചടവ് നടത്തിയാല്‍ സബ്‌സിഡി നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ഏത് സര്‍ക്കാര്‍ ഏജന്‍സി വഴിയാണ് പദ്ധതി നടപ്പാക്കിയതെന്നും ഇതില്‍ പഞ്ചായത്തിന്റെയും സി.ഡി.എസിന്റെയും പങ്ക് എന്തെന്നും ആര്‍ക്കും അറിയില്ല. ഇപ്പോള്‍ എറണാകുളം ജില്ലയിലെ അയിരൂരുള്ള ഏജന്‍സിയുടെ ടെലഫോണ്‍ നമ്പറിലേക്കു വിളിച്ചാല്‍ എടുക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. വന്‍ അഴിമതിയും ക്രമക്കേടുമാണ് ഇതില്‍ നടന്നിട്ടുള്ളതെന്ന് വ്യാപകമായി ആരോപണം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."