ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്: ഘാന- കാമറൂണ്‍ നേര്‍ക്കുനേര്‍
ലിബ്രെവില്ലെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് പോരാട്ടത്തില്‍ കരുത്തരായ ഘാന, ഈജിപ്ത് ടീമുകള്‍ സെമിയിലേക്ക് മുന്നേറി. നേരത്തെ ബുര്‍കിന ഫസോ, കാമറൂണ്‍ ടീമുകളും സെമി ബര്‍ത്ത് ഉറപ്പിച്ചിരുന്നു. ആദ്യ സെമിയില്‍ ബുര്‍കിന ഫസോ- ഈജിപ്തിനേയും രണ്ടാം സെമിയില്‍ കാമറൂണ്‍- ഘാനയേയും നേരിടും.
ക്വാര്‍ട്ടറിലെ നാടകീയ പോരാട്ടം അതിജീവിച്ചാണ് ഘാനയും ഈജിപ്തും അവസാന നാലില്‍ ഇടംപിടിച്ചത്. ഘാന 2-1നു കോംഗോയേയും ഈജിപ്ത് 1-0ത്തിനു മൊറോക്കോയേയും പരാജയപ്പെടുത്തി.
കളിയുടെ അവസാന നിമിഷം വരെ ഗോളൊന്നും നേടാതെ മുന്നോട്ടു പോയ മത്സരത്തിലാണ് ഈജിപ്തിന്റെ വിജയം. മത്സരം അധിക സമയത്തേക്ക് നീളുമെന്നു പ്രതീതി ഉണര്‍ത്തിയെങ്കിലും 87ാം മിനുട്ടില്‍ മഹമുദ് ഖ്രാബ ഒരു വോളിയിലൂടെ വല ചലിപ്പിച്ച് ഈജിപ്തിനു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈജിപ്തിന്റെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സെമി പ്രവേശം. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ ടീമാണ് ഈജിപ്ത്. ഏഴു തവണയാണ് അവര്‍ കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലെ അത്ഭുത ടീമായ ബുര്‍കിന ഫസോയാണ് സെമിയില്‍ ഈജിപ്തിന്റെ എതിരാളികള്‍.
മൊറോക്കോ പുറത്തായതോടെ അവരുടെ പരിശീലകന്‍ ഹെര്‍വെ റെനാര്‍ഡിനു ഒരപൂര്‍വ റെക്കോര്‍ഡും നഷ്ടമായി. മൂന്നു വ്യത്യസ്ത ടീമുകള്‍ക്കൊപ്പം ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സ്വന്തമാക്കുന്ന പരിശീലകനെന്ന പെരുമയാണ് അദ്ദേഹത്തിനു നഷ്ടപ്പെട്ടത്. നേരത്തെ 2012ല്‍ സാംബിയയെ ചാംപ്യന്‍മാരാക്കിയ റെനാര്‍ഡ് 2015ല്‍ ഐവറി കോസ്റ്റിനേയും കിരീട ജേതാക്കളാക്കിയിരുന്നു.
നാലു വട്ടം ചാംപ്യന്‍മാരായ ഘാനയും നാടകീയ പോരാട്ടം അതിജീവിച്ചാണ് അവസാന നാലിലേക്ക് കടന്നത്. കോംഗോയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച ഘാന 2-1നാണ് വിജയം സ്വന്തമാക്കിയത്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് കളി മാറിയത്.
63ാം മിനുട്ടില്‍ ജോര്‍ദാന്‍ അയേ ഘാനയെ മുന്നില്‍ കടത്തിയപ്പോള്‍ തൊട്ടുപിന്നാലെ തന്നെ കോംഗോ മറുപടി ഗോള്‍ നേടി ഒപ്പമെത്തി. സ്റ്റെഡ് ഓയേമാണ് കോംഗോയെ ഒപ്പമെത്തിച്ചത്. എന്നാല്‍ 78ാം മിനുട്ടില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആസ്റ്റണ്‍ വില്ലയുടെ താരം ആന്ദ്രെ അയേ ഘാനയ്ക്ക് വിജയം സമ്മാനിച്ച ഗോളിനുടമയായി.
കഴിഞ്ഞ തവണ ഫൈനലിലെത്തിയ ടീമാണു ഘാന. അന്ന് ഐവറി കോസ്റ്റിനോടു തോറ്റ് അവര്‍ രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. ഒന്‍പതു തവണ ഫൈനലിലെത്തിയപ്പോള്‍ അഞ്ചു തവണയും അവര്‍ കലാശപ്പോരാട്ടത്തില്‍ തോല്‍വി വഴങ്ങി. നാലു തവണ കിരീടം സ്വന്തമാക്കി. ഈജിപ്ത് കഴിഞ്ഞാല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ രാജ്യങ്ങളാണ് ഘാനയും കാമറൂണും. ഘാനയെപ്പോലെ കാമറൂണും നാലു വട്ടം ചാംപ്യന്‍മാരായി. ഇരു ടീമുകളും സെമിയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഒരു ടീമിനു അഞ്ചാം കിരീടം സ്വപ്നം കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."